ഭർത്താവിന്റെ അരുംകൊലയ്ക്ക് പ്രതികാരം വീട്ടി യുപി രാഷ്ട്രീയത്തിലെ യുവ വിധവ

By Web TeamFirst Published Mar 30, 2019, 11:35 AM IST
Highlights

തന്റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന രാജു പാലിനെ  കൊന്നുകളയാൻ തീരുമാനിച്ച അന്നുമുതൽ തന്നെ അതീഖ് അഹമ്മദ് എന്ന ക്രിമിനലിന്റെ രാഷ്ട്രീയഭാവി കുളം തോണ്ടപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് വെറും പത്തു ദിവസങ്ങൾക്കുള്ളിൽ വിധവയാക്കപ്പെട്ട ഒരു യുവതി, തന്റെ ഭർത്താവിന്റെ ഘാതകരെ മുച്ചൂടും മുടിക്കാൻ ദൃഢനിശ്ചയമെടുത്ത് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ..

മാർച്ച് 28 -ന്  സമാജ് വാദി പാർട്ടിയുടെ ഒരു ലോക്സഭാ സ്ഥാനാർത്ഥി ലിസ്റ്റ് കൂടി പുറത്തുവന്നു.  ആറ്റിൽ ഉന്നാവ് മണ്ഡലത്തിൽ നിന്നും സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുന്നത് പൂജാ പാൽ ആണ്. ബിഎസ്‌പിയെ പ്രതിനിധീകരിച്ച് രണ്ടുവട്ടം നിയമസഭയിലെത്തിയിട്ടുള്ള അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായിരുന്ന രാജു പാലിന്റെ പത്നിയാണ് പൂജ. 2005  ജനുവരി 25 -ന് അലഹബാദിൽ വെച്ച് അജ്ഞാതരായ അക്രമികളുടെ വെടിയുണ്ടകളേറ്റ് കൊല്ലപ്പെടുകയായിരുന്നു രാജു പാൽ. ചത്ത കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന പോലെ, സ്വാഭാവികമായും കൊലക്കുറ്റം ചാർത്തപ്പെട്ടത്  സമാജ് വാദി പാർട്ടി നേതാവും രാജു പാലിന്റെ ശത്രുവുമായിരുന്ന അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും പേരിലാണ്. തന്റെ ഭർത്താവിന്റെ ഘാതകരോട് നേരിട്ട് മുട്ടി, അവരെ മുട്ടുകുത്തിച്ച ആ യുവ വിധവയുടെ കഥയാണിത്. 

കഥ തുടങ്ങുന്നത് 2004 -ലാണ്. അലഹബാദ് പട്ടണം.  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട്. സമാജ് വാദി പാർട്ടിയ്ക്കുവേണ്ടി  അലഹാബാദ് വെസ്റ്റിൽ നിന്നും  അഞ്ചുതവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അതീഖ് അഹമ്മദിന് അത്തവണ പാർലമെന്റ് കാണാൻ ഒരു മോഹം തോന്നി. ഫൂൽപൂരിൽ നിന്നും അദ്ദേഹം സമാജ്‌വാദി പാർട്ടിയുടെ ഒരു ടിക്കറ്റ് സംഘടിപ്പിച്ചു. അപ്പോഴേക്കും തന്റെ നാട്ടിൽ അനിഷേധ്യനായ ഒരു നേതാവായി മാറിക്കഴിഞ്ഞിരുന്നു അതീഖ്. സ്വാഭാവികമായും അദ്ദേഹം തെരഞ്ഞെടുപ്പ് പാട്ടും പാടി ജയിച്ചു. അദ്ദേഹം എംഎൽഎ ആയിരുന്ന അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നു. 

കാര്യം എംപി സ്ഥാനമൊക്കെ കിട്ടിയെങ്കിലും കയ്യിലിരുന്ന എംഎൽഎ സീറ്റ് അങ്ങനെ കുടുംബത്തിൽ നിന്നും കയ്യൊഴിയാനൊന്നും അതീഖിന് മനസ്സുണ്ടായിരുന്നില്ല. തന്റെ ഇളയ സഹോദരൻ അഷ്‌റഫിനെ അദ്ദേഹം അവിടെ സമാജ് വാദി ടിക്കറ്റിൽ നിർത്തി. അക്കാലത്ത് സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും തമ്മിൽ കണ്ടാൽ കടിച്ചു കീറാൻ നടക്കുന്ന കാലമാണ്. ഭരണമാണെങ്കിൽ സമാജ്‌വാദി പാർട്ടിയുടെ കയ്യിലും. മുലായം സിങ്ങ് ആയിരുന്നു മുഖ്യമന്ത്രിപദത്തിൽ. മായാവതി അഷ്റഫിനെതിരെ രാജു പാൽ എന്ന സ്ഥലത്തെ മറ്റൊരു പ്രബലനായ നേതാവിനെ നിർത്തി. രാജുവിന്റെ ചരിത്രവും അങ്ങനെ കളങ്കരഹിതമൊന്നും അല്ലായിരുന്നു. ബിഎസ്‌പിയ്ക്കുവേണ്ടി കൊല്ലും കൊലയും ചെയ്ത ഒരു ഭൂതകാലമാണ് അദ്ദേഹത്തിനും  ഉണ്ടായിരുന്നത്. കൊലപാതകക്കേസ് അടക്കം 25 ക്രിമിനൽ കേസുകളിന്മേൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു രാജു പാൽ അന്ന്. 

എന്തായാലും രാജു പാലും അഷ്റഫും തമ്മിൽ കടുത്ത പോരാട്ടം തന്നെ നടന്നു ആ ഉപതെരഞ്ഞെടുപ്പിൽ. ഫലം വന്നപ്പോൾ കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി അതീഖ് അഹമ്മദ് അഭിമാനപൂർവം കയ്യിൽ വെച്ചിരുന്ന അലഹബാദ് വെസ്റ്റ് നിയോജകമണ്ഡലത്തിൽ ബിഎസ്‌പിയുടെ വെന്നിക്കൊടി പാറി. നാലായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാജു പാൽ വിജയിച്ചു. ആ തോൽവിയോടെ അതീഖ് അഹമ്മദിന്റെ കണ്ണിലെ കരടായതാണ് രാജു പാൽ. രാഷ്ട്രീയത്തിലെ വൈരത്തിന് രാജു പാലിന് നൽകേണ്ടി വന്ന വില തന്റെ ജീവൻ തന്നെയായിരുന്നു. 

അതീഖ് അഹ്മദിനും സംഘത്തിനും ആ തോൽ‌വിയിൽ വല്ലാത്ത ഈർഷ്യയുണ്ടായിരുന്നു. ഒക്ടോബറിൽ രാജു പാൽ എംഎൽഎ ആയി ഒന്നരമാസത്തിനുള്ളിൽ, നവംബർ 21 -ന്  ആദ്യത്തെ ആക്രമണമുണ്ടായി. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ബോംബേറ് നടന്നു. ഒപ്പം വെടിവെപ്പുമുണ്ടായി. എന്നാൽ രാജു പാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു മാസത്തിനകം , വീണ്ടും രാജു പാലിന്റെ വാഹനത്തിനു നേരെ വെടിയുതിർക്കപ്പെട്ടു. അപ്രാവശ്യവും തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപെട്ടു. തന്റെ ജീവന് അതീഖ് അഹമ്മദ് എംപിയുടെ ഗാങ്ങിൽ നിന്നും ഭീഷണിയുണ്ടെന്ന് അദ്ദേഹം പൊലീസിൽ പരാതി നൽകി. സംരക്ഷണം ആവശ്യപ്പെട്ടു. ഭരണത്തിലിരുന്ന സമാജ് വാദി പാർട്ടി പൊലീസ് സംരക്ഷണം  അനുവദിക്കാൻ വിസമ്മതിച്ചു. 

ഒരു മാസത്തിനകം, വീണ്ടും രാജു പാലിന്റെ വാഹനത്തിനു നേരെ വെടിയുതിർക്കപ്പെട്ടു. അപ്രാവശ്യവും തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപെട്ടു. 

2005  ജനുവരി 25 . രാജു പാൽ എംഎൽഎ, സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ ഒരു പോസ്റ്റുമോർട്ടം നടക്കുന്ന സ്ഥലത്തേക്ക് വന്നതായിരുന്നു. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ നിന്നുമുള്ള ഒരു വിദ്യാർത്ഥിയെ ഒരു സംഘം ആളുകൾ ചേർന്ന് വധിച്ചിരുന്നു. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ നിരീക്ഷിക്കാൻ ചെന്നതായിരുന്നു അദ്ദേഹം. വൈകുന്നേരം 3  മണിയോടെ അവരുടെ സംഘം അവിടം വിട്ടു. ഒരു ക്വാളിസിൽ ആയിരുന്നു രാജു പാൽ. അദ്ദേഹം തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടെ ഒരു ബോഡി ഗാർഡും. തൊട്ടുപിന്നാലെയായി മറ്റൊരു സ്കോർപിയോയിൽ അനുചരന്മാരുടെ സംഘവും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ സംരക്ഷണത്തിനായി. അലഹബാദ് പട്ടണത്തിലെ ഏറ്റവും തിരക്കുപിടിച്ച ബൽസൻ ജംഗ്‌ഷനിൽ വെച്ച്, നേരത്തെ കാത്തുനിന്നിരുന്ന ഒരു സംഘം വാടകകൊലയാളികൾ അദ്ദേഹത്തിനുനേരെ തുരുതുരാ വെടിയുതിർത്തു. രക്ഷപ്പെടാൻ ശ്രമിച്ച അദ്ദേഹത്തിന്റെ വാഹനത്തിനു കുറുകെ മറ്റൊരു വണ്ടി കൊണ്ടിട്ട് അതിൽ നിന്നും വെടിയുണ്ടകൾ വന്നതോടെ അദ്ദേഹത്തിന് പിടിച്ചു നിൽക്കാനായില്ല.  വെടിയേറ്റ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ പിന്നിലെ സ്കോർപിയോയിൽ വന്ന അനുചരർ മറ്റൊരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നോക്കിയപ്പോൾ കൊലയാളി സംഘം വീണ്ടുമെത്തി അദ്ദേഹത്തെ വീണ്ടും വെടിയുണ്ടകൊണ്ടു മൂടി. ശരീരത്തിൽ നിരവധി ബുള്ളറ്റുകൾ തുളച്ചു കേറി, അദ്ദേഹം തൽക്ഷണം മരിച്ചു വീണു. ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തിന്റെ ശരീരത്തിൽ 19  വെടിയുണ്ടകളേറ്റിരുന്നു. 

 'പൂജാ പാൽ വിചാരണാ വേളയിൽ കോടതിയിൽ' 

അറിയപ്പെടുന്ന ഒരു പ്രാദേശിക നേതാവായിരുന്ന രാജു പാലിന്റെ കൊലപാതകത്തെത്തുടർന്ന്  അവിടെ ലഹളകൾ നടന്നു. ബോംബേറും വെടിവെപ്പും ഗ്യാങ്ങുകൾ തമ്മിലുള്ള പോരാട്ടങ്ങളും ഒക്കെ ഉണ്ടായി. സ്വാഭാവികമായും കേസ്  അതീഖ് അഹമ്മദിനും അഷ്‌റഫിനും നേരെ തിരിഞ്ഞു. തെരഞ്ഞടുക്കപ്പെട്ട എംഎൽഎ കൊല്ലപ്പെട്ടതോടെ അലഹബാദ് വെസ്റ്റിൽ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പുകൂടി നടന്നു. മരണപ്പെടുന്നതിന് പത്തു ദിവസം മുമ്പായിരുന്നു രാജു പാലിന്റെ വിവാഹം. നവ വധുവായി  

ആ വീട്ടിലേക്കു വന്നു കേറിയ പൂജാ പാലിന്റെ സന്തോഷങ്ങൾ അൽപായുസ്സായിരുന്നു.  ഭർത്താവ് നിഷ്‌ഠുരമായി  വധിക്കപ്പെട്ട് വിധവയായ പൂജയെത്തന്നെ സമാജ്‌വാദി പാർട്ടി അവിടെ സ്ഥാനാർത്ഥിയാക്കി. ബിഎസ്‌പി ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയതോ രാജു പാൽ വധക്കേസിലെ രണ്ടാം പ്രതി അഷ്റഫും. ഫലം വന്നപ്പോൾ, പ്രതീക്ഷകൾക്കു വിരുദ്ധമായി,  പതിമൂവായിരത്തിൽ പരം വോട്ടുകൾക്ക് പൂജ പരാജയപ്പെട്ടു. 2007 ൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. വീണ്ടും പൂജാ പാൽ തന്നെ ബിഎസ്‌പി സ്ഥാനാർഥി. സമാജ് വാദി പിന്നെയും അഷ്‌റഫിനെ തന്നെ നിർത്തി. ഫലം വന്നപ്പോൾ പൂജാ പാൽ  അഷ്‌റഫിനെ പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് പരാജയപ്പെടുത്തി. 

2012  ആയപ്പോഴേക്കും സമാജ്‌വാദി പാർട്ടിയുടെ മുഖഛായ മാറിത്തുടങ്ങിയിരുന്നു. അഖിലേഷ് യാദവ് എഫക്റ്റ് പാർട്ടിയെ ആവേശിച്ചു തുടങ്ങി. പാർട്ടിയിൽ നിന്നും ക്രിമിനലുകളെ അകറ്റണം എന്നതായിരുന്നു അഖിലേഷിന്റെ ലൈൻ. അത് അതീഖ് അഹമ്മദിന് വിനയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച അതീഖ് അഹമ്മദിന് അഖിലേഷ് സീറ്റ് നിഷേധിച്ചു, പകരം ജ്യോതി യാദവിനെ നിർത്തി. അദ്ദേഹം അപ്നാ ദളിന്റെ ടിക്കറ്റിൽ മത്സരിച്ചു. ഫലം വന്നപ്പോൾ അതീഖ് അഹമ്മദിന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അടി കിട്ടിക്കഴിഞ്ഞിരുന്നു. ഇരുപത്തിയഞ്ചു കൊല്ലത്തോളം എംഎൽഎയായിരുന്ന മണ്ഡലത്തിൽ മത്സരിച്ച  അതീഖിന് താൻ വെടിവെച്ചു കൊന്നയാളിന്റെ വിധവയിൽ നിന്നും ഒമ്പതിനായിരത്തിൽ പരം വോട്ടുകളുടെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു . 

'അതീഖ് അഹമ്മദ് അറസ്റ്റിലായപ്പോൾ '

2017  ൽ തെരഞ്ഞെടുപ്പ് അടുത്ത കാലത്ത്  പൂജാ പാൽ ബിജെപിയിലേക്ക് പോവും എന്നൊരു അപശ്രുതി  പരക്കാൻ തുടങ്ങി. ലാൽ ബഹാദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ സിദ്ധാർഥ് നാഥ് സിംഗിനെ തുറുപ്പുചീട്ടായി ഇറക്കി ബിജെപി രണ്ടും കല്പിച്ച് കളിച്ച കളിയിൽ പൂജാ പാലിന് കാലിടറി. സിദ്ധാർഥ് നാഥ് സിങ്ങ് ജയിച്ചു കേറി. പൂജാ പാൽ മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ടാം സ്ഥാനത്ത് സമാജ് വാദി പാർട്ടിയുടെ വിദ്യാർത്ഥി നേതാവായിരുന്ന റിച്ചാ സിങ്ങ് എത്തി. എന്തായാലും ഈ തെരഞ്ഞെടുപ്പിലേറ്റ പരാജത്തോടെ പൂജാ പാലിന് രാഷ്ട്രീയത്തോട് തന്നെ ഒരു വിരക്തി പോലെ തോന്നി. പിന്നീട് കുറേക്കാലം മണ്ഡലത്തിലേക്ക് പോവുകപോലും ചെയ്തില്ല അവർ. പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ പ്രവർത്തകരുടെ ഫോൺ വിളികൾ എടുക്കാതെ ഒരു അജ്ഞാതവാസം. അക്കാലത്ത് ബിഎസ്‌പി നേതൃത്വത്തിൽ നിന്നുള്ള നിർദേശങ്ങൾ പോലും അവഗണിക്കാൻ തുടങ്ങിയതോടെ അച്ചടക്ക നടപടിയുണ്ടായി. അവരെ ബിഎസ്‍പി പാർട്ടിയിൽ നിന്നും പുറത്താക്കി. 

അതീഖ് അഹമ്മദിന് പിന്നീടൊരിക്കലും സമാജ്‌വാദി പാർട്ടിയിലേക്ക് തിരികെയെത്താനായില്ല.

ബിഎസ്‌പിയിൽ നിന്നും പുറത്താക്കി അധികം താമസിയാതെ പൂജാ പാലിനെ അഖിലേഷ് യാദവ് സ്വാധീനിച്ച് സമാജ് വാദി  പാർട്ടി കൂടാരത്തിലേക്കെത്തിച്ചു. ഉന്നാവി'ൽ നിന്നും എം പി ടിക്കറ്റ് നൽകി. തന്റെ പാർട്ടിയിൽ തഴച്ചു വളർന്ന 'അതീഖ് അഹമ്മദ്' എന്ന തെറ്റിനെ, പൂജാ പാലിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് പരിഹരിക്കാനുള്ള ശ്രമമായിരുന്നു അഖിലേഷിന്റേത്. പലവട്ടം ശ്രമിച്ചുനോക്കിയെങ്കിലും, അതീഖ് അഹമ്മദിന് പിന്നീടൊരിക്കലും സമാജ്‌വാദി പാർട്ടിയിലേക്ക് തിരികെയെത്താനായില്ല. അതീഖിന്റെ പേരും പറഞ്ഞ് അച്ഛൻ മുലായം സിങ്ങുമായി മുഷിയേണ്ടി വന്നിട്ടുപോലും, ഓരോ വട്ടവും അഖിലേഷ് യാദവ് തന്നെയാണ് ആ ശ്രമങ്ങളെയൊക്കെ തടുത്തുപിടിച്ചത്.  അതീഖ് അഹമ്മദ് 2017 -ൽ ഫൂൽപൂരിൽ  നിന്നും ഒരിക്കൽ കൂടി സ്വതന്ത്ര സ്ഥാനാർത്ഥിയായി ഭാഗ്യപരീക്ഷണം നടത്തി നോക്കിയെങ്കിലും വീണ്ടും പരാജയപ്പെടാനായിരുന്നു യോഗം.ഇക്കുറി സമാജ്‌വാദി പാർട്ടിയും ബിഎസ്‌പിയും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പോരാട്ടത്തിൽ സഖ്യമുണ്ടാക്കിയപ്പോൾ ഉന്നാവിൽ നിന്നും അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരിക്കുന്ന പേര് പൂജാ പാലിന്റേതാണ്. 

ഒരർത്ഥത്തിൽ തന്റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന രാജു പാലിനെ  കൊന്നുകളയാൻ തീരുമാനിച്ച അന്നുമുതൽ തന്നെ അതീഖ് അഹമ്മദ് എന്ന ക്രിമിനലിന്റെ രാഷ്ട്രീയ ഭാവി കുളം തോണ്ടപ്പെട്ടുകഴിഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് വെറും പത്തു ദിവസങ്ങൾക്കുള്ളിൽ വിധവയാക്കപ്പെട്ട പൂജാ പാൽ എന്ന യുവതി, തന്റെ ഭർത്താവിന്റെ ഘാതകരെ മുച്ചൂടും മുടിക്കാൻ ദൃഢനിശ്ചയമെടുത്ത് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ പിന്നെ അതീഖ് അഹമ്മദിന്  രക്ഷയുണ്ടായില്ല. 

ഇരുപത്തഞ്ചു വർഷത്തോളം അലഹബാദ് വെസ്റ്റിലെ അനിഷേധ്യനായ ജനപ്രതിനിധിയായിരുന്ന അതീഖ് അഹമ്മദെന്ന അതികായന്, പൂജാ പാൽ എന്ന പാവപ്പെട്ട ഒരു കുടുംബിനിയുടെ കണ്ണുനീരിനു മുന്നിൽ അടിയറവു വെക്കേണ്ടി  വന്നത് തന്റെ രാഷ്ട്രീയ ഭാവി തന്നെയായിരുന്നു. 

click me!