ടോം വടക്കനെ തെറിപ്പിച്ച സേനാപതി വേണുവിന്‍റെ ആ പ്രസംഗം

By Web TeamFirst Published Mar 14, 2019, 6:32 PM IST
Highlights

എ.ഐ.സി.സിയിലെ തൂപ്പുകാര്‍ക്കും ചായ കൊണ്ടുവരുന്നവര്‍ക്കും സീറ്റ് കൊടുക്കാനാകില്ല എന്നായിരുന്നു സേനാപതി വേണു തുറന്നടിച്ചത്. 

കോട്ടയം: ടോം വടക്കന്‍റെ ബിജെപിയിലേക്കുള്ള മാറ്റം ചര്‍ച്ചയാകുമ്പോള്‍ പലരും ഓര്‍ത്തെടുക്കുന്നത് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം. തൃശൂരില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍റിന്‍റെ പിന്തുണയോടെ ടോം വടക്കന്‍ നീക്കം നടത്തുന്ന സമയം. ടോം വടക്കന്‍റെ പേര് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അത്ര കേട്ടിരുന്നില്ല എന്നതാണ് സത്യം.  എന്നാല്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള പ്രദേശിക നേതാവായ സേനാപതി വേണുവിന്‍റെ ഒറ്റ പ്രസംഗത്തില്‍ ടോം വടക്കന്റെ സ്ഥാനാര്‍ത്ഥി മോഹം പൊലിഞ്ഞു. 

Latest Videos

എ.ഐ.സി.സിയിലെ തൂപ്പുകാര്‍ക്കും ചായ കൊണ്ടുവരുന്നവര്‍ക്കും സീറ്റ് കൊടുക്കാനാകില്ല എന്നായിരുന്നു സേനാപതി വേണു തുറന്നടിച്ചത്. സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളെല്ലാം ഇരിക്കുന്ന വേദിയിലായിരുന്നു വേണുവിന്റെ പ്രസംഗം. അന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്നു വേണു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പോലും ദേശീയ നേതാക്കളെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരുന്ന വേദിയിലാണ് സേനാപതി വേണു തുറന്ന വിമര്‍ശനം ഉന്നയിച്ചത്. 

2009 ഫെബ്രുവരിയില്‍ ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സമ്മേളനത്തിലായിരുന്നു വേണുവിന്‍റെ പ്രസംഗം. അന്ന് വേണുവിന്റെ പ്രസംഗം ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിച്ചു. സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതോടെ കേരള നേതാക്കളുമായി അകലച്ചയിലായ ടോം വടക്കന്‍ വീണ്ടും തന്‍റെ പ്രവര്‍ത്തനകേന്ദ്രം ദില്ലിയിലാക്കി. 

2009ലെ തിരിച്ചടിക്ക് ശേഷം വീണ്ടും സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.  ബി.ജെ.പിയില്‍ ചേര്‍ന്നിട്ടും തൃശൂര്‍ സീറ്റ് തന്നെയാണ് വടക്കന്‍ ലക്ഷ്യമിടുന്നത്. തൃശൂര്‍ സീറ്റില്‍ മത്സരിക്കാനാണ് വടക്കന്‍ ലക്ഷ്യമിടുന്നത്. തൃശൂര്‍ ലഭിച്ചില്ലെങ്കില്‍ ചാലക്കുടിയാണ് ലക്ഷ്യം. അതേ സമയം കഴിഞ്ഞ നിമയസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പിന്‍ചോലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സേനാപതി വേണു എംഎം മണിയോട് പരാജയപ്പെട്ടു.

click me!