ഇടിമിന്നലിന്റെ ഇടപെടലിൽ പാതിവഴി നിന്നുപോയ ഒരു തെരഞ്ഞെടുപ്പ്

By Babu RamachandranFirst Published Mar 18, 2019, 5:23 PM IST
Highlights

1991-ൽ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഇടതുപക്ഷത്തിന് അനുകൂലമായ ആ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ ഉറപ്പിച്ചുകൊണ്ട്, കാലാവധി തികയ്ക്കാൻ പിന്നെയും ഏകദേശം ഒരുകൊല്ലം ബാക്കിയുണ്ടായിരുന്നിട്ടും,  നായനാർ  മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു.  

കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ് 1991  മെയ് 15. അത് ചക്രവാളത്തിൽ വേനൽ മഴക്കോളുനിറഞ്ഞ ഒരു ഇരുൾവീണ പകലായിരുന്നു.  1987-ൽ സ്ഥാനമേറ്റ   ഇ കെ നായനാർ മന്ത്രിസഭ ഭരണത്തിലിരിക്കുന്ന കാലമാണ്. രണ്ടാം വട്ടമായിരുന്നു നായനാർ കേരളാ മുഖ്യമന്ത്രിപദത്തിൽ ഇരിക്കുന്നത്. 1990 അവസാനത്തോടെ നടന്ന ജില്ലാ കൗൺസിൽ (ഇന്നത്തെ ജില്ലാപഞ്ചായത്ത്) തെരഞ്ഞെടുപ്പിൽ, മലപ്പുറം ഒഴികെയുള്ള എല്ലാ കൗൺസിലുകളിലും എൽഡിഎഫ് ജയിച്ചുകേറിയപ്പോൾ നായനാർക്ക് ആകെ ആവേശമായി. 1991-ൽ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഇടതുപക്ഷത്തിന് അനുകൂലമായ ആ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ ഉറപ്പിച്ചുകൊണ്ട്, കാലാവധി തികയ്ക്കാൻ പിന്നെയും ഏകദേശം ഒരുകൊല്ലം ബാക്കിയുണ്ടായിരുന്നിട്ടും,  നായനാർ  മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു.  അങ്ങനെ നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളുടെ പ്രചാരണങ്ങൾ ഒരുമിച്ചു നടന്നു അപ്രാവശ്യം.

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചത് ബാബു ചാഴികാടനെയായിരുന്നു. കടുത്തുരുത്തി ദേവമാതാ കോളേജിൽ നിന്നും കേരളാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സിയിലൂടെയും, തുടർന്ന് യൂത്ത് ഫ്രണ്ടിലൂടെയും പടിപടിയായി രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ഒരു ജനകീയ നേതാവായിരുന്നു ബാബു ചാഴികാടൻ. രണ്ടു പ്രസ്ഥാനങ്ങളുടെയും കേരളസംസ്ഥാന പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചു അദ്ദേഹം. തുടർന്ന് കേരളാ കോൺഗ്രസ്സിലെ അനിഷേധ്യ സാന്നിധ്യമായി മാറിയ അദ്ദേഹം അർഹിച്ചിരുന്ന സീറ്റുതന്നെയായിരുന്നു അക്കൊല്ലം ഏറ്റുമാനൂരിൽ അദ്ദേഹത്തിനെ പാർട്ടി ഏൽപ്പിച്ചത്.  ആ ചുമതല സസന്തോഷം ഏറ്റെടുത്ത ബാബു ചാഴികാടൻ അടുത്ത ദിവസം തൊട്ടുതന്നെ പ്രചാരണ രംഗത്ത് സജീവമായി. വൈക്കം വിശ്വനായിരുന്നു എൽഡിഎഫിന്റെ ഏറ്റുമാനൂർ സ്ഥാനാർഥി.   

അതിനിടെയാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തല ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് തന്റെ പ്രചാരണവുമായി കടന്നുവരുന്നത്. സ്വാഭാവികമായും രമേശ് ചെന്നിത്തലയെപ്പോലെ സമകാലീന രാഷ്ട്രീയത്തിലെ ഒരു 'സ്റ്റാർ കാൻഡിഡേറ്റ്' മണ്ഡലത്തിൽ   പ്രചാരണത്തിന് എത്തുമ്പോൾ പിന്നെ അവർ രണ്ടുപേരും ഒന്നിച്ചായി ആ ദിവസത്തെ ബാക്കിയുള്ള പ്രചാരണം.  

പ്രചാരണ സംഘം, ഉച്ചയൂണിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് കവാടത്തിനു സമീപമുള്ള പാലം ക്ഷേത്ര ജംഗ്ഷനിലെ സ്വീകരണങ്ങൾക്കു  ശേഷം മാന്നാനത്തേക്കുള്ള മാർഗമദ്ധ്യേആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി  പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. പൊതുജനങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്,  ഇരു സ്ഥാനാർത്ഥികളും  തുറന്നൊരു ജീപ്പിൽ പൊയ്ക്കൊണ്ടിരിക്കെ, ഓർക്കാപ്പുറത്തായിരുന്നു നാടിനെ നടുക്കിയ ആ അശനിപാതം. തുറസ്സായ ഒരു പ്രദേശമായിരുന്നു അത്. റോഡിന്റെ ഇരുവശത്തും പച്ചപുതച്ചുനിൽക്കുന്ന നെൽപ്പാടങ്ങൾ. ആകെ ഒഴിഞ്ഞ, ഒരു സമതലഭൂമി.  പ്രചാരണ വാഹനം ആ നിരത്തിലൂടെ കടന്നു പോകവേ, പെട്ടെന്ന് അതിശക്തമായ ഒരു ഇടിമിന്നൽ ആകാശത്തെ പകുത്തുകൊണ്ട് ഭൂമിയിലേക്കിറങ്ങിവന്നു. അത് നേരെ വന്നുപതിച്ചത് പ്രചാരണവാഹനത്തിനു മുകളിലായിരുന്നു. ചെന്നിത്തലയെക്കാൾ ഉയരം കൂടുതലായിരുന്നു ബാബു ചാഴികാടന്.  ഇടിമിന്നലിന്റെ ഏറിയ പങ്കും കടന്നുപോയത് ബാബു ചാഴികാടന്റെ ദേഹത്തുകൂടെയായിരുന്നു. അടുത്തുണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മിന്നലേറ്റു. രണ്ടുപേരും തെറിച്ച് വണ്ടിയുടെ പിൻവശത്തേക്ക് മറിഞ്ഞു വീണു. അതുവരെ ബാബു ചാഴിക്കാടനോടൊപ്പം നിൽക്കുകയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇടിമിന്നലേറ്റ് പരിക്കുകൾ പറ്റിയെങ്കിലും, ജീവാപായമുണ്ടായില്ല.

ഇടിമിന്നലേറ്റത് ബാബു ചാഴികാടന്റെ നെഞ്ചത്തുതന്നെയായിരുന്നു. മൃതദേഹത്തിന്റെ നെഞ്ചിൽ പൊള്ളലേറ്റു കരിഞ്ഞ കറുത്ത പാടുകളുണ്ടായിരുന്നു. അനുയായികൾ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചെടുക്കാനായില്ല. ഒരുപക്ഷേ തെരഞ്ഞെടുപ്പിൽ വിജയമാല്യം അണിയേണ്ടിയിരുന്ന ആ ജനപ്രിയനേതാവിന്റെ കഴുത്തിൽ ഇടിമിന്നലിന്റെ അപ്രതീക്ഷിതമായ ഇടപെടൽ  മരണമാല്യം ചാർത്തുകയായിരുന്നു എന്നുവേണം പറയാൻ.കേരളാ കോൺഗ്രസ്സിന്  ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ഒരു യുവതാരകം അന്ന് അകാലത്തിൽ പൊലിഞ്ഞുപോയി. ബാബു ചാഴികാടന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ഏറ്റുമാനൂർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ബാങ്കുദ്യോഗസ്ഥനായ സഹോദരൻ തോമസ് ചാഴികാടൻ മത്സരിച്ചു. 886  വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു. 

ഈ സംഭവം നടന്നതിന്റെ തൊട്ടടുത്തയാഴ്ച, മേയ്  21-ന്, സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ട് എന്നുള്ള നായനാരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്ന മറ്റൊരു ദുരന്തം കൂടി ഇന്ത്യയിൽ നടന്നു.  തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന LTTE ചാവേർ ബോംബാക്രമണത്തിൽ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. തുടർന്നുണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിലെ സമസ്ത സീറ്റുകളും കോൺഗ്രസ്സ് തൂത്തുവാരിയതും,  കരുണാകരൻ മന്ത്രിസഭ അധികാരത്തിലേറിയതും ഒക്കെ  ചരിത്രത്തിന്റെ ഭാഗം. 

click me!