'ദ ബ്രോക്കണ്‍ ക്യാമറ' അന്താരാഷ്‍ട്ര ഹ്രസ്വചിത്ര മത്സരത്തില്‍, ഗോപാല്‍ മേനോന്റെ ഡോക്യുമെന്ററി കാണാം

By Web TeamFirst Published Oct 12, 2020, 5:14 PM IST
Highlights

ഗോപാല്‍ മേനോൻ സംവിധാനം ചെയ്‍ത 'ദ ബ്രോക്കണ്‍ ക്യാമറ' എന്ന ഡോക്യുമെന്ററി.

പ്രമുഖ മലയാളി ഡോക്യുമെന്ററി സംവിധായകൻ ഗോപാല്‍ മേനോന്റെ 'ദ ബ്രോക്കണ്‍ ക്യാമറ' അന്താരാഷ്‍ട്ര ഹ്രസ്വ ചലച്ചിത്ര മത്സരമായ മൈ റോഡ് റീലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പെല്ലറ്റാക്രമണത്തിൽ ഭാ​ഗികമായി കാഴ്‍ച നഷ്‍ടപ്പെട്ട കശ്‍മീരി ഫോട്ടോ​ഗ്രാഫർ സുഹൈബ് മഖ്ബൂൽ ഹംസയുടെ (Xuhaib Maqbool Hamza) കഥയാണ് ദ ബ്രോക്കൺ കാമറ പറയുന്നത്.  മൂന്ന് മിനിട്ടാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.  ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന  സുഹൈബ് മഖ്ബൂൽ ഹംസയുടെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കശ്‍മീരില്‍ പോയി തന്നെയാണ് ഗോപാല്‍ മേനോൻ ഡോക്യുമെന്ററി ചിത്രീകരിച്ചത്. ക്യാമറക്കാരനായ കഥാനായകനെ ക്യാമറിയിലൂടെ തന്നെ വരച്ചിടിനാണ് ഗോപാല്‍ മേനോൻ ശ്രമിച്ചിരിക്കുന്നത്.

ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററിയായിട്ടാണ്  'ദ ബ്രോക്കണ്‍ ക്യാമറ' ചിത്രീകരിച്ചത്. എന്നാല്‍ ലോകത്തിലെ തന്നെ മികച്ച ഡോക്യുമെന്ററി മത്സരമായ റോഡ് റീലിനു വേണ്ടിയാണ് ദൈര്‍ഘ്യം കുറച്ചത്. കശ്‍മീര്‍ പെല്ലറ്റാക്രമണത്തില്‍ കാഴ്‍ച നഷ്‍ടപ്പെട്ട ക്യാമറമാന്റെ തിരിച്ചുവരാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ച കാലത്ത് നിന്നാണ് സുഹൈബ് മഖ്ബൂൽ ഹംസ തിരിച്ചുവരുന്നത്. സുഹൈബ് മഖ്ബൂൽ ഹംസയുടെ കാമുകിയുടെ സ്‍നേഹപൂര്‍ണമായ പിന്തുണയാണ് ജീവിതം തിരിച്ചുപിടിക്കാൻ സുഹൈബ് മഖ്ബൂൽ ഹംസയെ സഹായിച്ചത്. ഫോട്ടോ ജേര്‍ണലിസ്റ്റായി പേരുകേട്ട സുഹൈബ് മഖ്ബൂൽ ഹംസ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ മൈക്രോഫോൺ നിർമ്മാണ കമ്പനിയായ റോഡ് ആണ് മൈ റോഡ് റീല്‍ എന്ന അന്താരാഷ്‍ട്ര ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിഷ്വൽ എഡിറ്റിംഗ് സോഫ്റ്റ്വെയർ കമ്പനിയായ അഡോബി, അലക്സാ ക്യാമറകൾ നിർമ്മിക്കുന്ന അരായ്, പാനസോണിക് ലൂമിക്സ് തുടങ്ങി നിരവധി കമ്പനികളുടെ സഹകരണത്തോടെയാണ് മത്സരം.

പാപ്പ 2, നാഗാസ്റ്റോറി: ദി അദർ സൈഡ് ഓഫ് ദി സൈലൻസ് തുടങ്ങി ഒട്ടേറെ പ്രമുഖ ഡോക്യുമെന്ററികള്‍ ചെയ്‍ത സംവിധായകനാണ് ഗോപാല്‍ മേനോൻ.

click me!