പുള്ളാഞ്ചി: ആദിവാസി ജീവിതത്തിന്റെ നേർക്കാഴ്ചയായി ഒരു ഹ്രസ്വചിത്രം

By Web TeamFirst Published Dec 12, 2019, 9:02 AM IST
Highlights

കാസർകോ‍ഡ്-ബദിയഡ്ക കൊറ​ഗ കോളനിയിലെ ആദിവാസി സമൂഹത്തിന്റെ അതിജീവന കാഴ്ചകളാണ് പുള്ളാഞ്ചി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. കൊട്ട മെടഞ്ഞ് ജീവിക്കുന്ന ജനവിഭാ​ഗമാണിവർ.

വികസനത്തിന്റെ നാ​ഗരിക ഭാവത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ചിലരുണ്ട് നമുക്ക് ചുറ്റും. ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാത്തവർ. പുതിയ ഉത്പന്നങ്ങൾ വിപണി കീഴടക്കി മുന്നേറുമ്പോൾ കുലത്തൊഴിൽ കുറ്റിയറ്റ് പോകുന്നത് നിസ്സം​ഗതയോടെ നോക്കി നിൽക്കുന്നവർ. മാളുകളും ഫ്ലാറ്റുകളും പണിതുയർത്തുന്നവർ ഒരു നേരത്തെ ആഹാരം തേടിയുള്ള ഇവരുടെ അലച്ചിലിനെ കാണാതെ പോകുന്നുണ്ട്. പുള്ളാഞ്ചി എന്ന ഹ്രസ്വകഥാ ചിത്രം പറഞ്ഞു വെക്കുന്നത് ഇത്തരക്കാരുടെ കഥയാണ്.

കാസർകോ‍ഡ്-ബദിയഡ്ക കൊറ​ഗ കോളനിയിലെ ആദിവാസി സമൂഹത്തിന്റെ അതിജീവന കാഴ്ചകളാണ് പുള്ളാഞ്ചി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. കൊട്ട മെടഞ്ഞ് ജീവിക്കുന്ന ജനവിഭാ​ഗമാണിവർ. പുള്ളാഞ്ചി വെറുമൊരു വള്ളിയല്ലെന്നും കുറെ പാവം മനുഷ്യർ ജീവിതം മെടഞ്ഞെടുക്കുന് വള്ളിയാണിതെന്നും ചിത്രം പറയുന്നു. ഗിരീഷ് മക്രേരി രചനയും സംവിധാനവും നിർവ്വഹിച്ച് റിഥം ക്രിയേഷൻസിന്റെ ബാനറിൽ വിനോദ് കോയിപ്പറമ്പത്ത് ആണ് പുള്ളാഞ്ചി നിർമ്മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രജി വേങ്ങാട് ആണ്. 

കണ്ണൂർ സ്വദേശിനിയും മാധ്യമപ്രവർത്തകയുമായ അശ്വതി താരയാണ് 16.8 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ബാലതാരമായ മാസ്റ്റർ വിജയ് പുള്ളാഞ്ചിയിലെ മറ്റൊരു കഥാപാത്രമായി എത്തുന്നു. രണ്ടാമത് സത്യജിത്ത് റായ് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥാചിത്രത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കിയത് ഈ ഹ്രസ്വചിത്രമായിരുന്നു. ഇതിനകം എൺപതോളം അവാർഡുകളാണ് ഈ കൊച്ചുസിനിമ നേടിയത്.
 

click me!