
2017ലെ കസബ വിവാദം ഓർമ്മയില്ലേ.. കേരള രാജ്യാന്തര ചലച്ചിത്രമേളയെ സംബന്ധിച്ച ഒരു ചർച്ചനടക്കുകയാണ്. മാധ്യമങ്ങളും പങ്കെടുക്കുന്നുണ്ട്. മമ്മൂട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് വേദിയിൽ സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. ആദ്യം സിനിമയുടെ പേര് പറയുന്നില്ലെങ്കിലും പിന്നീട് സുഹൃത്തുകൂടിയായ ഗീതു മോഹൻദാസിൻ്റെ നിർബന്ധപ്രകാരം സിനിമയുടെ പേര് കൂടി പറയുന്നു പാർവതി. കസബയിലെ നായക കഥാപാത്രം സ്ത്രീകളോട് മോശമായി സംസാരിക്കുന്നതും അപമാനിക്കുന്നതുമായ സംഭാഷണങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നായിരുന്നു പാർവതി പറഞ്ഞതിൻ്റെ ചുരുക്കം. എന്നാൽ പിന്നാലെ പൊട്ടിപ്പുറപ്പെട്ട സൈബർ ആക്രമണങ്ങൾ സമാനതകളില്ലാത്തതാണ്. സിനിമയ്ക്കെതിരെ ഉന്നയിച്ച വിമർശനത്തിനു പിന്നാലെ വ്യക്തിഹത്യയും കൊലവിളിയും ബലാത്സംഗ ഭീഷണിയുംവരെയുയർന്നു.
2017 ഡിസംബറിലാണ് വിവാദമുണ്ടാകുന്നത്. രണ്ടുമാസത്തിനിപ്പുറം 2018 ഫെബ്രുവരിയിൽ ടേക്ക് ഓഫ് സിനിമയിലെ പ്രകടനത്തിന് പാർവതിക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നു. അവാർഡ് വാങ്ങാൻ വേദിയിലേയ്ക്ക് കയറിയ പാർവതിയെ ആൾക്കൂട്ടം കൂകിവിളിക്കാൻ തുടങ്ങി. പതുക്കെ നടക്കാനും കാലുതട്ടി വീഴാതിരിക്കാനും പഠിച്ചുവന്ന പ്രസംഗം പൂർത്തിയാക്കാനും തന്നെ തന്നെ ഓർമ്മിപ്പിച്ചുകൊണ്ട് പാർവതി ആ പുരസ്കാരം ഏറ്റുവാങ്ങി. അന്നത്തെ ആ ദുരനുഭവത്തെക്കുറിച്ച് അടുത്തിടെ പാർവതി പറഞ്ഞത് 'ആ ഏഴു മിനിറ്റ് തനിക്ക് ഏഴു വർഷമായി തോന്നി' എന്നാണ്. ജനക്കൂട്ടം കൂകി വിളിച്ചു, പലരും മാറ്റിനിർത്തി. എന്നാൽ അന്ന് താൻ നടത്തിയ പരാമർശങ്ങളെ തിരുത്തിപ്പറയാൻ ഇന്നും ആഗ്രഹമില്ലെന്ന് അവർ ആവർത്തിച്ചു.
പാർവതിയുടെ മുഖം സ്ക്രീനിൽ കണ്ടാൽ, സമൂഹമാധ്യമങ്ങളിലെ പോസ്റ്റിനടിയിൽ അങ്ങനെ എല്ലായിടത്തും അസഭ്യവും അധിക്ഷേപവും ആക്രമണങ്ങളും അഴിച്ചിവിട്ടു. അധിക്ഷേപിക്കാൻ വേണ്ടി മാത്രം 'ഫെമിനിച്ചി' എന്നൊരു വാക്ക് തന്നെ കൊയിൻ ചെയ്തു സോഷ്യൽ മീഡിയ. എന്നാൽ ആ അധിക്ഷേപ വിളിയോട് പാർവതിയുടെ പ്രതികരണവും 'റിബല്യസ്' എന്ന വാക്കിൽ കുറഞ്ഞതല്ല. ഫെമിനിച്ചി എന്ന് എംബ്രോയിഡറി ചെയ്ത പെഴ്സുമായി അവർ പൊതുമധ്യത്തിൽ വന്നു. റിമ കല്ലിങ്കൽ ഉൾപ്പെടെ മലയാള സിനിമാ വ്യവസയത്തിലുള്ള മറ്റു ചിലരും അഭിമാനത്തോടെ ഫെമിനിസ്റ്റ് ബാഡ്ജ് ധരിച്ച് തങ്ങൾക്കെതിരെ ഉപയോഗിച്ച വാക്കിൻ്റെ യഥാർഥ ശക്തി തിരിച്ചുപിടിച്ചു.
2015ലാണ് തൻ്റെ പേരിനു പിന്നിലെ ജാതിപ്പേര് ഉപേക്ഷിക്കുന്നതായി പാർവതി പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക രേഖകളിലടക്കം പേരിൽ മാറ്റം വരുത്തിക്കൊണ്ടായിരുന്നു ഈ പ്രഖ്യാപനം. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം നീതിക്കുവേണ്ടി പോരാടിയ മലയാള സിനിമയിലെ പെൺശബ്ദങ്ങളിൽ ഒന്ന് പാർവതിയുടേതാണ്. വുമൺ ഇൻ സിനിമ കളക്ടീവിൻ്റെ രൂപീകരണവും മലയാള സിനിമയിലെ, സ്വന്തം തൊഴിലിടത്തിലെ അനീതികളെക്കുറിച്ച് സംസാരിക്കാൻ തുനിഞ്ഞതുമെല്ലാം പാർവതിയെ തൊഴിൽ നിഷേധത്തിനു പോലും പാത്രമാക്കി. പിന്നാലെ 2020ൽ ആണ് 'AMMA' എന്ന താര സംഘടനയിൽ നിന്ന് പാർവതി രാജിവയ്ക്കുന്നത്.
മലയാള സിനിമയിലെ ചർച്ചകളെ തന്നെ മാറ്റിമറിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം, wccയുടെ പരിശ്രമത്തിൽ മലയാള സിനിമാമേഖലയിലെ ലിംഗസമത്വവും സ്ത്രീകളുടെ സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും പഠിക്കാൻ ഹേമ കമ്മറ്റി രൂപീകരിക്കപ്പെട്ടു. സിനിമയിലെ പവർഗ്രൂപ്പുകൾക്കെതിരെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ഇൻഡസ്ട്രിയുടെ ഇരട്ടത്താപ്പുകൾക്കെതിരെയും തുടർച്ചയായി സംസാരിക്കാൻ കാണിച്ച പാർവതി തുടർന്നും ആർജ്ജവം കാണിച്ചു. കസബ വിവാദത്തിനു ശേഷം സോഷ്യൽ മീഡിയ ആക്രമണങ്ങൾക്കെതിരെ നടത്തിയ നിയമ പോരാട്ടങ്ങൾ തനിക്ക് മാത്രമുള്ളതല്ലെന്നും പിന്നാലെ വരുന്ന തലമുറയ്ക്കു കൂടിയുള്ളതാണെന്നും അവർ വ്യക്തമാക്കി. സമപ്രായക്കാരിൽ ഏറ്റവും അഭിനയശേഷിയുള്ള നടിയായി പേരെടുത്തിട്ടും അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നുവെന്ന പരിഗണനപോലും നിഷേധിച്ചിട്ടുണ്ട് മലയാള സിനിമ അവർക്ക്. മലയാളത്തിലെ ഏറ്റവും വലിയ താരസംഘടനയുടെ ഭാഗമാകാതെ ആറ് വർഷം അതിജീവിച്ച തനിക്ക് ആ സംവിധാനത്തിലേയ്ക്ക് ഒരു തിരിച്ചുപോക്കില്ലെന്നും അവർ അടുത്തിടെ വ്യക്തമാക്കി.
2021ൽ ലൈംഗിക അതിക്രമ ആരോപണം നേരിട്ട റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്തതിനെ തുടർന്ന് വീണ്ടും സൈബർ ആക്രമണങ്ങൾ. പോസ്റ്റിന് നൽകിയ ലൈക് പിൻവലിച്ച് പരസ്യമായി പാർവതി മാപ്പ് പറഞ്ഞെങ്കിലും അവർക്കെതിരെയുള്ള സൈബർ ആക്രമണം തുടർന്നുവന്നു. ആദ്യമായല്ല ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പറഞ്ഞ പാർവതി തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതിൽ ലജ്ജയില്ലെന്നും പ്രതികരിച്ചിരുന്നു. ഏറ്റവും ഒടുവിൽ ടോക്സിക്കുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പാർവതിയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടു.
പാർവതി തിരുവോത്തിനോളം ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും തുടർച്ചയായ ഹേറ്റ്ക്യാമ്പെയ്നും അതിജീവിച്ച മറ്റൊരു അഭിനേതാവും മലയാള സിനിമയിൽ ഇല്ല. രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതിൻ്റെ പേരിൽ എപ്പോഴെങ്കിലുമൊക്കെ ആക്രമിക്കപ്പെട്ട അഭിനേതാക്കളും താരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നേരിടുന്ന അവഗണനകളും കുറ്റപ്പെടുത്തലുകളും അഭിനയമികവുകൊണ്ടും പോരാട്ട വീര്യംകൊണ്ടുമാണ് പാർവതി തിരുവോത്ത് നേരിട്ടത്. എല്ലാ പ്രതിസന്ധികളും താണ്ടി ഇക്കാലയളവിൽ തന്നിലേക്കെത്തിയ സിനിമകളിലെ പ്രകടനങ്ങൾ കൊണ്ട് 'ദിസ് ഈസ് പാർവതി തിരുവോത്ത്' എന്ന് ഉറച്ചുപറഞ്ഞിട്ടുണ്ടവർ. പുഴു, ഉള്ളൊഴുക്ക് ഒക്കെ മലയാളത്തിൽ എടുത്തു പറയേണ്ട പ്രകടനങ്ങൾ ആകുമ്പോൾ തമിഴിലും ഹിന്ദിയിലുമെല്ലാം മികച്ച കഥാപാത്രങ്ങളുമായി കരിയർ വ്യാപിക്കിക്കുകയാണ് പാർവതി.
20 വർഷത്തെ കരിയറിൽ നാല്പതോളം സിനിമകൾ മാത്രമാണ് പാർവതി അഭിനയിച്ചത്. 2015ലും 2017ലും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ, 2017ൽ ദേശീയ പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം. ഇപ്പോൾ തിയേറ്ററുകളിലുള്ള പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ പൂർണ്ണമായും ഒരു പാർവതി പടമാണ്. പാർവതിയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് പോലെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത പാർവതിക്ക് ഒരല്പം പേഴ്സണൽ ആണ്. മലയാള സിനിമയിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ പാർവതി തിരുവോത്തിൻ്റെ ആദ്യ സോളോ ഹിറ്റിലേക്കാണ് ചിത്രം നീങ്ങുന്നത്. പ്രകടനങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും മലയാളത്തിലെ ഏതെങ്കിലും ഒരു അഭിനേതാവ് നമ്മളെ തുടർച്ചയായി വിസ്മയിപ്പിക്കുന്നുണ്ടെങ്കിൽ അഭിമാനം കൊള്ളിക്കുന്നുണ്ടെങ്കിൽ, അത് പാർവതി തിരുവോത്താണ്. ഇനി സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ് പാർവതി തിരുവോത്ത്. തൻ്റെ വാക്കുകളിലുള്ള വ്യക്തത തൻ്റെ സിനിമയ്ക്കും കാണുമെന്നും പൊളിറ്റിക്കൽ ആയിരിക്കും അതെന്നും പാർവതി വ്യക്തമാക്കിക്കഴിഞ്ഞു. ആ സംവിധായക അരങ്ങേറ്റത്തിനും ഇനി അധികനാളില്ല!