ആദ്യം ഉറ്റ ബന്ധുക്കൾ, പിന്നെ ശത്രുത, വീണ്ടും ഒപ്പം: അരുൺ നെഹ്‍റുവിന്‍റെ മകളും പ്രിയങ്കയും തമ്മിൽ ...

By Web TeamFirst Published May 4, 2019, 5:53 PM IST
Highlights

ഒരിക്കൽ രാജീവ് ഗാന്ധി മന്ത്രിസഭയിലെ അംഗമായിരുന്ന അരുൺ നെഹ്‍റു പിന്നീട് ജനതാ പാർട്ടിയിലേക്ക് പോയി. വെറുമൊരു പാർട്ടി പ്രവർത്തകനല്ല, നെഹ്റു കുടുംബത്തിലെ അംഗമായിരുന്നു അരുൺ നെഹ്‍റു. 

റായ്ബറേലി: 'ഇത് അവന്തിക നെഹ്‍റു, എന്‍റെ സഹോദരി, മുൻ എംപി കൂടിയായിരുന്ന അരുൺ നെഹ്‍റുവിന്‍റെ മകൾ', റായ്‍ബറേലിയിൽ സോണിയാഗാന്ധിയുടെ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക ഗാന്ധി പറഞ്ഞു. ചരിത്രത്തിൽ മൂന്ന് പതിറ്റാണ്ടെങ്കിലും നീണ്ടു നിന്ന ഒരു കുടുംബ വൈരാഗ്യത്തിന്‍റെ അവസാനം കൂടിയായിരുന്നു ഇത്. 

Ms Avantika Nehru, daughter of Mr Arun Nehru also present at Mrs Sonia Gandhi rally in ... pic.twitter.com/2uApvDmTMO

— Supriya Bhardwaj (@Supriya23bh)

ചരിത്രമറിയാവുന്നവർ ഓർക്കുന്നുണ്ടാവും. പഴയ കോൺഗ്രസ് എംപിയായിരുന്നു അരുൺ നെഹ്‍റു. നെഹ്റു കുടുംബാംഗം. ഒരു കാലത്ത് ഇന്ദിരയുടെയും രാജീവിന്‍റെയും വിശ്വസ്തൻ. പിന്നെ ബദ്ധശത്രു. ബോഫോഴ്സ് ഇടപാടിനെച്ചൊല്ലി രാജീവ് ഗാന്ധിക്കെതിരെ അരുൺ നെഹ്‍റു ആഞ്ഞടിച്ചു. 1989-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം പോയതിൽ ഒരു വലിയ പങ്കുണ്ട് ബോഫോഴ്‍സ് അഴിമതിക്ക്. ആരായിരുന്നു അരുൺ നെഹ്റുവെന്നല്ലേ?

ജവഹർലാൽ നെഹ്റുവിന്‍റെ മുത്തച്ഛൻ ഗംഗാധർ നെഹ്‍റുവിന് രണ്ടു മക്കളായിരുന്നു. മോത്തിലാലും നന്ദ്‍ലാലും. നന്ദ്‍ലാൽ നെഹ്‍റുവിന്‍റെ പേരക്കുട്ടി ആനന്ദ് കുമാർ നെഹ്‍റുവിന്‍റെ മകനാണ് അരുൺ നെഹ്‍റു. 

എന്തായിരുന്നു രാജീവ് ഗാന്ധിയും അരുൺ നെഹ്‍റുവും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിൽ? അതറിയാൻ അൽപം ചരിത്രമറിയണം. 1980-ൽ ഇന്ദിരാഗാന്ധി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ മേധകിൽ നിന്നും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നും. രണ്ടിടത്തു നിന്നും ജയിച്ചപ്പോൾ മേധക് സീറ്റ് തന്‍റെ സഹോദരന്‍റെ പുത്രൻ അരുൺ നെഹ്‍റുവിന് ഇന്ദിര വിട്ടുകൊടുത്തു. അന്ന് തിരക്കുള്ള ഒരു കോർപ്പറേറ്റ് എക്സിക്യൂട്ടീവായിരുന്ന അരുൺ നെഹ്റു ജോലി ഉപേക്ഷിച്ച് മേധകിൽ നിന്ന് മത്സരിച്ചു. ജയിച്ചു. 

രാജീവിന്‍റെ അടുത്ത സുഹൃത്തായിരുന്നു അരുൺ നെഹ്‍റു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം സ്ഥാനത്തിന് വേണ്ടി മനേക ഗാന്ധിയും രാജീവ് ഗാന്ധിയും തമ്മിൽ വലിയ തർക്കങ്ങളുണ്ടായി. അന്ന് ശിവ്‍രാജ് പാട്ടീലിനെ കൂടെക്കൂട്ടി 50 എംപിമാരെ മുന്നണിയിലേക്ക് കൊണ്ടുവന്ന് രാജീവിനെ പാർട്ടിയിൽ ശക്തനാക്കിയത് അരുൺ നെഹ്റുവായിരുന്നു. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടയുടൻ ഇടക്കാല പ്രധാനമന്ത്രി വേണമെന്ന് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ പ്രണാബ് മുഖർജി പറ‍ഞ്ഞപ്പോൾ, ആ സാധ്യത തള്ളിക്കളഞ്ഞ് രാജീവിനെത്തന്നെ പ്രധാനമന്ത്രിയാക്കണമെന്ന് പാർട്ടിയിൽ വാദിച്ചതും അരുൺ നെഹ്‍റു തന്നെ.

ഇന്ദിരയുടെ വധത്തിന് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി. മന്ത്രിസഭയിൽ ആഭ്യന്തരസുരക്ഷാ മന്ത്രിയായി അരുൺ നെഹ്‍റു. അന്ന് അയോധ്യ വിഷയത്തിലടക്കം കോൺഗ്രസിന്‍റെ 'മൃദുഹിന്ദുത്വ'നിലപാടുകൾക്ക് പിന്നിൽ അരുൺ നെഹ്‍റുവായിരുന്നെന്നത് പരസ്യമായ രഹസ്യമായിരുന്നു. പക്ഷേ, ആ സൗഹൃദം ഏറെക്കാലം നിലനിന്നില്ല. ബോഫോഴ്‍സ് ഇടപാട് പുറത്തു വന്നതോടെ രാജീവും അരുൺ നെഹ്‍റുവും തമ്മിൽ തെറ്റി. കോൺഗ്രസ് വിട്ട് പുറത്തുവന്ന അരുൺ നെഹ്‍റു കൈകോർത്തത് വി പി സിങുമായാണ്. 1989-ൽ കോൺഗ്രസിന് അധികാരം നഷ്ടമായി. അന്ന് രാജീവിനെ തറ പറ്റിച്ചതിൽ ബോഫോഴ്‍സ് ഇടപാടിനെക്കുറിച്ച് അരുൺ നെഹ്‍റുവിന്‍റെ പല വെളിപ്പെടുത്തലുകളുമുണ്ടായിരുന്നു. 

1999-ലാണ് പിന്നീട് അരുൺ നെഹ്‍റുവിന് സീറ്റ് കിട്ടുന്നത്. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തൻ സതീഷ് ശർമക്കെതിരെ റായ്ബറേലിയിൽ അരുൺ നെഹ്റു മത്സരിച്ചത് ബിജെപി സ്ഥാനാർത്ഥിയായാണ്. കടുത്ത മത്സരം നടന്നു റായ്‍ബറേലിയിൽ. കാലങ്ങളായി കോൺഗ്രസിന്‍റെ കോട്ടയായ റായ്ബറേലി കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങി. അന്ന്, സതീഷ് ശർമയ്ക്ക് അനുകൂലമായ തരംഗമുണ്ടാക്കിയ ഒരു പ്രസംഗത്തിൽ പ്രിയങ്ക അരുൺ നെഹ്‍റുവിനെതിരെ ആഞ്ഞടിച്ചു. അരുൺ നെഹ്റുവിനെ 'പിന്നിൽ നിന്ന് കുത്തിയ ചതിയൻ' എന്നാണ് പ്രിയങ്ക വിളിച്ചത്. 

''നിങ്ങൾ പറയൂ. എന്‍റെ അച്ഛന്‍റെ മന്ത്രിസഭയിൽ ചതിയനായി പ്രവർത്തിച്ച ഒരാളെ, സ്വന്തം സഹോദരനെ പിന്നിൽ നിന്ന് കുത്തിയ ഒരാളെ - ഈ മണ്ഡലത്തിൽ കാലു കുത്താൻ നിങ്ങൾ അനുവദിച്ചതെന്തിന്? എങ്ങനെ അയാൾക്കിവിടെ വന്ന് മത്സരിക്കാൻ ധൈര്യം വന്നു? ദില്ലിയിൽ നിന്ന് പുറപ്പെടുമ്പോൾ എന്‍റെ അമ്മ, ഒരാളെക്കുറിച്ചും മോശമായി സംസാരിക്കരുതെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ, ഞാൻ ഇപ്പോഴിത് നിങ്ങളോട് പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണിത് പറയുക?'', പ്രിയങ്ക ചോദിച്ചു. 

199-ൽ ആ പ്രസംഗം കഴിഞ്ഞ് രണ്ട് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇത് 2019. പഴയ അസ്വാരസ്യങ്ങളെല്ലാം ഇരുകുടുംബങ്ങളും മറന്നു കഴിഞ്ഞു. അരുൺ നെഹ്‍റുവിന്‍റെ മരണവിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ആദ്യം എത്തിയവരിലൊരാൾ സോണിയാഗാന്ധിയായിരുന്നു. ദില്ലിയിൽ അരുൺ നെഹ്‍റുവിന്‍റെ ചിതയ്ക്ക് തീ കൊളുത്തിയത് പ്രിയങ്കയുടെ മകൻ റേഹാനും. 

ഇത്തവണയും ചരിത്രം ആവർത്തിക്കപ്പെടുന്നു. ഇത്തവണ സോണിയാഗാന്ധിക്ക് എതിരെ ബിജെപി സ്ഥാനാർ‍ത്ഥിയായി മത്സരിക്കുന്നത് ഒരിക്കൽ പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മുൻ കോൺഗ്രസ് എംഎൽഎ ദിനേശ് സിംഗാണ്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ ദിനേശ് സിംഗിനെ കടന്നാക്രമിച്ച് പ്രിയങ്ക പറയുന്നതിങ്ങനെ:

''ഒരിക്കൽ എന്‍റെ കാല് തൊട്ട് വന്ദിച്ച് ദീദി എന്ന് വിളിച്ചവർ ഇന്നെന്‍റെ അമ്മയ്ക്ക് എതിരെ മത്സരിക്കുന്നു. ചതിയൻമാരെന്നല്ലാതെ അവരെ എന്ത് വിളിക്കാൻ?''

ഇത് കേൾക്കുന്നവർ 1999-ലെ പ്രിയങ്കയുടെ പഴയ പ്രസംഗം ഓർത്തു പോകുന്നതിൽ അദ്ഭുതമെന്ത്?
 

click me!