അന്ന് സൈന്യം മനുഷ്യകവചമാക്കിയ യുവാവ് ഇന്ന് തെരഞ്ഞെടുപ്പ് ജോലിക്കാരന്‍

By Web TeamFirst Published Apr 19, 2019, 10:28 AM IST
Highlights

രണ്ട് വര്‍ഷം മുമ്പത്തെ ഉപതെരഞ്ഞെടുപ്പ് കാലത്താണ് നാട്ടുകാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ പൊലീസ് ജീപ്പിന്‍റെ ബോണറ്റിന് മുന്നില്‍ നാട്ടുകാരനും തൊഴിലാളിയുമായ 26കാരന്‍ ഫാറൂഖ് അഹമ്മദ് ദാര്‍ യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമാക്കിയത്.

ജമ്മു: രാജ്യത്തെ ഞെട്ടിച്ച  ആ വാര്‍ത്തയും ചിത്രങ്ങളും പുറത്തുവന്നത് രണ്ട് വര്‍ഷം മുമ്പത്തെ ഉപതെരഞ്ഞെടുപ്പ് കാലത്താണ്. പൊലീസും നാട്ടുകാരില്‍ ചിലരും തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ പൊലീസ് ജീപ്പിന്‍റെ ബോണറ്റിന് മുന്നില്‍ നാട്ടുകാരനും തൊഴിലാളിയുമായ 26കാരന്‍ ഫാറൂഖ് അഹമ്മദ് ദാര്‍ യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമാക്കുകയായിരുന്നു. വാര്‍ത്തയും ചിത്രങ്ങളും പുറത്തുവന്നതോടെ സംഭവം വന്‍ വിവാദമായി.

ലോകമാധ്യമങ്ങളടക്കം സംഭവം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കാവ്യനീതിപോലെ ആ യുവാവ് ഇപ്പോള്‍ ശ്രീനഗറിലെ പൊളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. ആരോഗ്യ വകുപ്പില്‍ ഇപ്പോള്‍ താല്‍ക്കാലിക ജോലിക്കാരനാണ് ഫാറൂഖ് അഹമ്മദ് ദാര്‍. തനിക്ക് വോട്ടു ചെയ്യാന്‍ കഴിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഫാറൂഖ് പറഞ്ഞു. 

2017ലെ ഏപ്രില്‍ ഒമ്പതിന് ബീര്‍വായിലെ ചെയിര്‍-ബ്രാസ് ഗ്രാമത്തിലാണ് സംഭവം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തിന് മുന്നില്‍  പൊലീസും നാട്ടുകാരില്‍ ചിലരും ഏറ്റുമുട്ടി.  നാട്ടുകാര്‍ കല്ലെറിയുന്നത് തടയാന്‍ പൊലീസ് നാട്ടുകാരില്‍ ഒരാളെ ജീപ്പിന്‍റെ ബോണറ്റില്‍ കെട്ടിയിട്ട് വാഹനമോടിച്ചു. മേജര്‍ ലീതുല്‍ ഗൊഗോയിയുടെ നേതൃത്വത്തിലായിരുന്നു ഈ നടപടി. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനും പോളിങ് ഉദ്യോഗസ്ഥരെ കല്ലേറില്‍നിന്ന് രക്ഷിക്കാനും മറ്റു വഴിയുണ്ടായിരുന്നില്ലെന്നാണ് ഗൊഗോയി വിശദീകരിച്ചത്. പൊലീസ് നടപടിക്കെതിരെ രാജ്യമാകെ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷന് ദാറിന് 10 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവിട്ടു. ആരോഗ്യ വകുപ്പില്‍ തൂപ്പുകാരനായി ജോലിയും നല്‍കിയാണ് സര്‍ക്കാര്‍ തടിയൂരിയത്. മനുഷ്യാവകാശ കമീഷന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട 10 ലക്ഷം ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. 

click me!