Asianet News MalayalamAsianet News Malayalam

Hridayam : ബോളിവുഡ് 'ഹൃദയ'ത്തില്‍ നായകനാകാൻ സെയ്‍ഫ് അലി ഖാന്റെ മകൻ?

സെയ്‍ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ 'ഹൃദയം' റീമേക്കില്‍ നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട് (Hridayam).

Saif Ali Khan son to make his bollywood debut with Hridayam hindi remake report
Author
Kochi, First Published May 30, 2022, 1:29 PM IST


മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും ഹിറ്റായി മാറിയ ചിത്രമായിരുന്നു 'ഹൃദയം'. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹൻലാല്‍ നായകനായ 'ഹൃദയം'  കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.  ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇപ്പോഴിതാ 'ഹൃദയം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലെ നായകനെ കുറിച്ചാണ് പുതിയ വാര്‍ത്ത (Hridayam).

സെയ്‍ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനെ നായകനെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കരണ്‍ ജോഹറിന്റെ 'റോക്കി ഓര്‍ റാണി കി പേരം കഹാനി'യുടെ അസോസിയേറ്റാണ് ഇബ്രാഹിം.  സ്റ്റാര്‍ സ്റ്റുഡിയോസും കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷൻസുമാണ് 'ഹൃദയ'ത്തിന്റെ റീമേക്ക് റൈറ്റ്‍സ് സ്വന്തമാക്കിയത്. ഇബ്രഹാമിന്റെ സഹോദരി സാറ അലി ഖാൻ നേരത്തെ 'കേദര്‍നാഥ്' എന്ന് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയിരുന്നു. ഹൃദയം റീമേക്ക് ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിനു ദര്‍ശനയ്‍ക്കും പുറമേ കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിച്ചു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമായിരുന്നു 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ.

പ്രണവ് മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് 'ഹൃദയം'. 'ഹൃദയം' അമ്പത് കോടി ക്ലബിലെത്തിയതായി നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധിയേയും അതിജീവിച്ചാണ് 'ഹൃദയം' വൻ ഹിറ്റായി മാറിയത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ ആദ്യ വാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാം വാരം 6.70 കോടിയും നേടി. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

'അരുണ്‍ നീലകണ്ഠൻ' എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. 'അരുണ്‍ നീലകണ്ഠന്റെ' 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രം അടയാളപ്പെടുത്തുന്നത്.  15 ഗാനങ്ങളാണ് ചിത്രത്തില്‍ മൊത്തം ഉണ്ടായിരുന്നത്. പൃഥ്വിരാജും വിനീത് ശ്രീനിവാസനുമൊക്കെ ചിത്രത്തിനായി പാടി. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ ആദ്യമായി പിന്നണി ഗായികയാകുകയും ചെയ്‍തു. കെ എസ് ചിത്രയുടെ അതിമനോഹരമായ ഒരു ഗാനവും ചിത്രത്തിലുണ്ടായിരുന്നു. വിനീത് ശ്രീനിവാസന്റെയും സുഹൃത്തുക്കളുടെയും കോളേജ് കാലത്തെ ചില അനുഭവങ്ങളും  ഓര്‍മകളുമൊക്കെയിരുന്നു 'ഹൃദയ'ത്തിനായി സ്വീകരിച്ചത്. 'ഹൃദയം' എന്ന ചിത്രത്തെ അഭിനന്ദിച്ച് വിവിധ ഭാഷകളിലെ അടക്കം ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിന്റെ ഓഡിയോ സിഡി കാസറ്റുകളും പുറത്തിറക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios