ലോക ബഹിരാകാശ വാരത്തിന്‌ നാളെ തുടക്കം; വിവിധ പരിപാടികളുമായി ഇസ്രൊ കേന്ദ്രങ്ങൾ

By Web TeamFirst Published Oct 3, 2021, 1:05 PM IST
Highlights

നാലാം തീയതി രാവിലെ 10ന്‌ വിക്രം സാരാഭായ്‌ സ്പേസ്‌ സെന്ററില്‍ വച്ചുനടക്കുന്ന ചടങ്ങ്‌ ചീഫ്‌ സെക്രട്ടറി ഡോ വി പി ജോയ്‌ ഉദ്ഘാടനം ചെയ്യും. വിഎസ്‌എസ്‌സി ഡയറക്ടര്‍ എസ്‌ സോമനാഥ്‌ അധ്യക്ഷ പ്രസംഗം നടത്തും.

തിരുവനന്തപുരം: ലോക ബഹിരാകാശ വാരത്തിന്‌ (World Space Week) നാളെ തുടക്കമാകും. ഒക്ടോബർ നാല് മുതൽ പതിനൊന്ന് വരെയാണ് അന്താരാഷ്ട്ര തലത്തിൽ ബഹിരാകാശ വാരാഘോഷം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത്‌ ഒരാഴ്ച നീളുന്ന ലോക ബഹിരാകാശ ആഘോഷത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌ വിക്രം സാരാഭായ്‌ സ്പേസ്‌ സെന്ററും(VSSC), ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സിസ്പം സെന്ററും (LPSC), ഐ.എസ്‌.ആര്‍.ഓ. ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റും (IISU) ചേര്‍ന്നാണ്‌. 

നാലാം തീയതി രാവിലെ 10ന്‌ വിക്രം സാരാഭായ്‌ സ്പേസ്‌ സെന്ററില്‍ വച്ചുനടക്കുന്ന ചടങ്ങ്‌ ചീഫ്‌ സെക്രട്ടറി ഡോ വി പി ജോയ്‌ ഉദ്ഘാടനം ചെയ്യും. വിഎസ്‌എസ്‌സി ഡയറക്ടര്‍ എസ്‌ സോമനാഥ്‌ അധ്യക്ഷ പ്രസംഗം നടത്തും. ഡോ. എസ്‌ ഗീത സ്വാഗത പ്രസംഗം നടത്തുന്ന ചടങ്ങില്‍ എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ വി നാരായണന്‍, ഐഐഎസ്‌യു ഡയറക്ടര്‍ ഡോ ഡി സാം ദയാല ദേവ്‌, വിഎസ്‌എസ്‌സി കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ്‌ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

ബഹിരാകാശത്തിലെ സ്ത്രീ സാന്നിദ്ധ്യമാണ് ഇത്തവണത്തെ പ്രതിപാദ്യ വിഷയം. ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ ഫെഡറേഷന്റെ പ്രസിഡന്റും ഇന്റര്‍നാഷണല്‍ സ്പേസ്‌ യൂണിവേഴ്സിറ്റി പ്രസിഡന്റുമായ പ്രൊഫ പാസ്പലേ ഏറേന്‍ഫ്രണ്ട്‌ (Pascale Ehrenfreund) സന്ദേശം നല്‍കും. 

ചിത്രരചന, ക്വിസ്‌, പ്രസംഗമത്സരം, ആസ്ട്രോ ഫോട്ടോഗ്രഫി, സ്പേസ്‌ ഹാബിറ്റാറ്റ്‌ എന്നു തുടങ്ങീ സ്കൂള്‍-കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി
ഒരുപാട് മത്സരങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ബഹിരാകാശ ശാസ്ത്രത്തെ വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ സ്യൂളുകളെ കേന്ദ്രീകരിച്ച്‌ സ്റ്റുഡൻ്റ് ഔട്ട്റീച്ച്‌ പ്രോഗ്രാമും പൊതുജനങ്ങളെ ലക്ഷമാക്കി വെര്‍ച്വല്‍ ഓപ്പണ്‍ ഹൌസും ക്രമീകരിച്ചിട്ടുണ്ട്‌. വിഎസ്‌എസ്‌സിയുടെ യൂ ട്യൂബ്‌
ചാനലില്‍ പരിപാടി തത്സമയം സംപ്രേഷണം ചെയും.

click me!