7000 രൂപക്ക് തുടങ്ങിയ 'പാഞ്ചാലി വസ്ത്ര', ഇപ്പോള്‍ വരുമാനം രണ്ട് കോടി; പുത്തന്‍ സന്തോഷം പങ്കുവച്ച് മീത്ത് മിറി

Published : Dec 31, 2025, 04:07 PM IST
meeth miri

Synopsis

മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെങ്കിലും മീത്ത്, മിറി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്. മീത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

സോഷ്യല്‍ മീഡിയയിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീല്‍സും ഡാന്‍സ് വീഡിയോകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളുമൊക്കെയാണ് ഇവരുടെ കണ്ടെന്റ്. സമൂഹ മാധ്യമങ്ങളില്‍ മാത്രമല്ല റിയാലിറ്റി ഷോയിലൂടെയും ചാനല്‍ പരിപാടികളിലൂടെയും സജീവമാണ് മീത്തും മിറിയും. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെങ്കിലും മീത്ത്, മിറി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. തലശ്ശേരിയാണ് സ്ഥലം. അതുകൊണ്ടു തന്നെ ഇവരുടെ കണ്ണൂര്‍ സ്ലാങ്ങിനും ഫാന്‍സ് ഏറെയാണ്. മീത്തുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.

ജീവിതം തുടങ്ങുന്നത്

അച്ഛനും അമ്മയും സർക്കസ് ആർട്ടിസ്റ്റുകളായിരുന്നു. ചെറുപ്പത്തില്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയാണ് കുടുംബം കഴിഞ്ഞത്. പലപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിഞ്ഞുപോയിരുന്നത്. മോഡലിങ്, സിനിമയൊക്കെ അന്നും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ അവസ്ഥ കൊണ്ട് അന്നൊന്നും ആഗ്രഹം നേടാൻ കഴിഞ്ഞില്ല. അച്ഛന് സർക്കസില്‍ ജോലി ഉണ്ടായിരുന്നത് കൊണ്ട് മുംബൈയിലാണ് പഠിച്ചത്. പിന്നീട് ബ്ലാംഗ്ലൂരുവിലായിരുന്നു എന്‍റെ ജോലി.

അറേഞ്ച്ഡ് മാര്യേജായിരുന്നു

ഞങ്ങളുടെ രണ്ടുപേരുടെയും വീട് തലശ്ശേരി ആയിരുന്നു. അതും പത്ത് മിനിറ്റ് നടന്നുപോകാവുന്ന ദൂരം മാത്രമേ ഉണ്ടായിരുന്നോള്ളൂ. നാട്ടില്‍ അധികം നിന്നിട്ടില്ലാത്ത കൊണ്ട് മിറിനെ മുമ്പ് കണ്ടിട്ടില്ല. മിറി എഞ്ചിനീയറിംഗ് പഠിച്ചതും, ജോലി ചെയ്തിരുന്നതും ബാംഗ്ലൂരിലായിരുന്നു. ഇത് വീട്ടുകാര്‍ കൊണ്ടു വന്ന ആലോചനയാണ്. പ്രൊപ്പോസല്‍ വന്നപ്പോള്‍ ആദ്യം മിറിക്ക് താല്‍പര്യം ഇല്ലായിരുന്നു. പിന്നെയാണ് കല്യാണത്തിന് സമ്മതം അറിയിച്ചത്. എന്‍റെ സിസ്റ്ററും കസിനുമൊക്കെയാണ് അവളെ ആദ്യം പോയി കാണുന്നത്. അവര്‍ക്ക് അവളെ ഇഷ്ടപ്പെട്ടു, എന്നോട് ബാംഗ്ലൂരിവില്‍ വെച്ച് മിറിയെ പോയി കാണാന്‍ പറഞ്ഞു. അതൊരു കരൺ ജോഹർ മൂവിയിലെ പെണ്ണ് കാണലൊക്കെ പോലെയായി മാറി. ഞാന്‍ റിജക്റ്റ് ചെയ്യാന്‍ വേണ്ടി തന്നെ ഒരു കോലത്തിലാ മിറി വന്നത്. പഴയ ഒരു ചുരിദാറും തലയിലൊക്കെ ഫുൾ വെളിച്ചെണ്ണയും തേച്ച് പറ്റിച്ച് മുഖത്ത് ചെറിയൊരു കരിവാളിപ്പൊക്കെ ആക്കിയാണ് മിറി വന്നത്. ഞാൻ എങ്ങനെയെങ്കിലും റിജക്ട് ചെയ്യണമല്ലോ അതിനുവേണ്ടി അങ്ങനെ വന്നതാ. അതുപോലെ തന്നെ നടക്കുകയും ചെയ്തു. പക്ഷേ പിന്നീട് ഒരു ദിവസം ഞാൻ ഓഫീസിൽ പോകുമ്പോഴാണ് മിറിനെ റോഡിൽ വെച്ച് കണ്ടത്. ഭയങ്കര ഭംഗി, അപ്പോള്‍ ഞാന്‍ ചോദിച്ചു അന്ന് കണ്ടയാള്‍ തന്നെയാണോ എന്ന്. അപ്പോഴാണ് അവള്‍ പറയുന്നത് മന:പൂര്‍വ്വം അന്ന് അങ്ങനെ വന്നതാ എന്നൊക്കെ. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. വീണ്ടും ഇത് പ്രൊസീഡ് ചെയ്യാമെന്ന് ഞങ്ങള്‍ കരുതിയപ്പോള്‍ വീട്ടില്‍ ജാതക പ്രശ്നം. ഞങ്ങളുടെ ജാതകങ്ങള്‍ തമ്മിൽ ചേരില്ല. അതുകൊണ്ട് അവർക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. പിന്നീട് കുറച്ച് കഷ്ടപ്പെട്ടാണ് വിവാഹത്തിലേയ്ക്ക് എത്തിച്ചത്. 2018-ലായിരുന്നു വിവാഹം. വിവാഹദിവസം ഞാന്‍ എത്തിയതും താമസിച്ചാണ്, താലി കെട്ടുന്നതും മുഹൂർത്തസമയം കഴിഞ്ഞതിന് ശേഷം.

കണ്ടെന്‍റ് ക്രിയേഷന്‍

വിവാഹത്തിന് മുമ്പ് തന്നെ മിറി ഡബ്‌സ്മാഷ് വീഡിയോകളൊക്കെ നന്നായി ചെയ്യുമായിരുന്നു. വിവാഹം ഉറപ്പിച്ച സമയത്ത് ഞാനും മിറിയും കൂടി ഒരുമിച്ച് വീഡിയോ ചെയ്യാന്‍ തുടങ്ങി. വിവാഹം കഴിഞ്ഞയുടന്‍ കപ്പിൾ ടാറ്റൂ ചെയ്ത വീഡിയോ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് 48 മില്യൺ വ്യൂസ് കിട്ടി. അതാണ് ഞങ്ങളുടെ ആദ്യ ഗ്ലോബൽ വൈറൽ വീഡിയോ. പിന്നീട് ഒരിക്കല്‍ നമ്മൾ നാട്ടിൽ വന്നപ്പോള്‍ കണ്ണൂർ ഭാഷയിൽ സംസാരിച്ചുകൊണ്ട് ചില വീഡിയോകള്‍ ടിക്ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അതും ഭയങ്കരമായിട്ട് റീച്ച് ആയി. ആദ്യം വീഡിയോ ചെയ്യുന്നതിന് മിറിയുടെ വീട്ടില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് ഞങ്ങളുടെ ഒരു ബീച്ച് ഫോട്ടോഷൂട്ട് വൈറൽ ആയതോടെ ചില ടൈറ്റിലുകൾ വിവാദത്തിലേക്ക് എത്തുകയും ചെയ്തു. പ്രീ വെഡിങ് ഷൂട്ട് എന്ന രീതിയിൽ ആണ് ആദ്യം പ്രചരിപ്പിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം നടത്തിയ ഫോട്ടോഷൂട്ടായിരുന്നു അത്. ഞങ്ങൾ വസ്ത്രം ധരിച്ചിട്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ വളരെ മോശം രീതിയിൽ ആണ് ചില ഓൺലൈൻ മാധ്യമങ്ങൾ വിവാദത്തിലേക്ക് എത്തിച്ചത്. ആ സമയത്തൊക്കെ മിറിയുടെ അച്ഛന്‍ ഇതൊക്കെ നിര്‍ത്താന്‍ ഞങ്ങളോട് പറഞ്ഞായിരുന്നു. പക്ഷേ കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞു മനസിലാക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് വീട്ടുകാരും നല്ല സപ്പോര്‍ട്ട് ആണ്.

റിയാലിറ്റി ഷോ

ടിക് ടോക്കില്‍ ഒരു മില്യൺ ഫോളോവേഴ്സ് അടിച്ചതിന്‍റെ കേക്ക് മുറി ആഘോഷം കഴിഞ്ഞതും ഇന്ത്യയില്‍ ടിക് ടോക്ക് ബാന്‍ ചെയ്ത വാര്‍ത്തയെത്തി. അതോടെ പലരും കളിയാക്കി തുടങ്ങി. നിങ്ങളുടെ കളി തീർന്നു, എന്തായിരുന്നു ബഹളം എന്നൊക്കെ. പക്ഷേ അതൊന്നും കാര്യമായി ഞങ്ങളെ ബാധിച്ചിട്ടില്ല, നമ്മള്‍ അപ്പോഴെക്കും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും സജ്ജീവമാകാന്‍ തുടങ്ങി. അതിനിടെ കൊവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോമായതോടെ ഞങ്ങള്‍ നാട്ടില്‍ എത്തി. ആ സമയത്ത് നമുക്ക് റിയാലിറ്റി ഷോയില്‍ ഓഫറും ലഭിച്ചു. അങ്ങനെ ഞാന്‍ രാജി വയ്ക്കുകയായിരുന്നു. ടോപ്പ് ഫൈവ് വരെ ഞങ്ങള്‍ക്ക് എത്താനും സാധിച്ചു. കൂടാതെ കൂടുതല്‍ ആളുകള്‍ ഞങ്ങളെ തിരിച്ചറിയാനും തുടങ്ങി.

ഡാന്‍സ് മുതല്‍ കോമഡി കണ്ടെന്‍റുകള്‍ വരെ

തുടക്കത്തില്‍ കണ്ണൂര്‍ സ്ലാങ്ങില്‍ ചെയ്തിരുന്ന ഓൺ വോയിസ് വീഡിയോകളാണ് ഏറ്റവും കൂടുതല്‍ വര്‍ക്കായത്. ഇപ്പോള്‍ ഡാന്‍സ് വീഡിയോകള്‍, കോമഡി കണ്ടെന്‍റുകള്‍, ഒപ്പം ഓണ്‍ വോയ്സ് വീഡിയോകള്‍ തുടങ്ങിയവയാണ് കൂടുതലും ചെയ്യുന്നത്. ഡെയിലി ലൈഫിൽ നടക്കുന്ന പല കാര്യങ്ങളും തന്നെയാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നെ ആലോചിച്ച് കിട്ടുന്ന കണ്ടെന്‍റുകളുമുണ്ട്. ചിലത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുന്നതും ചെയ്യും. നമ്മള്‍ സ്ഥിരമായി ലോങ് വീഡിയോകളോ, വ്ളോഗോ ചെയ്യാറില്ല. എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ മാത്രമാണ് അത്തരം വീഡിയോകള്‍ ചെയ്യുന്നത്. പിന്നെ മ്യൂസിക് മാത്രം വരുന്ന ഷോർട്സുകള്‍ ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള ഓഡിയൻസിലേക്ക് എത്താന്‍ സഹായിക്കും. എനിക്ക് ചെറുപ്പം മുതലേ അഭിനയം, ഫാഷൻ, മോഡലിങ് തുടങ്ങിയവയൊക്കെ ഇഷ്ടമായിരുന്നു. മിറിക്കും ഇപ്പോള്‍ ആക്ടിങ് ഇഷ്ടമാണ്.

ബോഡി ഷെയ്മിംഗ്

ബോഡി ഷെയ്മിംഗ് ഇഷ്ടംപോലെ അനുഭവിച്ചിട്ടുണ്ട്. ആദ്യമൊക്കെ നെഗറ്റീവ് വരുമ്പോള്‍ ഞാൻ നല്ല രീതിയില്‍ മറുപടി കൊടുക്കുമായിരുന്നു. ഇപ്പോള്‍ പിന്നെ അത്തരം കമന്‍റുകള്‍ കുറഞ്ഞുവെന്ന് തോന്നുന്നു. പക്ഷേ ഇപ്പോഴും മറക്കാന്‍ പറ്റാത്തത് മിറി ഗര്‍ഭിണിയായിരുന്ന സമയത്ത് വന്നിരുന്ന കമന്‍റുകളാണ്. അവള്‍ ആ സമയത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി നെഗറ്റീവ് കമന്‍റുകള്‍ വന്നു. 'ഇവരുടെ കുഞ്ഞ് ചത്തുപോകും', ' ഇവർക്കൊന്നും കുഞ്ഞിനെ കിട്ടാൻ പാടില്ല', 'ഇവർക്ക് കുഞ്ഞിനെ ദൈവം കൊടുത്തതിന്‍റെ അഹങ്കാരമാണ്', 'കുഞ്ഞിനെ എടുക്കാനുള്ള ഭാഗ്യം ഇവർക്കുണ്ടാവില്ല' അങ്ങനെ നിരവധി. ഇതൊക്കെ എന്നെ ശരിക്കും വേദനിപ്പിച്ചു. മകന്‍ വന്ന ശേഷമുള്ള വീഡിയോയില്‍ ഇതിലും ഭീകരമായിരുന്നു കമന്‍റുകള്‍. 'ഈ കുട്ടി ഇതുവരെ മരിച്ചില്ലേ', 'ഇതെങ്ങനെ ജീവനോടെ നിൽക്കുന്നു', 'ഇത് മരിക്കേണ്ടതാണല്ലോ', 'ഈ കുട്ടിയെ കാണാൻ ഒരു ഭംഗിയില്ല', 'ഇതിനെ കാണാൻ ഒരു വയസ്സനെ പോലെയുണ്ടല്ലോ', 'ഇത് ഇവന്‍റെ കുട്ടി തന്നെയാണോ' അങ്ങനെയൊക്കെയുള്ള കമന്‍റുകള്‍ വന്നു. മിറിനെ കമന്‍റുകള്‍ നോക്കാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. ഇങ്ങനെയും മനുഷ്യര്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്തുപോയി ഞാന്‍.

'പാഞ്ചാലി വസ്ത്ര'

'പാഞ്ചാലി വസ്ത്ര' എന്ന പേരില്‍ സാരികളുടെ മാത്രം ഒരു ഓണ്‍ലൈന്‍ ബിസിനസാണ് ഞങ്ങള്‍ തുടങ്ങിയത്. വെറും 7000 രൂപ കൊണ്ടാണ് ഞങ്ങള്‍ ഇത് തുടങ്ങിയത്. ഇപ്പോള്‍ രണ്ട് കോടിയുടെ വരെ ബിസിനസ് ഞങ്ങള്‍ക്കുണ്ട്. പാഞ്ചാലി വസ്ത്രിയുടെ ഒരു ഷോറൂം സ്റ്റാർട്ട് ചെയ്യാനും പ്ലാനുണ്ട്. പിന്നെ മറ്റൊരു സന്തോഷം ഞങ്ങളുടെ സ്വപ്ന വീടാണ്. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിഞ്ഞത്. ജനുവരി നാലിനാണ് പാലുകാച്ചല്‍.

 

PREV
Read more Articles on
click me!

Recommended Stories

'കുട്ടി ആയില്ലേ എന്നായിരുന്നു ആദ്യ ചോദ്യം, കുട്ടി ഇല്ലാണ്ടായിപ്പോട്ടേ എന്നായി പിന്നെ കമന്‍റ്'; നെഗറ്റീവ് കമന്‍റുകളെ കുറിച്ച് രാജേഷ് ചിന്നു
'എന്‍റെ കല്യാണത്തിനാണ് അച്ഛനെയും അമ്മയെയും ഒരുമിച്ച് കണ്ടത്, ഇപ്പോള്‍ എന്നോടും അവര്‍ പിണങ്ങി'; ആദര്‍ശ്