മാലാഖയെ പോലൊരാൾ നമുക്കായ് കാത്തിരിക്കും; ശ്രദ്ധേനേടി ജേക്കബ് ബ്രദേഴ്സിന്റെ ഹ്രസ്വചിത്രം

By Web TeamFirst Published Jan 28, 2022, 4:14 PM IST
Highlights

ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഒരുക്കിയവരാണ് ജേക്കബ് ബ്രദേഴ്സ്. എല്ലാ ഷോർട് ഫിലിമുകളിലും ഈ സഹോദരങ്ങൾ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. 

ജേക്കബ് ബ്രദേഴ്സിന്റെ(Jacob Brothers) 'വിസ്കി'(Whiskey) എന്ന പുതിയ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജേക്കബ് ബ്രദേഴ്സിലെ ജിനു എസ് ജേക്കബ് സംവിധാനം നിർവഹിച്ച അനിമേഷൻ ഷോർട് ഫിലിം ആണ് വിസ്കി. 7 മിനിറ്റ് ദൈർഘ്യം വരുന്ന ഷോർട് ഫിലിമിന്റെ എഡിറ്റിംഗ്, ഡബ്ബിങ്, അനിമേഷൻ തുടങ്ങിയവ നിർവ്വഹിച്ചിരിക്കുന്നതും ജിനു തന്നെയാണ്.

പൂർണമായും കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച് സീറോ ബഡ്ജറ്റിൽ നിർമിച്ച ചിത്രമാണ് വിസ്കി. ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോൾ സ്വർഗത്തിലേക്ക് മനുഷ്യരെ കൂട്ടികൊണ്ട് പോകുന്ന ഒരു മാലാഖയാണ് വിസ്കി. കഥയിൽ ഈ കഥാപാത്രത്തെ നായ്ക്കുട്ടി ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമുക്ക് മുന്നേ പോയ പ്രിയപ്പെട്ട ഒരാൾ, നമുക്കായി ഒരു മാലാഖയെ പോലെ ഒരിടത്ത് കാത്തിരിക്കുന്നുണ്ടാവുമെന്ന് ഹ്രസ്വചിത്രം പറഞ്ഞുവയ്ക്കുന്നു. 

ഈ ഷോർട് ഫിലിം ചെയ്ത ജിനുവിന്റെ വേൾഡ് എൻഡ് എന്ന അനിമേഷൻ ഷോർട്ട് ഫിലിമും നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. പതിമൂന്ന് മിനിറ്റും മുപ്പത് സെക്കന്‍ഡുമായിരുന്നു ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

ഷോർട് ഫിലിമിനോടുള്ള ആഗ്രഹം കാരണം ഇതുവരെ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഒരുക്കിയവരാണ് ജേക്കബ് ബ്രദേഴ്സ്. എല്ലാ ഷോർട് ഫിലിമുകളിലും ഈ സഹോദരങ്ങൾ തന്നെയാണ് സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്. സകൂടുംബം എന്ന പേരിൽ ഒരു സിരീസും ഇവർ പുറത്തിറക്കിയിരുന്നു. 

ജേക്കബ് ബ്രദേഴ്സിൽ ഷാനു എസ് ജേക്കബ് ഒരുക്കിയ ഷോർട് ഫിലിം ആയിരുന്നു തഹാറൂഷ്  ജമായ്‌. സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി ഒരുക്കിയ ഷോർട് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് ഫോർ എക്സലൻസ് ലഭിച്ചു. കൂടാതെ മീഡിയ സിറ്റി ഷോർട് ഫിലിം ഫെസ്റ്റിവലിലും അവാർഡും ഈ സഹോദരങ്ങൾ കരസ്ഥമാക്കി. 

click me!