
പുതുതലമുറയിലെ പ്രതിഭാധനരായ അഭിനേതാക്കളെ ഇന്ന് ഏറ്റവുമധികം കണ്ടെത്തുന്നത് മലയാള സിനിമയാണെന്ന് മറ്റ് ഇൻഡസ്ട്രികളിലുള്ള സിനിമാ നിരീക്ഷകർ പലപ്പോഴും പറയാറുണ്ട്. അത് ശരിയുമാണ്. വാർപ്പ് മാതൃകകളെയെല്ലാം പൊളിക്കുന്ന പരീക്ഷണങ്ങൾ തുടർച്ചയായി നടക്കുന്ന, അത് ജനം ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഏറ്റവും മനോഹര കാലത്താണ് മലയാള സിനിമ എന്നതാണ് അതിന് കാരണം. മലയാളത്തിൻറെ യുവനായക നിരയിലേക്ക് പ്രതീക്ഷ പകർന്ന് എത്തിയിരിക്കുന്ന ഏറ്റവും പുതിയ എൻട്രിയാണ് സന്ദീപ് പ്രദീപ്. ഏറ്റവും പുതിയ ചിത്രം എക്കോ തിയറ്ററിൽ കൈയടി നേടുമ്പോൾ അതിന് ഒരു കാരണക്കാരൻ സന്ദീപ് കൂടിയാണ്.
സമീപകാല മലയാള സിനിമയുടെ തെരഞ്ഞെടുപ്പുകളെ പോസിറ്റീവ് ആയി സ്വാധീനിച്ചതിൽ കൊവിഡ് കാലത്തിന് ഒരു വലിയ പങ്കുണ്ട്. ചലച്ചിത്ര പ്രവർത്തകർക്കും പ്രേക്ഷകർക്കും ദൃശ്യഭാഷയിൽ അപ്ഡേറ്റഡ് ആവാൻ അവസരം ലഭിച്ച ഘട്ടം. അതിന് വഴിതെളിച്ചതോ ഒടിടി പ്ലാറ്റ്‍ഫോമുകളുടെ ജനകീയതയും. ട്രാഫിക്കിൽ നിന്ന് തുടങ്ങി മഹേഷിൻറെ പ്രതികാരവും കുമ്പളങ്ങി നൈറ്റ്സും അടക്കമുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമ നടത്തിയ പരീക്ഷണങ്ങൾ അതിന് മുൻപേ ഉണ്ടായിരുന്നുവെങ്കിലും പ്രേക്ഷകരുടെ കാഴ്ചാ സംസ്കാരത്തിന് വേഗത്തിൽ മാറ്റമുണ്ടാക്കിയത് കൊവിഡ് കാലമാണ്. കൊവിഡ് കാലത്തിനിപ്പുറം മാറിയ മലയാള സിനിമയിൽ നടത്തിയ മികച്ച തെരഞ്ഞടുപ്പുകളിലൂടെയാണ് സന്ദീപ് പ്രദീപ് മോളിവുഡിൽ തൻറെ സ്ഥാനം ഉറപ്പിക്കാനുള്ള ആദ്യ ശ്രമങ്ങളിൽ വിജയിച്ചുനിൽക്കുന്നത്.
ആലപ്പുഴ ജിംഖാനയില്‍ സന്ദീപ് പ്രദീപ്
ഡയലോഗ് പറയുന്നതിനേക്കാളും വൈകാരിക രംഗങ്ങളിൽ അഭിനയിക്കുന്നതിനേക്കാളും അഭിനേതാക്കൾക്ക് പലപ്പോഴും വെല്ലുവിളി ഉയർത്തുന്നത് സ്ക്രീനിൽ സഹതാരങ്ങൾ പെർഫോം ചെയ്യുമ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ നിൽക്കുമ്പോഴാണ്. അവിടെ നിങ്ങൾക്ക് വൃത്തിയായി സ്വയം പ്ലേസ് ചെയ്യപ്പെടാൻ സാധിച്ചാൽ നിങ്ങൾ പകുതി വിജയിച്ചു. സിനിമക്കാരുടെ കണ്ണിൽ നിങ്ങൾ തീർച്ചയായും പെടും. പതിനെട്ടാം പടിയിലൂടെ അരങ്ങേറി അന്താക്ഷരിയും ഫാലിമിയും പുറത്തെത്തി നിൽക്കുന്ന സമയത്താണ് ഏറ്റവും പുതിയ ചിത്രം എക്കോയിലേക്കുള്ള ക്ഷണം സന്ദീപിന് ലഭിക്കുന്നത്. അന്താക്ഷരിയിലെ കാർത്തിക് എന്ന കഥാപാത്രമാണ് എക്കോ തിരക്കഥാകൃത്ത് ബാഹുൽ രമേശിൻറെയും സംവിധായകൻ ദിൻജിത്ത് അയ്യത്താൻറെയും കണ്ണിൽ ഉടക്കിയത്. നിയന്ത്രിതമായ പ്രകടനമാണ് സന്ദീപിലേക്ക് തന്നെ ആകർഷിച്ചതെന്ന് ബാഹുൽ രമേശ് പറഞ്ഞിട്ടുണ്ട്.
പടക്കളത്തില്‍ സന്ദീപ് പ്രദീപ്
കരിയറിൻറെ തുടക്കകാലത്തും മികച്ച രീതിയിൽ അത് പ്ലാൻ ചെയ്ത് എടുക്കുന്ന സ്മാർട്ട് ആയ പുതുതലമുറയുടെ പ്രതിനിധിയാണ് സന്ദീപ്. ഓഡിഷനിലൂടെ പടിനെട്ടാം പടിയിൽ അരങ്ങേറിയ സന്ദീപ് പിന്നീട് ചെയ്ത ഓരോ ചിത്രങ്ങളിലും ആ തെരഞ്ഞെടുപ്പിൻറെ മികവ് കാണാം. ഏതെങ്കിലും ഒരു രീതിയിലുള്ള കഥാപാത്രങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രത ഈ യുവനടൻ കാണിച്ചിട്ടുണ്ട്. അതിൻറെ ഫലമാണ് ഇപ്പോൾ എക്കോയിൽ കൈയടി നേടുന്ന പ്രകടനമികവ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ അന്താക്ഷരിക്ക് ശേഷം സന്ദീപിൻറേതായി തിയറ്ററുകളിലെത്തിയ മൂന്ന് ചിത്രങ്ങളും വിജയങ്ങളായിരുന്നു. ഫാലിമി, ആലപ്പുഴ ജിംഖാന, പടക്കളം എന്നിവയായിരുന്നു അവ. പടക്കളത്തിലൂടെ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപിന് എക്കോയിൽ ഇതുവരെ അവതരിപ്പിച്ചതിൽ നിന്നൊക്കെ ഏറെ വിഭിന്നമായ ഒരു കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്. ഒരു മലമ്പ്രദേശത്ത് ഒരു മുതിർന്ന സ്ത്രീ മാത്രമുള്ള വീട്ടിൽ സഹായിയായി നിൽക്കുന്ന പിയൂസ്. ബോഡി ലാംഗ്വേജിലെ മാറ്റവും നിയന്ത്രിതമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ സൂക്ഷ്മതയുമൊക്കെ വേണ്ട ഒരു കഥാപാത്രം. ഇത്ര ചുരുങ്ങിയ കാലത്തെ ക്യാമറയ്ക്ക് മുന്നിലുള്ള പരിചയത്താൽ പിയൂസിനെ മികവുറ്റതാക്കിയ സന്ദീപിന് ഇനി പോകാനുള്ള ദൂരങ്ങൾ വലുതാണ്. അത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.