
ഭൂമിയിൽനിന്ന് 1,600 പ്രകാശവർഷം അകലെയുള്ള പ്രവർത്തനം നിലച്ച ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തിന് (White Dwarf) ചുറ്റും രണ്ട് ഗ്രഹങ്ങളുടെ അവശിഷ്‍ടങ്ങൾ കണ്ടെത്തി. നക്ഷത്രത്തിന്റെ മരണം അതിജീവിച്ച ഈ ഗ്രഹാവശിഷ്‍ടങ്ങൾ നമ്മുടെ സൗരയൂഥത്തിന്റെ ഭാവിയെക്കുറിച്ചും നിർണായക സൂചനകൾ നൽകുന്നതായി ഗവേഷകർ പറയുന്നു. ഇറ്റലിയിലെ ട്രിയസ്റ്റെ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ നിക്കോള ജെന്റിലെ ഫുസില്ലോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ എന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. സൂര്യന്റെ ആയുസ് അവസാനിക്കുമ്പോൾ ഭൂമിക്കും മറ്റ് ഗ്രഹങ്ങൾക്കും എന്ത് സംഭവിക്കുമെന്നതിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്. ഈ ഗവേഷണഫലം 'നേച്ചർ അസ്ട്രോണമി' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.
ജെ 1328−1450 എന്നറിയപ്പെടുന്ന വെള്ളക്കുള്ളൻ നക്ഷത്രത്തിന് ചുറ്റുമാണ് വിചിത്രമായ ഗ്രഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. നക്ഷത്രത്തിന് ചുറ്റുമുള്ള പൊടിയുടെയും അവശിഷ്ടങ്ങളുടെയും വലയത്തിൽ വ്യക്തമായ വിടവ് കണ്ടെത്തിയതോടെയാണ് രണ്ട് ഗ്രഹങ്ങളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇവയിൽ ഒരു ഗ്രഹാവശിഷ്ടത്തിന് നമ്മുടെ സൗരയൂഥത്തിലെ ഒരു സാധാരണ ഛിന്നഗ്രഹത്തിന്റെ വലുപ്പം മാത്രമാണെന്നാണ് കണക്കാക്കുന്നത്. മറ്റൊന്നിന് ചന്ദ്രനും കുള്ളൻ ഗ്രഹമായ പ്ലൂട്ടോയ്ക്കും ഇടയിലുള്ള വലുപ്പമുണ്ടാകാമെന്നും ഗവേഷകർ വിലയിരുത്തുന്നു. നക്ഷത്രത്തിന്റെ മരണത്തിന് ശേഷവും ഗ്രഹാവശിഷ്ടങ്ങൾ നിലനിൽക്കുന്നതാണ് ഈ കണ്ടെത്തലിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള ഗ്രഹങ്ങളെ വിശേഷിപ്പിക്കാൻ 'സോംബി ഗ്രഹങ്ങൾ' എന്ന പ്രയോഗമാണ് ഉപയോഗിക്കുന്നത്.
സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളുടെ കേന്ദ്രത്തിലെ ഹൈഡ്രജൻ ഇന്ധനം തീരുന്നതോടെയാണ് അവയുടെ ജീവിതചക്രത്തിലെ അവസാനഘട്ടം ആരംഭിക്കുന്നത്. ഹൈഡ്രജനെ ഹീലിയമാക്കി മാറ്റുന്ന അണുസംയോജന പ്രക്രിയ നിലയ്ക്കുന്നതോടെ നക്ഷത്രത്തിന്റെ ഉള്ളിലേക്ക് ഗുരുത്വാകർഷണം ചെലുത്തുന്ന സമ്മർദം വർധിക്കുന്നു. തുടർന്ന് നക്ഷത്രത്തിന്റെ കേന്ദ്രഭാഗം ചുരുങ്ങുകയും പുറംപാളികൾ വികസിക്കുകയും ചെയ്യും. ഈ ഘട്ടത്തെയാണ് റെഡ് ജയന്‍റ് അഥവാ ചുവന്ന ഭീമൻഅവസ്ഥ എന്ന് വിളിക്കുന്നത്. ഈ സമയത്ത് നക്ഷത്രത്തിന്റെ വലുപ്പം നൂറുകണക്കിന് മടങ്ങ് വർധിക്കാം. ഏകദേശം അഞ്ച് ബില്യൺ വർഷങ്ങൾക്ക് ശേഷം സൂര്യനും ഈ അവസ്ഥയിലെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. അന്ന് സൂര്യൻ വികസിച്ച് ഭൂമിയുൾപ്പെടെയുള്ള ആന്തരിക ഗ്രഹങ്ങളെ വിഴുങ്ങിയേക്കാം.
ചുവന്ന ഭീമൻ ഘട്ടം അവസാനിക്കുമ്പോൾ നക്ഷത്രത്തിന്റെ പുറംപാളികൾ ബഹിരാകാശത്തേക്ക് വ്യാപിക്കുകയും കേന്ദ്രഭാഗം വെള്ളക്കുള്ളൻ നക്ഷത്രമായി മാറുകയും ചെയ്യും. ഈ പ്രക്രിയയിൽ നശിച്ചുപോകുന്ന ഗ്രഹങ്ങളുടെ അവശിഷ്ടങ്ങളും നക്ഷത്രത്തിന് ചുറ്റും പൊടിയുടെയും പാറക്കഷണങ്ങളുടെയും രൂപത്തിൽ അവശേഷിക്കാം. എന്നാൽ എല്ലാ ഗ്രഹങ്ങളും പൂർണമായി നശിക്കണമെന്നില്ലെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. ഇരട്ട അവശിഷ്ട വലയങ്ങളും അതിജീവിച്ചിരിക്കാവുന്ന രണ്ട് ഗ്രഹശകലങ്ങളും ഒരുമിച്ച് കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകനായ നിക്കോള ജെന്റിലെ ഫുസില്ലോ വ്യക്തമാക്കി.
യൂറോപ്യൻ ദക്ഷിണ നിരീക്ഷണകേന്ദ്രത്തിന്റെ അതിവലിയ ദൂരദർശിനി ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് വെള്ളക്കുള്ളൻ നക്ഷത്രത്തിന് ചുറ്റുമുള്ള അവശിഷ്‍ടങ്ങളിൽ കാൽസ്യം, ഓക്സിജൻ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങൾ കണ്ടെത്തിയത്. ഇത് നശിച്ചുപോയ ഗ്രഹങ്ങൾക്ക് നമ്മുടെ സൗരയൂഥത്തിലെ ആന്തരിക പാറഗ്രഹങ്ങളുടേതിന് സമാനമായ ഘടനയുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. കൂടാതെ അകത്തെയും പുറത്തെയും അവശിഷ്‍ട വലയങ്ങളിലെ രാസഘടന വ്യത്യസ്‍തമാണെന്നും ഗവേഷകർ കണ്ടെത്തി. കുറഞ്ഞത് രണ്ട് ഗ്രഹങ്ങൾ വ്യത്യസ്‍ത ഘടനയുള്ളവയായിരുന്നുവെന്ന സൂചനയാണിത്.
വെള്ളക്കുള്ളൻ നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള അവശിഷ്ടങ്ങൾ സാധാരണയായി ഒരൊറ്റ പരന്ന വലയമായാണ് കാണപ്പെടാറുള്ളത്. എന്നാൽ ജെ 1328−1450ന് ചുറ്റും വ്യക്തമായ വിടവോടെ രണ്ട് വലയങ്ങൾ കണ്ടെത്തിയത് ഈ സംവിധാനത്തെ വ്യത്യസ്തമാക്കുന്നു. നക്ഷത്രങ്ങളുടെ മരണം ഗ്രഹവ്യവസ്ഥകളെ എത്രത്തോളം സങ്കീർണമാക്കുമെന്ന് മനസിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. നമ്മുടെ സൗരയൂഥത്തിനും ഭാവിയിൽ സമാനമായ അവസ്ഥയുണ്ടാകാമെന്ന സൂചനയും ഇതിലുണ്ട്.