'വാടകയ്‍ക്കൊരു മുറിയെടുത്ത്' ന്യൂജന്‍ നേതാവ്, തരംഗമായി പെങ്ങളൂട്ടി; രമ്യ സൂപ്പര്‍ഹിറ്റ്

By Web TeamFirst Published May 27, 2019, 5:30 PM IST
Highlights

ആലത്തൂരിലെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ വനിതാ മുഖം എന്ന നിലയിലേക്കാണ് പടയോട്ടം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ രമ്യയെ സെലിബ്രിറ്റി ആക്കി മാറ്റുകയാണ്. കോണ്‍ഗ്രസിന്‍റെ പരിപാടികള്‍ക്കും മറ്റുമായി സംസ്ഥാനത്തെമ്പാടും ഓടി നടക്കേണ്ട അവസ്ഥയിലാണ് കുന്ദമംഗലത്തെ പഴയ ബ്ലോക്ക് പ്രസിഡന്‍റ്

തിരുവനന്തപുരം: ആലത്തൂരിലെ അട്ടിമറി ജയത്തോടെ സംസ്ഥാന കോണ്‍ഗ്രസിലെ പുതിയ താരോദയമായി മാറുകയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിനി രമ്യ ഹരിദാസ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ഒരു വനിതയെ പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നത്.

കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ മേഖലയില്‍ തരംഗം തീര്‍ത്താണ് ഇപ്പോള്‍ രമ്യയുടെ കുതിപ്പ്. ആലത്തൂരിലെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ വനിതാ മുഖം എന്ന നിലയിലേക്കാണ് പടയോട്ടം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ രമ്യയെ സെലിബ്രിറ്റി ആക്കി മാറ്റുകയാണ്.

കോണ്‍ഗ്രസിന്‍റെ പരിപാടികള്‍ക്കും മറ്റുമായി സംസ്ഥാനത്തെമ്പാടും ഓടി നടക്കേണ്ട അവസ്ഥയിലാണ് കുന്ദമംഗലത്തെ പഴയ ബ്ലോക്ക് പ്രസിഡന്‍റ്. ഇന്നലെ കൊല്ലത്തായിരുന്നു പരിപാടികളെങ്കില്‍ ഇന്ന് തിരുവനന്തപുരത്താണ് രമ്യ ഓളം തീര്‍ക്കുന്നത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കൊപ്പം കേരള നിയമസഭയിലെത്തിയപ്പോള്‍ താരമായതും മറ്റാരുമായിരുന്നില്ല. എംഎല്‍എമാര്‍ ആവേശത്തോടെയാണ് ആലത്തൂരിന്‍റെ പെങ്ങളൂട്ടിയെ സ്വീകരിച്ചത്. ഫേസ്ബുക്കിലൂടെ രമ്യയ്ക്ക് അഭിനന്ദനം അറിയിക്കാനും അവര്‍ മറന്നില്ല.

 

തിരുവനന്തപുരം പ്രസ്ക്ലബിലെത്തിയ രമ്യയാകട്ടെ പാട്ടും ആഘോഷവുമായി അവിടെ വലിയ ഓളമാണുണ്ടാക്കിയത്. ഹിന്ദിപാട്ടുകള്‍ക്കൊപ്പം മലയാളത്തിലെ പഴയ സിനിമാഗാനങ്ങളും ആലപിച്ച് കൈയ്യടി നേടി. ''വാകപൂം മരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍ വാടകയ്ക്കൊരു മുറിയെടുത്തു'' എന്നുതുടങ്ങുന്ന ഗാനത്തോടെയാണ്  രമ്യ ഗാനാലാപനം തുടങ്ങിയത്.

"

സംസ്ഥാന കോണ്‍ഗ്രസിലെ വനിതാ മുഖമായി മാറുന്നതിനൊപ്പം യുവ കോണ്‍ഗ്രസിന്‍റെ തുടിപ്പുമായി രമ്യ വളരുകയാണ്. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് 'പെങ്ങളൂട്ടി' നേടിയെടുക്കുന്നതെന്ന വിലയിരുത്തലുകളുമുണ്ട്. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പാര്‍ട്ടി രമ്യയെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുന്നത്. ഇടതുപക്ഷത്തിന്‍റെ ഉറച്ചകോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ വലിയ ജയസാധ്യതയൊന്നും തുടക്കത്തില്‍ രമ്യയ്ക്ക് കല്‍പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, ഊര്‍ജ്ജസ്വലമായ പ്രചാരണത്തിലൂടെ വളരെ വേഗം അവര്‍ മണ്ഡലത്തില്‍ നിറസാന്നിധ്യമായി.

നാടന്‍ പാട്ട് കലാകാരി കൂടിയായ രമ്യ പ്രചാരണ വേദികളില്‍ പാട്ടു പാടുന്നതിനെതിരെ ഇടതുപക്ഷ അനുഭാവികള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും തീര്‍ത്തും പോസീറ്റിവായാണ് അവര്‍ ഇതിനോട് പ്രതികരിച്ചത്. പിന്നീട് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശവും, ദീപാ നിശാന്തിന്‍റെ വിമര്‍ശനവും രമ്യയ്ക്ക് ദോഷത്തേക്കാളേറെ ഗുണമാണ് ചെയ്തത്. 

എന്തായാലും എല്ലാ വെല്ലുവിളികളേയും മറികടന്ന് കൊണ്ട് ആലത്തൂരില്‍ നേടിയ വിജയം രമ്യയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് കാര്യമായി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2013-ല്‍ നടത്തിയ ടാലന്‍റ് ഹണ്ടിലൂടേയാണ് രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോള്‍ ഇടതുകോട്ടയില്‍ പൊരുതി നേടിയ വിജയത്തോടെ പാര്‍ട്ടിയില്‍ രമ്യയുടെ പ്രധാന്യമേറി. യുവവനിതാ നേതാവ് എന്ന നിലയില്‍ വലിയ അംഗീകാരങ്ങളാണ് രമ്യയെ തേടി എത്താന്‍ പോകുന്നത്. രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടയാള്‍ എന്ന പരിഗണനയുള്ളതിനാല്‍ ദേശീയ തലത്തിലും ആലത്തൂരിന്‍റെ പെങ്ങളൂട്ടി ശ്രദ്ധാകേന്ദ്രമാകുമെന്ന് ഉറപ്പ്. 

click me!