അറിയണം, മോദിയുടെ തട്ടകത്തില്‍ പോരിനിറങ്ങുന്നവരെ

By Web TeamFirst Published Apr 13, 2019, 2:24 PM IST
Highlights

സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഏതാനും പേര്‍ വരാണസിയില്‍ മോദിക്കെതിരെ അണിനിരക്കുന്നു.

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്നതിനാല്‍ വരാണസി സ‍റ്റാര്‍ പദവിയുള്ള ലോക്സഭ മണ്ഡലമാണ്. കഴിഞ്ഞ തവണ എഎപി നേതാവ് അരവിന്ദ് കെജ്രിവാളാണ് മോദിയുടെ താരപദവിക്കൊത്ത എതിര്‍സ്ഥാനാര്‍ഥിയായതെങ്കില്‍ ഇത്തവണ അങ്ങനെയല്ല. സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഏതാനും പേര്‍ വരാണസിയില്‍ മോദിക്കെതിരെ അണിനിരക്കുന്നു.  വിജയിക്കില്ലെന്ന് വ്യക്തമായ ബോധ്യത്തോടെയാണ് ഇവര്‍ ബിജെപിയുടെ അതികായനെ നേരിടുന്നത്. എന്നാല്‍, തങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ വോട്ടിലും കൃത്യമായ രാഷ്ട്രീയം രേഖപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഇവര്‍ പറയുന്നു.  

ചന്ദ്രശേഖര്‍ ആസാദ്

ദളിത് മുന്നേറ്റത്തിന് രാജ്യത്ത് പുതിയ മുഖം നല്‍കിയ യുവ നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ  നിരന്തര സമരം നടത്തി. രാജ്യത്തെ വിറപ്പിച്ച് ആയിരങ്ങള്‍ അണിനിരന്ന ദളിത് റാലി സംഘടിപ്പിച്ച് ശക്തി തെളിയിച്ചു.  ഒടുവില്‍ സഹറന്‍പുര്‍ കലാപക്കേസില്‍ ദേശീയ സുരക്ഷ കുറ്റം ചുമത്തി ചന്ദ്രശേഖര്‍ ആസാദിനെ അറസ‍റ്റ് ചെയ്തു. രാഷ്ട്രീയപ്രേരിതമായിരുന്നു അറസ‍റ്റെന്ന് അലഹബാദ് കോടതി നിരീക്ഷിച്ചു. മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. മാര്‍ച്ച് 30ന് ചന്ദ്രശേഖര്‍ ആസാദ് വരാണസില്‍ റാലി സംഘടിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ പ്രിയങ്ക ഗാന്ധി ആസാദിനെ സന്ദര്‍ശിച്ചത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായി. 

തേജ് ബഹദൂര്‍

അതിര്‍ത്തി രക്ഷ സേന(ബിഎസ്എഫ്) ജവാനായിരുന്ന തേജ് ബഹദൂറിനെ ആരും മറക്കാനിടയില്ല. സൈന്യത്തിലെ മോശം ഭക്ഷണവും സൗകര്യവും വിവരിച്ച് ഫേസ്ബുക്ക് ലൈവിലെത്തിയതോടെയാണ് തേജ് ബഹദൂറിനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യസ്നേഹത്തെക്കുറിച്ചും പട്ടാളക്കാരെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമേറ്റ കനത്ത പ്രഹരമായിരുന്നു തേജ് ബഹദൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അദ്ദേഹത്തിനെതിരെ പ്രതികാരനടപടികള്‍ ആരംഭിച്ചത്. ഒടുവില്‍ അദ്ദേഹത്തെ സേനയില്‍നിന്ന് പുറത്താക്കുകയായിരുന്നു. 

സിഎസ് കര്‍ണന്‍

ഇന്ത്യന്‍ നീതിന്യായ രംഗത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ജസ‍റ്റിസ് കര്‍ണന്‍റെ അറസ‍റ്റും അതിന് മുന്‍പും പിന്‍പുമുള്ള സംഭവവികാസങ്ങളും. ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച രാജ്യത്തെ ഏക ഹൈകോടതി ജഡ്ജിയായിരുന്നു കര്‍ണന്‍. നീതിന്യായ രംഗത്തെ അഴിമതിയെയും ജാതിവിവേചനത്തെയും തുറന്നുകാണിക്കാന്‍ ശ്രമിച്ച കര്‍ണനെ കോടതിയലക്ഷ്യ കുറ്റത്തിണ് ശിക്ഷിച്ചത്. വാരാണസിക്ക് പുറമെ സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തിലും കര്‍ണന്‍ ജനവിധി തേടുന്നു. 

പി അയ്യാക്കണ്ണ്

ജന്തര്‍മന്ദറില്‍ നഗ്നരായി തലയോട്ടിയും കൈയിലേത്തി സമരം ചെയ്ത തമിഴ് കര്‍ഷകരുടെ ചിത്രങ്ങള്‍ ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാകില്ല. ഈ സമരമാണ് രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.  കടംകയറി ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടം കൈയിലേന്തിയ സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് പി അയ്യാക്കണ്ണ് എന്ന കര്‍ഷക നേതാവ്. മോദിയുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ വാരാണസിയില്‍ അദ്ദേഹവും ജനവിധി തേടുന്നു. 

ഇവര്‍ക്ക് ഗംഗ ശുചീകരിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന കാരണത്താല്‍ ഹിന്ദു ബനാറസ് സര്‍വകലാശാല പ്രഫ. വിശ്വംഭര്‍ നാഥ് മിശ്ര, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലമലിനീകരണത്താല്‍ ഫ്ലുറോസിസ് രോഗം ബാധിച്ച അന്‍സല സ്വാമി എന്നിവരും മത്സര രംഗത്തുണ്ട്. 

click me!