Latest Videos

മണിച്ചിത്രത്താഴ് പിറന്ന വഴികൾ

By Ambili PFirst Published May 31, 2022, 5:39 PM IST
Highlights

നെഞ്ചിൽ കൈ വച്ച് ഒരു കറക്കുകറക്കി ചോദിച്ചു..'ഒരു പലക വച്ച് അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാൽ പോരെ ?' അതെ , അന്ന് സുരേഷ് ഗോപി പറഞ്ഞ ആ വാക്കുകൾ തന്നെയാണ് ഇന്നും പ്രേക്ഷകർ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സിലൂടെ കാണുന്നത്..

കുലൻ ജീവിക്കുകയും വേണം, കാരണവരെ കൊന്ന് നാഗവല്ലിക്ക് പക തീർക്കുകയും വേണം. കാരണവരായും നകുലനായും ആകെയുള്ളത് ഒരു സുരേഷ് ഗോപി മാത്രം. തിരക്കഥ എഴുത്തിൽ വഴി മുട്ടിപ്പോയ സമയം. കാലം 1993 ന് മുൻപാണ്. സാങ്കേതിക വിദ്യയും ഗ്രാഫിക്സ് മാജിക്കുമൊന്നും മലയാള സിനിമയിൽ അത്രകണ്ട് സാധാരണമല്ലാത്ത കാലം. മാത്രമല്ല, കണ്ടിരിക്കുന്ന പ്രേക്ഷകനെ കൂടി ബോധ്യപ്പെടുത്തണമല്ലോ.. തലപുകഞ്ഞ് ആലോചിച്ച് കാലങ്ങൾ കഴിച്ചുകൂട്ടിയ മധുമുട്ടത്തിനും ഫാസിലിനും മുന്നിലേക്ക് ഒരു ദിവസം സുരേഷ് ഗോപി തന്നെ ചെന്നു. നെഞ്ചിൽ കൈ വച്ച് ഒരു കറക്കുകറക്കി ചോദിച്ചു..'ഒരു പലക വച്ച് അപ്പുറവും ഇപ്പുറവും കിടത്തി കറക്കിയാൽ പോരെ ?' അതെ , അന്ന് സുരേഷ് ഗോപി പറഞ്ഞ ആ വാക്കുകൾ തന്നെയാണ് ഇന്നും പ്രേക്ഷകർ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ക്ലൈമാക്സിലൂടെ കാണുന്നത്..

ക്ലൈമാക്സ് മാത്രമല്ല, മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഓരോ രംഗങ്ങളും കഥാപാത്രങ്ങളും പാട്ടുകളും ലൊക്കേഷനും ഒക്കെ ഇങ്ങനെ അപ്രതീക്ഷിതമായാണ് എഴുത്തുകാരന്റേയും സംവിധായകന്റേയും മുന്നിലേക്ക് എത്തിയത്. മണിച്ചിത്രത്താഴ് എന്ന സിനിമ പുറത്തിറങ്ങി 29 വർഷമാകുന്പോഴും ഇന്നും പുതുമ നഷ്ടപ്പെടാതെ,  ശരാശരി മലയാളി ആസ്വദിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്.അടുത്ത സീൻ എന്തെന്ന് കാണാപാഠമെങ്കിലും ആകാംഷയ്ക്ക് കുറവില്ലാതെ സ്ക്രീനിന് മുന്നിൽ പിടിച്ചിരുത്തുന്ന ഒരു ആകർഷണീയതയുണ്ട് ആ ചിത്രത്തിന്. മണിച്ചിത്രത്താഴ് എന്ന സിനിമയുണ്ടായതിന്റെ കഥയാണ് ഫാസിൽ തന്റെ 'മണിച്ചിത്രത്താഴും മറ്റ് ഓർമകളും' എന്ന പുസ്തകത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

ചാത്തനേറ് എന്ന ഒറ്റവാക്കിൽ തുടങ്ങിയതാണ് സിനിമയെ കുറിച്ചുള്ള ആലോചന. പതിയെ പതിയെ അത് മാനസികരോഗമുള്ള ഗംഗയിലേക്കും നകുലനിലേക്കും എത്തി. മാസങ്ങൾ പിന്നിട്ടാണ് കാരണവരിലേക്കും തഞ്ചാവൂരിൽ നിന്ന് വന്ന നാഗവല്ലിയിലേക്കും കാമുകൻ രാമനാഥനിലേക്കുമെല്ലാം മധുമുട്ടം എന്ന കഥാകൃത്ത് എത്തിച്ചേരുന്നത്. മധുമുട്ടത്തിന്റെ തിരക്കഥ എഴുത്തിനിടയിൽ ഫാസിൽ മറ്റ് 2 സിനിമകൾ സംവിധാനം ചെയ്തിരുന്നു. എന്റെ സൂര്യപുത്രിയും പപ്പയുടെ സ്വന്തം അപ്പൂസും.

ബോളിവുഡ് 'ഹൃദയ'ത്തില്‍ നായകനാകാൻ സെയ്‍ഫ് അലി ഖാന്റെ മകൻ?

മണിച്ചിത്രത്താഴിന്റെ ജീവസും ഓജസുമാണ് ഗംഗ എന്ന കഥാപാത്രം. ഈ കഥാപാത്രത്തിന്റെ സൃഷ്ടിയിലേക്ക് എത്തിയതും രസകരമായ ഒരു കഥയാണ്. സിനിമയുടെ ചർച്ചാവേളയിൽ ഒരു ദിവസം മധുമുട്ടം ഫാസിലിന്റെ മുന്നിലെത്തുന്നു. കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു ആഴ്ചപ്പതിപ്പും അതിനുള്ളിലൊരു പേപ്പറും. എന്താണ് പേപ്പറിലെന്ന് ചോദിക്കുന്പോൾ മധുവിന്റെ മറുപടി. ഓ അത് പണ്ടെഴുതിയ ഒരു കവിതയാ..ഇതാണ് ആ കവിത

വരുവാനില്ലാരുമില്ലൊരുനാളുമീ
വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളരാളാരോ വരുവാനുണ്ടെന്നു
ഞാൻ വെറുതേ മോഹിക്കുമല്ലോ...

അതെ, ഈ വരികളിലൂടെയാണ് ഗംഗ എന്ന കഥാപാത്രത്തിന്റെ ഉള്ളറകളിലേക്ക് സംവിധായകൻ ഇറങ്ങിച്ചെന്നത്. ഈ കവിത പിന്നീട് മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടായി മാറുകയും ചെയ്തു.

ഗംഗ, നാഗവല്ലിയായി മാറി തമിഴ് പറയുന്ന നിമിഷങ്ങളിലെല്ലാം ശോഭനയ്ക്ക് ശബ്ദം നൽകിയത് ദുർഗ എന്ന തമിഴ് ഡബ്ബിംഗ് ആർട്ടിസ്റ്റ്. ഏറെക്കാലത്തോളം ഡബ്ബിംഗ് പൂർണമായും ചെയ്തത് താനാണെന്ന് തെറ്റിദ്ധരിച്ചിരുന്നു ഭാഗ്യലക്ഷ്മി.. മോഹൻലാലിന്റെ കഥാപാത്രം കുളിക്കാൻ എത്തുന്പോൾ കെപിഎസി ലളിതയുടെ കഥാപാത്രവുമായി സംസാരിക്കുന്ന ഒരു നർമരംഗമുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് ഡബ്ബിംഗിന് എത്തിയപ്പോഴാണ് ലളിത അങ്ങനെയൊരു സീനിനെ കുറിച്ച് അറിയുന്നത് തന്നെ. ഞാൻ അറിയാതെ ഷൂട്ട് ചെയ്തതല്ലേ, ഡബ്ബ് ചെയ്യില്ല എന്ന് കെപിഎസി ലളിതയ്ക്ക് വാശി.ഒടുവിൽ അനുനയിപ്പിച്ചത് എങ്ങനെയെന്നോ ? ചേച്ചീ ഇതൊരു കുളിസീനല്ലേ, ചേച്ചിയുടെ കുളിസീൻ ഉൾപ്പെടുത്താത്തത് നന്നായില്ലേ എന്നൊരു ചോദ്യം. പിന്നെ കണ്ടത് അഭിനയിച്ചിട്ടില്ലാത്ത സീനിൽ, ഡബ്ബ് ചെയ്ത് തകർക്കുന്ന കെപിഎസി ലളിതയെ.

കൂട്ടത്തിലൊരുവനായപ്പോഴും ഒറ്റയാനായി നടന്ന ജോണ്‍ എബ്രഹാം

ഇങ്ങനെ മണിച്ചിത്രത്താഴ് എന്ന സിനിമയുടെ  ഓരോ ഷോട്ടും ഓരോ കഥകളാണ്. തൃപ്പൂണിത്തുറ ഹിൽ പാലസും തക്കല പത്മനാഭപുരം പാലസും തമിഴ്നാട്ടിലെ വാസൻ ഹൗസുമൊക്കെയാണ് നമ്മൾ കാണുന്ന മാടന്പള്ളി തറവാട്. ഇന്നസെന്റിന്റെ കഥാപാത്രം കുട മറന്നുവയ്ക്കുന്ന പൂമുഖം ഹിൽപാലസും നാഗവല്ലി നൃത്തം ചെയ്യുന്ന സ്ഥലം പത്മനാഭപുരം പാലസും കാരണവരേയും നാഗവല്ലിയേയും കുടിയിരുത്തിയ തെക്കിനി വാസൻ ഹൗസുമാണ് എന്നറിയുന്പോഴാണ് കഥയുടേയും കഥയ്ക്ക് പിന്നിലെ സംഭവങ്ങളുടേയും കൗതുകം പൂർണമാവുക.
 

click me!