ചെയ്ത സിനിമകൾ കൊണ്ട് ബ്രാന്റായി മാറിയ പ്രൊഡക്ഷൻ ഹൗസ്; മലയാളത്തിന്റെ സ്വന്തം ഭാവന സ്റ്റുഡിയോസ്; ബെത്‌ലഹേം കുടുംബ യൂണിറ്റ് ബ്ലോക്ക്ബസ്റ്ററിലേക്ക്

Published : Aug 22, 2026, 02:38 PM IST
Bhavana Studios

Synopsis

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാവന സ്റ്റുഡിയോസ്, ഗുണമേന്മയുള്ള സിനിമകൾക്ക് പേരുകേട്ട നിർമ്മാണ കമ്പനിയാണ്. Bhavana Studios

നായകന്റെ പേര് നോക്കി മാത്രം സിനിമ കാണുന്ന പതിവ് ശീലങ്ങളിൽ നിന്ന് വ്യത്യസ്‍തമായി മലയാളി പ്രേക്ഷകർ ഇന്ന് സംവിധായകന്റെയും മറ്റ് അണിയറപ്രവർത്തകരുടെ പേരുകൾക്കും വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാൽ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ പേര് നോക്കി, കണ്ണും പൂട്ടി ടിക്കറ്റ് എടുക്കണമെങ്കിൽ അതിന്റെ ഭാവന സ്റ്റുഡിയോസ് എന്നാവണം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരത്തിൽ ആയിരിക്കാം ഒരുപക്ഷെ ഭാവന സ്റ്റുഡിയോസ് എന്ന പേര് ആദ്യം പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. അതെ, വിൻസെന്റ് ഭാവനയുടെ എല്ലാമെല്ലാമായ ഭാവന സ്റ്റുഡിയോസ്. മഹേഷിന്റെ പ്രതികാരത്തിനൊപ്പം മലയാള സിനിമ വളർന്നു, ഒപ്പം ഭാവന സ്റ്റുഡിയോസും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ഗിരീഷ് എഡി- നിവിൻ- മമിത കൂട്ടുകെട്ടിലൊരുങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസിലാണ് ചിത്രം മുന്നേറുന്നത്. പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗിരീഷ് എഡിയും ഭാവന സ്റ്റുഡിയോസും ഒന്നിച്ച ചിത്രം ആദ്യ ദിനം തൊട്ട് ഹൗസ് ഷോകളോടെ മുന്നേറുകയാണ്.

മലയാളത്തിന്റെ മിനിമം ഗ്യാരന്റി

ഇന്ന് മലയാള സിനിമ പ്രേമികളെ സംബന്ധിച്ചടത്തോളം ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് ഒരു മിനിമം ഗ്യാരന്റിയാണ്. അതിനെ ഊട്ടിയുറപ്പിക്കുന്നതാണ് അവരുടെ ഇതുവരെയിറങ്ങിയിട്ടുള്ള സിനിമകളെല്ലാം. അതിന്റെ അമരത്തുള്ളത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്ന മൂവർ സംഘം. ഏഴ് വർഷത്തിനിടെ ആകെ ഇറങ്ങിയത് ആറ് സിനിമകൾ. ആറ് ചിത്രങ്ങളും മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നവ.

2019 ൽ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ഭാവന സ്റ്റുഡിയോസ് നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലെ ഫീൽ ഗുഡ് സിനിമകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി അന്ന ബെൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളെത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. കുമ്പളങ്ങിക്ക് ശേഷം കോവിഡ് കാലഘട്ടത്തിൽ ജോജി എന്ന ക്രൈം ത്രില്ലർ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തി. ഫഹദിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് . ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടിയത്.

2022 ൽ ബേസിൽ ജോസഫ് നായകനായി എത്തിയ പാൽതു ജാൻവർ ആയിരുന്നു ഭാവന സ്റ്റുഡിയോസിന്റെ ആ വർഷം പുറത്തിറങ്ങിയ ചിത്രം. നവാഗതനായ സംഗീത് പി രാജൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു. ബേസിലിന്റെ ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം ഷഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം റിലീസായി. ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെയും ബിജു മേനോന്റെയും പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

2024 ൽ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിച്ച പ്രേമലു പുറത്തിറങ്ങി. കേവലം 3 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 130 കോടിക്ക് അടുത്താണ് സ്വന്തമാക്കിയത്. ഗിരീഷ് എഡി- നസ്ലെൻ- മമിത ബൈജു കോംബോയിലെത്തിയ ചിത്രം കേരളത്തിന് പുറത്തും വലിയ ഓളമാണ് സൃഷ്ടിച്ചത്. മലയാള സിനിമയ്ക്ക് മറ്റ് ഭാഷകളിൽ സ്വാധീനം ചെലുത്താൻ പ്രേമലു വഹിച്ച ചെറുതല്ല. പ്രേമലുവിന് ശേഷം ഗിരീഷ് എഡി- മമിത ബൈജു- ഭാവന സ്റ്റുഡിയോസ് ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടെ നായകനായി നിവിനും. ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണത്തിന് മലയാളികൾക്ക് മറ്റൊരു ഓപ്‌ഷൻ ഇല്ലെന്ന് തന്നെയാണ് ടിക്കറ്റ് ബുക്കിംഗ് നൽകുന്ന സൂചനകൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

നിർമ്മാണം കൂടാതെ മലയാളത്തിലെ മികച്ച സിനിമകളുടെ വിതരണത്തിന്റെയും കൂടി ഭാഗമാണ് ഭാവന സ്റ്റുഡിയോസ് കൂടാതെ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ഇന്റിപെന്റന്റ് മ്യൂസിക് വീഡിയോകളും ഹ്രസ്വ ചിത്രങ്ങളും സ്വതന്ത്ര സിനിമകളും അവർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാറുണ്ട്. ഫഹദ് ഫാസിലിനെ നായകനായി എത്തുന്ന കരാട്ടെ ചന്ദ്രൻ ആണ് ഭാവന സ്റ്റുഡിയോസിന്റെ അടുത്ത പ്രൊജക്ട്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ് ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ്.

PREV
Read more Articles on
click me!

Recommended Stories

അനു​ഗ്രഹം തേടി..; മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിലെത്തി വിസ്മയയും സുചിത്രയും, 'തുടക്കം' നാളെ മുതൽ
'അവൻ ഫോൺ എടുത്താൽ വലിയ കാര്യം, തോന്നുമ്പോൾ നമ്മളെ വിളിക്കും'; പ്രണവിനെ കുറിച്ച് മോഹൻലാലും സുചിത്രയും