
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് സിനിമ എന്ന നിലയിൽ മലയാളികളിലും ഏറെ ആവേശം ജനിപ്പിക്കുന്ന സിനിമയാണ് ഓം. ചിത്രം നവംബർ 20ന് തിയറ്ററുകളിൽ എത്തും. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ബർമ കാർത്തികേയൻ എന്നാണ് കഥാപാത്ര പേര്. സിനിമ തിയറ്ററുകളിൽ എത്താനിരിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പ്രീ റിലീസ് ഈവന്റിൽ മമ്മൂട്ടിയും ധനുഷും പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എപ്പോഴത്തേയും പോലെ തഗ്ഗ് രീതിയിലായിരുന്നു മമ്മൂട്ടിയുടെ സ്പീച്ച് എന്നത് ഏറെ ശ്രദ്ധേയമാണ്. രജനികാന്തിനൊപ്പവും ധനുഷിനൊപ്പവും അഭിനയിച്ചുവെന്ന് പറഞ്ഞ മമ്മൂട്ടി, ധനുഷിന്റെ മകനൊപ്പം അഭിനയിക്കാനുള്ള മോഹവും രസകരമായി പങ്കിട്ടു.
"ഏഴ് വർഷത്തിന് ശേഷം ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമയാണ് ഓം. പേരൻപിന് ശേഷം ഒരു തമിഴ് പടം ചെയ്യണമെന്ന് കരുതിയിരുന്നു. നിറയെ പേരോട് ചോദിച്ചു. അവരാരും എനിക്ക് അവസരം തന്നില്ല. ഓം ഒരു അവിസ്മരണീയമായ സിനിമയാണ്. ഞാൻ രജി സാറിനൊപ്പവും ധനുഷ് സാറിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ധനുഷിന്റെ മകൻ അടുത്തിരിക്കുന്നുണ്ട്. അവൻ എപ്പോൾ അഭിനയിക്കാൻ പോകുന്നെന്ന് അറിയില്ല(അവൻ എപ്പോ നടിക്ക പോറേന്ന് തെരിയില).
ഇതിലൊരുപാട്(ഓം) കഥകളുണ്ട്. സാധാരണക്കാരുടെ ഒരു മലയോര പശ്ചാത്തലത്തിലുള്ള കഥ, സായി പല്ലവിയുടെ കഥ, ധനുഷ് സാറിന്റെ കഥ, അങ്ങനെയങ്ങനെ... ഞാൻ കഥയൊന്നും പറയാൻ പോകുന്നില്ല. എനിക്ക് 45 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടെന്നാണ് അവർ പറഞ്ഞത്, പക്ഷേ ഇപ്പോൾ 6 മാസമായി. രാത്രിയോട് രാത്രിയാണ് ഷൂട്ടിംഗ്. കടത്തുകാരന്റെ കഥ രാത്രിയിലേ എടുക്കാൻ പറ്റൂ എന്നാണ് അവൻ പറയുന്നത്. ഒന്നും ചെയ്യാൻ പറ്റില്ല. പടത്തിലെ അഭിനേതാക്കളിൽ നിന്ന് എനിക്ക് ചില കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. സായ് പല്ലവിയുടെ ഭാവപ്രകടനങ്ങൾ അതിശയകരമാണ്. ധനുഷിന്റെ കഥാപാത്രമാകട്ടെ അസാധാരണവും. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കും ഓമിലേത്. സായ് പല്ലവിയെ ഞാൻ 'ഹീറോ' എന്ന് വിളിക്കും. കാരണം, സാധാരണയായി സിനിമകളിൽ നായകന്മാരാണ് ഫൈറ്റ് ചെയ്യാറുള്ളത്. എന്നാൽ സായ് പല്ലവി ഇതില്‍ ഫൈറ്റ് ചെയ്യുമ്പോൾ, നായകന്മാർ പോലും തോറ്റുപോകും. ബ്രൂസ് ലീയെപ്പോലെയാണ് അവർ ഫൈറ്റ് ചെയ്യുന്നത്. എന്റെ സംസാരം ചിലപ്പോൾ തമാശ നിറഞ്ഞതായിരിക്കും, പക്ഷേ സിനിമ വളരെ സീരിയസ് ആണ്. അത് നിങ്ങളുടെ ഉള്ളുതൊടും", എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
Megastar Mammootty arrived at the Prerelease Event of #OM 🤩🔥
In Theatres November 20th 🔥🪓
#Dhanush #Mommootty #Sreeleela #SaiPallavi #SaiAbhyankkar
https://t.co/GqIo9mCoXy
— ANANTAPUR CINEMA (@AnantapurCinema) November 6, 2026
മമ്മൂട്ടി ഒരു ഗൗരവക്കാരനാണെന്നായിരുന്നു താൻ ആദ്യം കരുതിയിരിക്കുന്നതെന്നും എന്നാൽ ഓം അതെല്ലാം മാറ്റി മറിച്ചെന്നും ധനുഷും പറയുന്നു. "മമ്മൂട്ടി സർ യഥാർത്ഥ ജീവിതത്തിൽ ഒരു മരണമാസ്സ് (തഗ്) ആളാണ്! അദ്ദേഹം ചോദ്യങ്ങൾക്കൊന്നും സാധാരണ മട്ടിലല്ല മറുപടി പറയാറുള്ളത്. ഞാൻ ഒരു മലയാളം സിനിമയിൽ ചെറിയൊരു കാമിയോ റോൾ ചെയ്തിരുന്ന സമയത്ത് അദ്ദേഹം ഭയങ്കര സൈലന്റ് ആണെന്നാണ് എനിക്ക് തോന്നിയത്. പുള്ളി ഇത്തിരി ഗൗരവക്കാരനാണെന്ന് ഞാൻ വിചാരിച്ചു. എന്നാൽ പിന്നീട് 'ഓം'-ൽ വെച്ച് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോഴാണ് എത്രമാത്രം മധുരമായി പെരുമാറുന്ന, സ്നേഹമുള്ള, തമാശക്കാരനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായത്. പുള്ളി ഭയങ്കര രസമുള്ളൊരു മനുഷ്യനാണ്", എന്നായിരുന്നു ധനുഷ് പറഞ്ഞത്.