അന്ന്‌ ജോയ്‌സിനൊപ്പം നിന്നു,ഇന്ന്‌ ഡീനിനെ ചേര്‍ത്തുപിടിച്ചു; ഇടുക്കി പറയുന്നത്‌ ഇതാണ്‌

By Web TeamFirst Published May 23, 2019, 5:08 PM IST
Highlights

2019ലേക്കെത്തുമ്പോള്‍ ഇടുക്കി ഏറെ മാറിയിരുന്നു. പ്രചാരണവിഷയങ്ങളില്‍ കസ്‌തൂരിരംഗനോ ഗാഡ്‌ഗിലോ ഒന്നുമുണ്ടായില്ല.

ജോയ്‌സ്‌ ജോര്‍ജിനെ പരാജയപ്പെടുത്തി ഡീന്‍ കുര്യാക്കോസ്‌ പാര്‍ലമെന്റിന്റെ പടികയറാനൊരുങ്ങുമ്പോള്‍ അതൊരു മധുരപ്രതികാരം കൂടിയാണ്‌. 2014ലെ പരാജയത്തിനുള്ള മികച്ച മറുപടി.

യുഡിഎഫിനോട്‌ ചാഞ്ഞ്‌ നിന്ന ചരിത്രമുള്ള മണ്ഡലമായിരുന്നു ഇടുക്കി. 2014ലെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കസ്‌തൂരിരംഗന്‍, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകള്‍ പ്രചാരണവിഷയമായതോടെയാണ്‌ കളം മാറിയത്‌. റിപ്പോര്‍ട്ടിനെ പിന്തുണച്ചു എന്ന ആക്ഷേപം നേരിട്ടതോടെ പി ടി തോമസിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തീരുമാനിച്ചു. പകരക്കാരനായി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഡീന്‍ കുര്യാക്കോസിനെ രംഗത്തിറക്കി. എന്നിട്ടും ഇടുക്കിക്കാര്‍ യുഡിഎഫിനെ കൈവിട്ടു.

2019ലേക്കെത്തുമ്പോള്‍ ഇടുക്കി ഏറെ മാറിയിരുന്നു. പ്രചാരണവിഷയങ്ങളില്‍ കസ്‌തൂരിരംഗനോ ഗാഡ്‌ഗിലോ ഒന്നുമുണ്ടായില്ല. അതുകൊണ്ടുതന്നെ കസ്‌തൂരിരംഗന്‍ വിഷയം ആളിക്കത്തി നിന്ന സമയത്ത്‌ കത്തോലിക്കസഭ അവതരിപ്പിച്ച ജോയ്‌സ്‌ ജോര്‍ജിന്‌ ഇക്കുറി വിജയം അത്ര എളുപ്പമായിരിക്കില്ല എന്ന്‌ തുടക്കംമുതല്‍ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. അത്‌ സത്യമായി, 2014ല്‍ കളമറിഞ്ഞ്‌ കളിച്ച സിപിഎമ്മിന്‌ 2019ല്‍ അടിതെറ്റുക തന്നെ ചെയ്‌തു.

ജോയ്‌സ്‌ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കുള്ളില്‍ത്തന്നെ എതിര്‍പ്പുകള്‍ക്ക്‌ കാരണമായെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോവര്‍ ഹൈറേഞ്ച്‌ മേഖലകളില്‍ ഈ എതിര്‍പ്പ്‌ കൂടുതല്‍ പ്രത്യക്ഷമായിരുന്നു താനും. കൊട്ടക്കമ്പൂര്‍ ഭൂമിവിവാദവും ജോയ്‌സിന്‌ തിരിച്ചടിയായി. കണക്കുകള്‍ നിരത്തി ജോയ്‌സ്‌ ജോര്‍ജിന്റെ മികച്ച പ്രകടനത്തെക്കുറിച്ച്‌ എല്‍ഡിഎഫ്‌ അക്കമിട്ട്‌ നിരത്തിയെങ്കിലും അതൊന്നും ജനങ്ങളിലേക്കെത്തിയില്ല എന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നത്‌. വേണ്ടത്ര വികസനപ്രവര്‍ത്തനങ്ങളൊന്നും ജോയ്‌സ്‌ നടത്തിയിട്ടില്ലെന്നും വികസനം ഫ്‌ലക്‌സില്‍ മാത്രമേയുള്ളും എന്നുമുള്ള യുഡിഎഫ്‌ ആരോപണം കുറിക്ക്‌കൊള്ളുക തന്നെ ചെയ്‌തു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണവും കര്‍ഷക ആത്മഹത്യകളും പ്രചാരണവിഷയങ്ങളായതോടെ പിടിച്ചുനില്‍ക്കാന്‍ പതിനെട്ടടവും എല്‍ഡിഎഫ്‌ പയറ്റി. എന്നിട്ടും മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ഡീന്‍ വിജയം കൊയ്‌തു. 1,71,053 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്‌ കഴിഞ്ഞതവണ അരലക്ഷം വോട്ടുകള്‍ക്ക്‌ കൈവിട്ട മണ്ഡലം യുഡിഎഫ്‌ തിരിച്ചുപിടിച്ചിരിക്കുന്നത്‌. പി ജോ ജോസഫില്‍ നിന്ന്‌ ലഭിച്ച മികച്ച പിന്തുണയും കത്തോലിക്കസഭ ഒപ്പമുണ്ടായിരുന്നതും ഡീനിന്‌ തുണയായി. ഹൈറേഞ്ച്‌ സംരക്ഷണസമിതിക്ക്‌ ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനായില്ല എന്നതും യുഡിഎഫിന്‌ വിജയം അനായാസമാക്കി.

ഡീന്‍ കുര്യാക്കോസ്‌ ആവട്ടെ കഴിഞ്ഞ അഞ്ച്‌ വര്‍ഷവും ഇടുക്കിയിലെ പൊതുരംഗത്ത്‌ സജീവമായിരുന്നു. തന്നെ പരാജയപ്പെടുത്തിയ ഇടുക്കിക്കാര്‍ക്കൊപ്പം നിന്ന്‌ അവര്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിച്ച ഡീനിന്റെ പ്രതീക്ഷ വെറുതെയായില്ല. രണ്ടാമങ്കത്തില്‍ ഇടുക്കിയിലെ ജനങ്ങള്‍ ഡീനിനെ ഇരുംകയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്‌തു.
 

click me!