മാധ്യമങ്ങളോട് ക്ഷുഭിതനായി കെവി തോമസ്: തന്‍റെ ഫ്ലക്സുകള്‍ സ്ഥാപിച്ചത് ആരെന്നറിയില്ല

By Web TeamFirst Published Mar 13, 2019, 1:50 PM IST
Highlights

തന്‍റെ സമ്മതമില്ലാതെയാണോ ചെറായി ഭാഗത്തടക്കം ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതെന്ന മാധ്യമ പ്രവർത്തകരുടെ  ചോദ്യത്തിന് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന കെ വി തോമസ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളുയർന്നതോടെ ക്ഷുഭിതനായി. 

തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിൽ സ്വന്തം പേരിൽ പ്രചാരണം തുടങ്ങിയ സംഭവത്തിൽ നിലപാട് മാറ്റി കെ വി തോമസ്. പാർട്ടി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് മുന്നേ തന്‍റെ പേരിൽ പ്രചാരണം ആരംഭിച്ചത് പ്രോൽസാഹിപ്പിക്കാവുന്ന കാര്യമല്ലന്ന് കെ വി തോമസ് പറഞ്ഞു.
 
താൻ സ്ഥാനാർത്ഥിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതിന് മുന്നേ തന്‍റെ പേരിൽ പ്രചാരണം തുടങ്ങിയത് ശരിയായ നടപടിയല്ല. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സംഭവങ്ങളെല്ലാം സർവ്വസാധാരണമാണെന്നും കെ വി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

തന്‍റെ സമ്മതമില്ലാതെയാണോ ചെറായി ഭാഗത്തടക്കം ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതെന്ന മാധ്യമ പ്രവർത്തകരുടെ  ചോദ്യത്തിന് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന കെ വി തോമസ് പ്രചാരണവുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളുയർന്നതോടെ ക്ഷുഭിതനായി. ചോദ്യങ്ങൾ ചോദിക്കാൻ പഠിക്കണമെന്നും കുറച്ചുകൂടി പക്വതയോടെ പെരുമാറാൻ തയ്യാറാകാണമെന്നും കെ വി തോമസ്  ആക്രോശിച്ചു..

എറണാകുളം മണ്ഡലത്തിൽ സിറ്റിംഗ് എംപിയായ കെ വി തോമസ് തന്നെ മത്സരിക്കണോ അതോ ഹൈബി ഈഡനെ ഇറക്കണോ എന്ന കാര്യത്തിൽ  കോൺഗ്രസ് നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മണ്ഡലത്തിലെ എംപിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസ് പ്രവർത്തകരിൽ ഒരു വിഭാഗം പുതിയ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. 

സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക തീരുമാനങ്ങളെടുക്കാൻ ചേർന്ന സ്കീനിംഗ് കമ്മിറ്റിയിലും എറണാകുളത്തെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.  ഇതോടെ എറണാകുളത്ത് ആര് മത്സരിക്കണമെന്ന അന്തിമ  തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടിരുന്നു.

എറണാകുളത്തെ സ്ഥാനാർത്ഥിയെ സംബന്ധിച്ച്  ജില്ലാ- സംസ്ഥാന നേതൃത്വങ്ങളുടെ പരിഗണനയിൽ തന്‍റെ പേര് മാത്രമാണുള്ളതെന്നാണ് കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നത്. എറണാകുളത്ത് ഒരിക്കൽകൂടി ജനവിധി തേടാമെന്ന പ്രതീക്ഷയിലാണെന്ന് താനെന്നും കെ വി തോമസ് പറഞ്ഞിരുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ മണ്ഡലത്തിലുടനീളം കെവി തോമസിന്‍റെ കൂറ്റൻ  കട്ടൗട്ടുകളും പ്രത്യക്ഷപ്പെട്ടു.

തോമസ് മാഷ് എന്നും ജനങ്ങൾക്കൊപ്പം എന്ന പേരിലാണ് കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നത്. കെ വി തോമസ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ  ലഘു വിവരണവും ബോ‍ഡുകളിലുണ്ട്. ഇതോടൊപ്പം തന്നെ  കെ വി തോമസിന് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നഭ്യർത്ഥിച്ച് ചുവരെഴുത്തും തുടങ്ങിയിരുന്നു. ചെറായി മേഖലയിലാണ് പ്രധാനമായും പ്രചാരണം തുടങ്ങിയിരുന്നത്. 

എന്നാൽ സ്വന്തം പേരിൽ ആരംഭിച്ച ഇത്തരം പ്രചാരണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് കെ വി തോമസ് ഇപ്പോൾ നിലപാടെടുത്തിരിക്കുന്നത്. നിലപാട് മാറ്റിയതോടെ  കെ വി തോമസിന് പകരം  എറണാകുളത്ത് ഹൈബി ഈഡൻ മത്സരിക്കുമോ എന്ന അഭ്യൂഹവും ബലപ്പെട്ടു.   

 

click me!