
ഒരു പാട്ടിന്റെ ജനനത്തിന് എപ്പോഴും വലിയ ആസൂത്രണങ്ങളോ നീണ്ട ചർച്ചകളോ ഒന്നും ആവശ്യമമായി വരില്ല. ചിലപ്പോൾ സംഗീതസംവിധായകന്റെ മനസിൽ വെറുതെ പിറക്കുന്ന ഒരു ഈണം.. അതിനൊപ്പം അറിയാതെ മൂളിപ്പോകുന്ന ഏതാനും വരികൾ.. അത്രയും മതിയാകും കാലം ഓർത്തുവയ്ക്കുന്ന ഒരു ഗാനം പിറക്കാൻ. അത്തരമൊരു സർഗാത്മക നിമിഷത്തിൽനിന്നാണ് രജനീകാന്തിന്റെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളിലൊന്നായ ‘നാൻ ഓട്ടോക്കാരൻ’ പിറന്നത്. ‘ബാഷാ’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് പിന്നിൽ, സംഗീതസംവിധായകൻ ദേവയുടെ സംഗീതജീവിതത്തിലെ കൗതുകകരമായൊരു കഥയുണ്ട്. ‘കപ്പലു പാറ്’ എന്ന താൽക്കാലിക വരികളിൽനിന്നും പിറന്ന ആ പാട്ട് ഒടുവിൽ തമിഴ് സിനിമയിലെ മറക്കാനാകാത്തൊരു ഗാനമായി മാറുകയായിരുന്നു.
1995ൽ പുറത്തിറങ്ങിയ ‘ബാഷാ’ തമിഴ് സിനിമയുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ള ചിത്രമാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ മാണിക്കം എന്ന കഥാപാത്രമായി രജനീകാന്ത് നിറഞ്ഞാടിയ ചിത്രത്തിലെ ഗാനങ്ങളും വലിയ ജനപ്രീതി നേടി. കഥാപാത്രത്തിന്റെ ചുറുചുറുക്കും നഗരജീവിതവുമായുള്ള ബന്ധവും പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം ഒരുക്കുകയായിരുന്നു സംവിധായകൻ സുരേഷ് കൃഷ്ണയുടെയും സംഗീതസംവിധായകൻ ദേവയുടെയും ലക്ഷ്യം. ആദ്യഘട്ടത്തിൽ ബോണി എം പോലുള്ള പാശ്ചാത്യ ബാൻഡുകളുടെ ശൈലിയിൽ ഒരു ഗാനം ഒരുക്കാൻ ശ്രമിച്ചെങ്കിലും കഥാപാത്രത്തിന് ഇണങ്ങുന്ന ഈണം കണ്ടെത്താനായില്ല. അങ്ങനെയാണ് ചെന്നൈ തെരുവുകളിൽ താൻ പാടിവളർന്ന ‘ഗാനാ’ സംഗീതശൈലിയിലേക്ക് ദേവ തിരിയുന്നത്.
പുതിയ ഈണം പരീക്ഷിക്കുന്നതിനിടെ ദേവ ‘കപ്പലു പാറ്’ എന്നു തുടങ്ങുന്ന ചില വരികൾ മൂളിപ്പാടി. ‘കപ്പല് പാറ് കപ്പല് പാറ് .. കപ്പല് മെലേ ഡോറ പാറ്, ഡോറ കീഴേ ആയ പാറ്, ആയ കൈയില കൊഴന്തൈ പാറ്’ എന്നിങ്ങനെയായിരുന്നു ആ വരികളുടെ തുടർച്ച. കപ്പലും അതിലുള്ള വിദേശിയായ ഡോറയും കയ്യിൽ കുഞ്ഞുമായി നിൽക്കുന്ന ആയയായ സ്വദേശി സ്ത്രീയുമൊക്കെ ആയായിരുന്നു ഈ ഡമ്മി വരികളിലെ പരാമർശങ്ങൾ. ഈ താളമാണ് പിന്നീട് ‘നാൻ ഓട്ടോക്കാരൻ’ എന്ന ഗാനത്തിന്റെ അടിത്തറയായത്.
ആ ഡമ്മി വരികളിൽ വലിയ സാഹിത്യഭംഗിയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അതിലൊരു സ്വാഭാവികതയും താളവും ഉണ്ടായിരുന്നു. ദേവയുടെ ഈണം കേട്ട രജനീകാന്തിനും സംവിധായകൻ സുരേഷ് കൃഷ്ണയ്ക്കും ആ ശൈലി ഇഷ്ടമായി. ഈണം മാറ്റേണ്ടെന്ന നിലപാടിലായിരുന്നു രജനീകാന്ത്. അങ്ങനെ, ഒരു സംഗീതപരീക്ഷണമായി തുടങ്ങിയ ആശയം പതിയെ സിനിമയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.
ഈണത്തിന് അനുസരിച്ച് വരികൾ എഴുതാനുള്ള ചുമതല പിന്നീട് ഗാനരചയിതാവ് വൈരമുത്തുവിനായി. വെറും പത്ത് മിനിറ്റിനുള്ളിൽ അദ്ദേഹം വരികൾ തയ്യാറാക്കിയെന്നാണ് കഥകൾ. ദേവയുടെ സംഗീതവും എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദവും രജനീകാന്തിന്റെ സവിശേഷമായ സ്ക്രീൻ പ്രസൻസുമെല്ലാം ഒത്തുചേർന്നപ്പോൾ ‘നാൻ ഓട്ടോക്കാരൻ’ ആരാധകരുടെ മനസിൽ ഇടംപിടിച്ചു. നഗരത്തിന്റെ താളവും സാധാരണക്കാരന്റെ ജീവിതവുമെല്ലാം നിറഞ്ഞുനിന്ന ആ ഗാനം മാണിക്കം എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി.
ദേവയുടെ സംഗീതത്തിന്റെ പ്രത്യേകതയും ഇതുതന്നെ ആയിരുന്നു. സങ്കീർണമായ സംഗീതപരീക്ഷണങ്ങൾക്കപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഈണങ്ങളും താളങ്ങളും കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. തെരുവുകളിൽനിന്നും സാധാരണ മനുഷ്യരുടെ ജീവിതത്തിൽനിന്നും ഊർജം ഉൾക്കൊണ്ട അദ്ദേഹത്തിന്റെ സംഗീതം, സിനിമയിലെ കഥാപാത്രങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
‘നാൻ ഓട്ടോക്കാരൻ’ എന്ന ഗാനത്തിന്റെ ജനപ്രീതിക്ക് സംഗീതത്തോടൊപ്പം രജനീകാന്തിന്റെ അവതരണവും നിർണായകമായി. നൃത്തസംവിധായകൻ തരുണ് കുമാറാണ് ഗാനരംഗത്തിന്റെ ചുവടുകൾ ഒരുക്കിയത്. ചിത്രീകരണത്തിന് മുന്നോടിയായി അമ്പതോളം പിന്നണി നർത്തകരെ ഉൾപ്പെടുത്തി പരിശീലനം നടത്തി. പിന്നീട് നൂറിലധികം നർത്തകരുടെ സാന്നിധ്യത്തിലാണ് ചെന്നൈയിലെ വിജയ വാഹിനി സ്റ്റുഡിയോയിൽ ഗാനരംഗം ചിത്രീകരിച്ചത്. നാല് ദിവസം കൊണ്ടാണ് ഈ ഗാന ചിത്രീകരണം പൂർത്തിയാക്കിയത്.
പാട്ടിനിടെ ക്യാമറയിലേക്ക് നേരിട്ട് നോക്കി പുഞ്ചിരിക്കുകയും കൈകൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന രജനീകാന്തിന്റെ രംഗങ്ങൾ ഇന്നും ആരാധകർ ഓർത്തെടുക്കാറുണ്ട്. കഥാപാത്രമായി നൃത്തം ചെയ്യുന്നതിനൊപ്പം പ്രേക്ഷകരുമായി നേരിട്ട് സംവദിക്കുന്നതുപോലെയുള്ള ആ അവതരണം ഗാനത്തിന് മറ്റൊരു മാനം നൽകി. ‘അണ്ണാമലൈ’യിലെ ‘വന്തേൻഡാ പാലക്കാരൻ’ എന്ന ഗാനത്തിലും കണ്ടിരുന്ന ഈ ശൈലി, രജനീകാന്തിന്റെ താരപ്രഭയുടെ മറ്റൊരു അടയാളപ്പെടുത്തലായി.
ദേവയുടെ സംഗീതയാത്രയെക്കുറിച്ച് പറയുമ്പോൾ ‘ഗാനാ’ ശൈലിയെ മാറ്റിനിർത്താനാകില്ല. ചെന്നൈയുടെ, പ്രത്യേകിച്ച് നഗരത്തിന്റെ വടക്കൻ പ്രദേശങ്ങളുടെ, തെരുവുസംസ്കാരവുമായി അടുത്ത ബന്ധമുള്ള ഈ സംഗീതരൂപം സാധാരണ മനുഷ്യരുടെ ജീവിതമാണ് പാടുന്നത്. പ്രണയം, വിരഹം, തമാശ, ദൈനംദിന പ്രയാസങ്ങൾ, സാമൂഹിക യാഥാർഥ്യങ്ങൾ—എല്ലാം ലളിതമായ ഭാഷയിലും സ്വാഭാവികമായ താളത്തിലും ഗാനാ പാട്ടുകളിൽ ഇടംപിടിക്കുന്നു.
ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടകളേക്കാൾ പ്രാദേശിക ഭാഷയുടെ ഒഴുക്കിനും താളത്തിന്റെ ഊർജത്തിനുമാണ് ഈ ശൈലി പ്രാധാന്യം നൽകുന്നത്. തൊഴിലാളിവർഗത്തിന്റെയും നഗരത്തിലെ സാധാരണ ജനങ്ങളുടെയും ജീവിതത്തിൽനിന്ന് വളർന്ന ഈ സംഗീതം വിവാഹങ്ങൾ, ആഘോഷങ്ങൾ, തെരുവുപരിപാടികൾ തുടങ്ങി വിവിധ സാമൂഹിക സന്ദർഭങ്ങളുടെ ഭാഗമായിരുന്നു.
ഗാനാ സംഗീതത്തെ തമിഴ് സിനിമയുടെ മുഖ്യധാരയിലേക്ക് കൂടുതൽ ശക്തമായി എത്തിച്ച സംഗീതസംവിധായകരിൽ പ്രധാനിയാണ് ദേവ. 1990കളിൽ അദ്ദേഹത്തിന്റെ സംഗീതത്തിലൂടെ ഈ ശൈലി വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് എത്തി. നാട്ടുഭാഷയും തെരുവുതാളങ്ങളും സിനിമയുടെ സംഗീതഭാഷയാകാമെന്ന് അദ്ദേഹം തെളിയിച്ചു. ജനങ്ങൾക്ക് പരിചിതമായ ശബ്ദങ്ങളെ ജനപ്രിയ സിനിമയുടെ ഭാഗമാക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മികവ്.
ഒരു സംഗീതസംവിധായകന്റെ സർഗാത്മകത അളക്കേണ്ടത് അദ്ദേഹം ഒരുക്കുന്ന ഈണങ്ങളുടെ സങ്കീർണതകൊണ്ട് മാത്രമല്ല. കേൾക്കുന്നവരുടെ മനസിൽ എത്രകാലം അവ നിലനിൽക്കുന്നു എന്നതും പ്രധാനമാണ്. ദേവയുടെ സംഗീതത്തിന് ആ പ്രത്യേകതയുണ്ടായിരുന്നു. സാധാരണക്കാരന്റെ ഭാഷയും ജീവിതവും താളവും ചേർത്തുപിടിച്ച അദ്ദേഹത്തിന്റെ ഗാനങ്ങൾ, സിനിമ കഴിഞ്ഞാലും ജനങ്ങളുടെ ഓർമകളിൽ തുടർന്നു.
‘കപ്പലു പാറ്’ എന്ന താൽക്കാലിക വരികളിൽനിന്ന് ‘നാൻ ഓട്ടോക്കാരൻ’ എന്ന ജനപ്രിയ ഗാനത്തിലേക്കുള്ള യാത്ര അതിന്റെ മനോഹരമായ ഉദാഹരണമാണ്. വലിയൊരു ഗാനമായി മാറുമെന്ന് ഉറപ്പില്ലാതെ മൂളിയ ഈണം, പിന്നീട് രജനീകാന്തിന്റെ ആരാധകരുടെ ആവേശത്തിന്റെ ഭാഗമായി. ഒരു കഥാപാത്രത്തിന്റെ സ്റ്റൈലിനെയും ഒരു നഗരത്തിന്റെ ജീവിതത്തെയും ഒരുമിച്ച് അടയാളപ്പെടുത്തിയ പാട്ടായി അത് മാറി.
ചില ഗാനങ്ങൾ കേൾക്കുമ്പോൾ ഓർമ വരുന്നത് ഈണമാണ്. ചിലത് കേൾക്കുമ്പോൾ ഒരു കാലഘട്ടം മനസിലേക്ക് തിരിച്ചെത്തും. ‘നാൻ ഓട്ടോക്കാരൻ’ അത്തരമൊരു ഗാനമാണ്. അതിന്റെ താളത്തിൽ മാണിക്കത്തിന്റെ ചുറുചുറുക്കുണ്ട്; രജനീകാന്തിന്റെ താരപ്രഭയുണ്ട്; ചെന്നൈയുടെ തെരുവുകളുടെ ജീവനുണ്ട്. ഒപ്പം ഈണം മൂളിയ ദേവയുടെ സർഗാത്മകതയുമുണ്ട്. ആ ചെറിയ സംഗീതപരീക്ഷണം ഒരു വലിയ ഗാനമായി വളർന്ന കഥ, ദേവയുടെ സംഗീതയാത്രയിലെ കൗതുകകരമായ ഓർമ മാത്രമല്ല. സംഗീതം ചിലപ്പോൾ എത്ര ലളിതമായി പിറക്കാമെന്നും അത്തരം ലാളിത്യം എങ്ങനെ തലമുറകളുടെ മനസിൽ ഇടംനേടാമെന്നും ഓർമിപ്പിക്കുന്ന അനുഭവം കൂടിയാണ്.