പോസ്റ്റും പോസ്റ്ററുമല്ല ; സോഷ്യൽ മീഡിയയിൽ തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടത്.!

Published : Apr 07, 2019, 10:01 AM ISTUpdated : Apr 07, 2019, 10:57 AM IST
പോസ്റ്റും  പോസ്റ്ററുമല്ല ;  സോഷ്യൽ മീഡിയയിൽ തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടത്.!

Synopsis

സോഷ്യൽ മീഡിയ നിര്‍ണ്ണായകമാകുന്ന  ആദ്യ  തിരഞ്ഞെടുപ്പല്ല   ഇത്. സ്ഥാനാർഥികൾ എല്ലാം  തന്നെ  സോഷ്യൽ മീഡിയ പ്രചാരണത്തില്‍  കൊല കൊമ്പന്മാരെ അണിനിരത്തിയിട്ടുമുണ്ട് - നിതിൻ  ജോസ് എഴുതുന്നു

നിതിന്‍ ജോസ്

2014  പൊതു തെരഞ്ഞെടുപ്പ്  സമയം . അന്ന് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണ്.  കൊച്ചിയിലെ യുവജനങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പിന്‍റെ ചൂട് അറിയാന്‍ ഒരു ഇംഗ്ലീഷ് പത്രം തയ്യാറാക്കിയ ഫീച്ചറില്‍‌   എന്‍റെയും അഭിപ്രായം ആവശ്യപ്പെടുകയുണ്ടായി. എങ്ങനെയുള്ള സ്ഥാനാർഥിക്കായിരിക്കും വോട്ട് ചെയ്യുക എന്ന ചോദ്യത്തിന് ഞാൻ നൽകിയ  മറുപടി ഇതായിരുന്നു. "If he is well educated,brave, young(at least young at heart) and down-to-earth, he will have my vote".

ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ അച്ചടിച്ച് വന്ന പത്രം ഞാൻ  കാണുന്നത്. എന്നാൽ  അതിരാവിലെ തന്നെ ഫേസ് ബുക്ക് ഇൻബോക്സിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നു . മെസ്സജിന്‍റെ ഉള്ളടക്കം ഏറെക്കുറെ ഇങ്ങനെയാണ്. പത്രത്തിൽ കണ്ട നിലപാടിന് അഭിനന്ദനത്തോടെ രണ്ടു വരി. പിന്നെ ഞാൻ പത്രത്തിൽ പറഞ്ഞ പോലയുള്ള 'ഗുണങ്ങൾ '  ഉള്ള  ഒരാൾ എറണാകുളത്തു ഇത്തവണ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് തന്നെ വോട്ടു ചെയ്യണമെന്നുമുള്ള അഭ്യർഥന. 

രാഷ്ട്രപതിയുടെ സെക്രട്ടറിയായിരുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി ക്രിസ്റ്റി ഫെർണാണ്ടസിന്‍റെ പ്രചാരണ ടീമിലെ ഒരാളായിരുന്നു ആ 'ഡിജിറ്റൽ' വോട്ടഭ്യർഥന നടത്തിയത് . എന്‍റെ വോട്ട് പത്തനംതിട്ടയിൽ ആയിരുന്നത് കൊണ്ട് തന്നെ ആ വോട്ടഭ്യർഥന എന്നെ കാര്യമായി സ്വാധീനിച്ചില്ലെങ്കിലും ഈ ഒരു അഭ്യർഥന നടത്താൻ അദ്ദേഹം എടുത്ത ശ്രമം  ഉണ്ടാക്കിയ  മതിപ്പ്  ചെറുതല്ല.  

എന്‍റെ പേരും കോളേജും കണ്ടുപിടിച്ചു  ഫേസ്‌ബുക്കിൽ സേർച് ചെയ്തു മെസ്സേജ് അയക്കുക എന്നത് ചെറിയ  ശ്രമം ആണെങ്കിലും , അതിലൂടെ  എനിക്ക് ആ സ്ഥാനാർഥിയോട് തന്നെയാണ് മതിപ്പുണ്ടായത്. മതിപ്പുകൾ ആണല്ലോ വോട്ടായി മാറുന്നതും. തിരഞ്ഞെടുപ്പുകളിൽ എങ്ങനെയാണ് സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട് ഞാൻ പറയാറായുള്ള കഥ ഇത് തന്നെയാണ്. 

റേഡിയോ അല്ല ; പറയണം  ഒപ്പം  കേൾക്കണം 

സോഷ്യൽ മീഡിയ നിര്‍ണ്ണായകമാകുന്ന  ആദ്യ  തിരഞ്ഞെടുപ്പല്ല   ഇത്. സ്ഥാനാർഥികൾ എല്ലാം  തന്നെ  സോഷ്യൽ മീഡിയ പ്രചാരണത്തില്‍  കൊല കൊമ്പന്മാരെ അണിനിരത്തിയിട്ടുമുണ്ട്.  അതും ഒരു പുതിയ കാര്യമല്ല. ജിഫ്  ഇമേജുകൾ, വാട്ട്സപ്പിന്‌  ഇണങ്ങിയ   30 സെക്കൻഡ് വീഡിയോ തുടങ്ങി  ടിക് ടോക് വരെ  ഈ തിരഞ്ഞെടുപ്പ്  പ്രചാരണത്തിൽ   പുതിയ സാധ്യതകളായി നിൽപ്പുണ്ട് . എന്നാൽ   അതിനുമപ്പുറം , വോട്ടറുമായി  വ്യക്തിപരമായ  ബന്ധങ്ങളിലൂടെ , വോട്ടർക്ക് കാതോർത്തു കൊണ്ട്,   വിശ്വാസം നേടിയെടുക്കാനാകണം    സ്ഥാനാർഥികൾ  സോഷ്യൽ മീഡിയയിൽ  ശ്രദ്ധ  കൊടുക്കേണ്ടത്. സ്വന്തംഅഭിപ്രായം പറഞ്ഞൊപ്പിക്കാനുള്ള പ്ലാറ്റഫോമിൽ നിന്ന് വോട്ടറെ കേൾക്കാനുള്ള ഇടമാകുമ്പോഴാണല്ലോ  ശരിക്കും  സോഷ്യൽആകുന്നത്!

ചോദിച്ചു ..ചോദിച്ചു ..ലൈക്ക്  ചെയ്യും 

സ്ഥാനാർഥിയോട്  താങ്കൾ   മുമ്പ്  നടത്തിയ വികസന പ്രവർത്തനങ്ങളെ ക്കുറിച്ചു  ഒരു വോട്ടറിനു  സംശയമുണ്ടെങ്കിൽ  അതിനുത്തരം  അപ്പോൾ തന്നെ നൽകാൻ  അവരുടെ  സോഷ്യൽ മീഡിയ  ഹാൻഡിലുകൾ  സജ്ജമാകണം.  ആരോഗ്യകരമായ    ചർച്ചകളിൽ  മെൻഷൻ   ചെയ്യുമ്പോൾ , തൃപ്തികരമായ മറുപടി പറയാൻ  തയ്യാറായാൽ  അത് ഉണ്ടാക്കുന്ന മതിപ്പു  ചെറുതാകില്ല. ഫേസ്ബുക്ക്  ചാറ്റിൽ  കൃത്യമായ  ഉത്തരങ്ങൾ  കൊണ്ട്  വോട്ടറിനെ  നേരിടാൻ  കഴിഞ്ഞാൽ  അത് കൃത്രമമായി നിർമ്മിച്ചെടുക്കുന്ന  ഫോട്ടോ ഷോപ്പ്  പോസ്റ്ററുകളെക്കാളും, വീഡിയോകളെക്കാളും  ഗുണം  ചെയ്യും. 

ചില  നിർദ്ദേശങ്ങൾ  :

1. ഫോർ  ജി ഇന്‍റര്‍നെറ്റുള്ള , ഫുൾ  ടൈം  ഓൺ ലൈനിൽ  ചുറ്റുന്ന  സമൂഹത്തോടാണ്  നിങ്ങൾ  ഡിജിറ്റൽ  മീഡിയ പ്രചാരണം നടത്തുന്നത് എന്ന കാര്യം  ഓർമ വേണം. സോഷ്യൽ മീഡിയ  ‘പുതുമ ‘ അല്ലാത്ത അവരോടു വേറിട്ട ആശയങ്ങൾ കൊണ്ട്  വേണം  സംവദിക്കാൻ.

2. തിരഞ്ഞെടുപ്പ്  റാലിയിൽ  പറഞ്ഞും പറയിപ്പിച്ചും  എടുക്കുന്ന  ചിത്രങ്ങളേക്കാൾ  ഗുണം ചെയ്യുക ഏതെങ്കിലും വോട്ടർ  നിങ്ങൾക്കൊപ്പം  എടുത്ത  സെൽഫി    നിങ്ങളെ ടാഗ്  ചെയ്തു  പോസ്റ്റ്  ചെയ്യുമ്പോൾ , അതിനു  നിങ്ങൾ നൽകുന്ന  ഒരു  കമന്‍റായിരിക്കും.

3.  സ്ഥാനാർഥിയായാൽ  എന്ത് ചെയ്യും  എന്ന് ‘സ്വയം ‘ തീരുമാനിക്കാതെ  സോഷ്യൽ മീഡിയ യിൽ  നിന്ന്  അഭിപ്രായ  രൂപീകരണത്തിന്  ശ്രമം      നടത്തുക. അതിനു  ഫേസ്ബുക്ക്  പോൾ  ഉപയോഗിക്കാം.

4. മൈക്ക് പോയിന്‍റില്‍  അറ്റൻഷനായി  നിൽക്കുന്ന  പടമാകും  തിരഞ്ഞെടുപ്പ് കാലത്തു  സ്ഥാനാർഥികളുടെ  സോഷ്യൽ മീഡിയ അകൗണ്ടുകളിൽ         ഏറിയ പങ്കും . ഒരു നിക്ഷ്പക്ഷ  വോട്ടറിനെ  സംബന്ധിച്ചെടുത്തോളം  ഇതിലും  ബോറടിപ്പിക്കുന്ന  ചിത്രം വേറെ ഉണ്ടാകില്ല . ചിത്രങ്ങൾ പോസ്റ്റ്         ചെയ്യുമ്പോൾ  അതിൽ  ഒരു “ഹ്യുമൻ  എലമെൻറ്റ് “ ഉണ്ടെങ്കിൽ  ഗുണം  ചെയ്യും . ക്യാപ്‌ഷനുകളും  ലളിതമാക്കാം.

5. ജനങ്ങളുമായി  ആശയ വിനിമയം  നടത്തി , ഇമ്പ്രഷൻ  ഉണ്ടാക്കാൻ  ഫേസ് ബുക്ക്  ലൈവിനെ  കൃത്യമായി  ഉപയോഗിക്കാം . "നിനക്ക്  പറയാനുള്ളതു        പറയുക ,ഞാൻ  കേൾക്കാം ; എന്റെ  നിലപാട്  നീയും  ശ്രദ്ധിക്കുക" എന്ന  ലൈനാണ്  ലൈവുകൾ . സ്വന്തം  വോട്ടഭ്യർഥന  മാത്രം  നടത്താതെ          വോട്ടറുടെ  ചോദ്യങ്ങൾക്ക്  മറുപടി കൊടുക്കാനും  ശ്രമിക്കുക . മറുപടിയിൽ പേരെടുത്തു അഭിസംബോധന ചെയ്യുന്നതു ഗുണംചെയ്യും.

ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തിയാൽ തിരഞ്ഞെടുപ്പ്  ഫണ്ട് വരെ സ്വരുക്കൂട്ടാം എന്ന്  കനയ്യ കുമാർ   കഴിഞ്ഞ വാരം തെളിയിക്കുകയുണ്ടായി.
ക്രൗഡ്  ഫണ്ടിങ്  വെബ്സൈറ്റ്  വഴി  75 ലക്ഷം എന്ന തെരഞ്ഞെടുപ്പ് തുക കനയ്യ കണ്ടെത്തി എന്നതാണ്. ഇങ്ങനെ  വോട്ടറും  സ്ഥാനാർഥിയും  തമ്മിലുള്ള  മതിലാണ്  ആദ്യം  സോഷ്യൽ മീഡിയകൊണ്ട്  ഇടിച്ചുനിരത്തേണ്ടത്. 

തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ  “എനിക്ക്  പറയാനുള്ളത് കേട്ടോണം” എന്ന റേഡിയോ  മോഡൽ  ആശയവിനിമയ പ്ലാൻ  ആയിരിക്കരുത്  ഉപയോഗിക്കേണ്ടത്.  പറയുക  എന്നതിനേക്കാളുപരി  കേൾക്കാനുള്ള  മനസ്സാണ്  സ്ഥാനാർഥികൾ സോഷ്യൽ മീഡിയയിലും  കൊണ്ട്  വരേണ്ടത് . അത്തരം ഇടപെടലുകളായിരിക്കും  നിക്ഷ്പക്ഷ  വോട്ടർക്കിടയിൽ  മതിപ്പു  സൃഷ്ടിക്കുന്നത് . മതിപ്പുകൾ  ആണല്ലോ  വോട്ടായി മാറുന്നതും !

( ബ്ലോഗറും , ഡിജിറ്റൽ മീഡിയ  കൺസൽട്ടെന്റുമാണ്  ലേഖകൻ)

PREV
click me!

Recommended Stories

മൂന്നാം വട്ടവും പൊന്നാനിയിൽ വിജയം കൊയ്ത ഇ ടിയെ അറിയാം
എല്ലാവരും എഴുതിത്തള്ളിയിട്ടും പൊരുതി ജയിച്ച പാലക്കാട് എംപി വി കെ ശ്രീകണ്ഠനെക്കുറിച്ച് അറിയാം