ഇന്ത്യന്‍ സ്ക്രീനിലെ സദാചാര കാപട്യങ്ങളെ പൊളിച്ച പ്രതിഭ; ഋതുപര്‍ണോ ഘോഷിന്‍റെ ഓര്‍മ്മയ്ക്ക് എട്ട് വര്‍ഷം

By Web TeamFirst Published May 30, 2021, 12:38 PM IST
Highlights

വിഖ്യാത ബംഗാളി ചലച്ചിത്ര പ്രതിഭ ഋതുപർണോഘോഷിന്‍റെ എട്ടാം ചരമവാ‍ർഷികത്തിൽ അവരുടെ പോരാട്ടങ്ങളെയും സിനിമകളെയും ഓർക്കുകയാണ് ശരത് കൃഷ്ണ

പന്ത്രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും നിരവധി  അന്തർദേശിയ പുരസ്‌കാരങ്ങളും നേടിയ അതുല്യ പ്രതിഭയായിരുന്നു ബംഗാളി ഫിലിംമേക്കര്‍ ആയ ഋതുപർണോ ഘോഷ്. ദേശിയ - അന്തർ ദേശിയ ചലച്ചിത്ര മേളകളിലെല്ലാം നിറസാന്നിധ്യമായിരുന്നു ഋതുവും ഋതുവിന്‍റെ സിനിമകളും. പക്ഷേ ഒരുപാട് കഥകൾ പറയാൻ ബാക്കി വച്ച് ഋതുപർണോഘോഷ് കാലയവനികയിൽ മറഞ്ഞിട്ട് ഇന്നേക്ക് എട്ട് വർഷങ്ങൾ പിന്നിടുന്നു. 2013 മെയ്‌ 30ന് തന്‍റെ നാൽപ്പതിയൊമ്പതാം വയസ്സിലാണ് അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെ തുട‍ർന്ന് കൊൽക്കത്തയിൽ വച്ച് ഋതു മരണപ്പെടുന്നത്. ഗാനരചയിതാവ്, അഭിനേതാവ്, തിരക്കഥാകൃത്ത്, ഡയറക്ടര്‍ തു‌ടങ്ങി സിനിമയുടെ ഏത് റോളിലും തിളങ്ങിയ അത്ഭുത പ്രതിഭയായിരുന്നു ഋതു.

ഡോക്യൂമെന്‍ററി സംവിധായകനും ചിത്രകാരനുമായ പിതാവ് സുനിൽ ഘോഷിന്‍റെ പാത പിന്തുടർന്നാണ് ഋതു സിനിമയുടെ ലോകത്തേക്ക് എത്തിയത്. വൈകാതെ തന്നെ ഇന്ത്യൻ സിനിമ ച‍ർച്ച ചെയ്യുന്ന ചലച്ചിത്ര പ്രതിഭാസമായി മാറാൻ ഋതുവിനായി. 1992-ൽ പുറത്തിറങ്ങിയ 'ഹിരേർ ആംഗ്തി' മുതൽ  2013-ൽ മരണാനന്തരം പുറത്തിറങ്ങിയ 'സത്യാന്വേഷി' വരെ രണ്ട് ദശാബ്ദത്തോളം നീണ്ടുനിന്ന ചലച്ചിത്ര സപര്യയായിരുന്നു അത്.

 

ബംഗാൾ ഇന്ത്യയ്ക്ക് സമ്മാനിച്ച രണ്ട് അമൂല്യരത്നങ്ങൾ - രബീന്ദ്രനാഥ ടാഗോറും സത്യജിത് റേയും. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിൽ ഋതുവിനെ ഏറ്റവും സ്വാധീനിച്ചത് ഈ രണ്ട് പ്രതിഭകളും അവരുടെ സൃഷ്ടികളുമായിരുന്നു. അതിനാൽ തന്നെ ഋതുവിന്‍റെ സിനിമകളിലും അവരുടെ സ്വാധീനം വലിയ രീതിയിൽ പ്രകടമായിരുന്നു. അശ്ലീലതമാശയായി ചാപ്പ കുത്തി മുഖ്യധാരാ സിനിമക്കാ‍ർ ഇരുട്ടിൽ നി‍ർത്തിയ മനുഷ്യജീവിതങ്ങളെ തന്‍റെ സിനിമകളുടെ മുഖമാക്കി ഋതുമാറ്റി. സ്വവർഗ്ഗ രതിയെയും ഉഭയ ലൈംഗികതയെയും പാർശ്വവത്കരിക്കപ്പെട്ടിട്ടുള്ള ട്രാൻസ്‌ജെന്‍ഡര്‍ സൊസൈറ്റിയെയും ചേർത്ത് ചലച്ചിത്രഭാഷ്യം രചിക്കാൻ ഋതുവിന് കഴിഞ്ഞു.

പൊട്ടുതൊട്ട് സൽവാർ കമ്മിസും ദുപ്പട്ടയുമണിഞ്ഞു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ഋതുവിനെ അംഗീകരിക്കാൻ  അന്നത്തെ സാംസ്‌കാരിക സമൂഹത്തിന് മടിയായിരുന്നു.എന്നാൽ തന്നെ വെറുക്കുന്ന സമൂഹത്തിനു മുന്നിൽ നെഞ്ചും വിരിച്ച് തന്‍റെ സത്വവും നിലപാടും വെളിപ്പെടുത്താനും വിളിച്ചു പറയാനും ഋതുവിന് മടിയോ ഭയമോ ഇല്ലായിരുന്നു. ലൈംഗികതയുടെയും ലിംഗസമത്വത്തിന്‍റെയും രാഷ്ട്രീയം തന്‍റെ സിനിമകളിലൂടെ പറഞ്ഞ് ഋതു ഇന്ത്യൻ സിനിമയുടെ സദാചാര ചിന്തക്കളോടും ആൺമേൽക്കോയ്മയോടും പോരടിച്ചു.

ലിംഗരാഷ്ട്രീയം ഏറ്റവും മനോഹരമായി ഋതു ച‍ർച്ചയാക്കിയത് അവരുടെ അവസാന നാളുകളിൽ ഇറങ്ങിയ 'ചിത്രാംഗദ' യിലായിരുന്നു. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടുകയും ചെയ്‍തു ചിത്രം. 60-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ സ്പെഷൽ ജൂറി അവാർഡ് നേടിയ സിനിമ. ചിത്രത്തിന്‍റെ രചനയും സംവിധാനവും നി‍ർവ്വഹിച്ചതും മുഖ്യകഥാപാത്രമായി അഭിനയിച്ചതും ഋതുപർണോഘോഷ് തന്നെ.

 

ഒരാളുടെ അസ്തിത്വം അയ്യാളുടെ മനസ്സാണോ ശരീരമാണോ? ഒരു പുരുഷശരീരത്തിൽ സ്ത്രീയുടെ മനസുണ്ടായാൽ അയ്യാളുടെ അസ്തിത്വം പുരുഷന്‍റേതാണോ അതോ സ്ത്രീയുടേതോ? അതോ ഇന്ന് സമൂഹം അവർക്കു ചാർത്തികൊടുത്ത 'മൂന്നാം ലിംഗം' എന്നതാണോ? ലിംഗനീതിയുടെ പല തലങ്ങളെ ചർച്ച ചെയ്യുന്നു ചിത്രാംഗദ എന്ന സിനിമ.

രുദ്ര ചാറ്റ‍ർജി എന്ന കൊറിയോഗ്രാഫറാണ് ചിത്രാംഗദയിലെ കേന്ദ്രകഥാപാത്രം. രബീന്ദ്രനാഥ ടാഗോ‍ർ രചിച്ച ചിത്രാംഗദ എന്ന നാടകത്തെ നൃത്തമാക്കാനുള്ള പണിപ്പുരയിലാണ് രുദ്ര. അതിനിടയിലാണ് അവൾ 'പാ‍ർഥോ'യെ പരിചയപ്പെടുന്നത്. അവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുന്നു. തീവ്രമായ പ്രണയത്തിനൊടുവിൽ അവർ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിക്കുന്നു. പക്ഷേ രുദ്രയും പാർഥോയും പുരുഷന്മാർ ആയതിനാൽ അവർക്കു കുട്ടികളെ ദത്തെടുക്കാൻ കഴിയുന്നില്ല. പുരുഷ ശരീരത്തിലെ സ്ത്രീ മനസ്സായ രുദ്ര സ്വന്തം അസ്തിത്വം ഒന്നാക്കാൻ തീരുമാനിക്കുന്നു. പക്ഷെ കാലം രുദ്രയെ എത്തിച്ചതെവിടെയാണ്? ഒന്നിനുവേണ്ടിയും നിങ്ങളുടെ  അസ്തിത്വം പണയപ്പെടുത്തരുത്, നിങ്ങൾ നിങ്ങളായിയിരിക്കുക. ചിത്രാംഗദ പറഞ്ഞുവയ്ക്കുന്നത് ഇതാണ്.

സത്യത്തിൽ ഋതു തന്നെയല്ലേ രുദ്ര? അവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്തവർക്കുള്ള മറുപടിയല്ലേ ചിത്രാംഗദ? ചിത്രാംഗദയെയും രുദ്ര ചാറ്റ‍ർജിയെയും കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് കൂടുതൽ ഉത്തരം നൽകും മുൻപേ ഋതു പോയി. അവർ പോരാടിയെത്തിയ ദൂരത്ത് നിന്നും അധികമൊന്നും മുന്നോട്ട് പോകാൻ അവർ പ്രതിനിധാനം ചെയ്ത ട്രാൻസ്ജെൻഡർ സമൂഹത്തിനും സാധിച്ചിട്ടില്ല.

 

കൊവിഡും ലോക്ക്ഡൗണും ഏറ്റവും തീവ്രമായി രാജ്യത്ത് ബാധിച്ച ഒരു വിഭാഗമാണ് ട്രാൻസ്ജെൻഡറുകൾ. പലർക്കും തങ്ങളുടെ തൊഴിലും ജീവനും നഷ്‌ടമായി. എത്ര ട്രാൻസ്ജെൻഡറുകളെ കൊവിഡ് ബാധിച്ചെന്നോ എത്ര പേർ മരിച്ചെന്നോ ഉള്ള കൃത്യമായ കണക്ക് ഒരു സ‍ർക്കാരിന്‍റെ കൈയിലും ഇല്ല. സ്വന്തം സ്വത്വം തുറന്നു പറയാൻ പോലും ട്രാൻസ്ജെൻഡറുകൾ ഭയപ്പെട്ടു നിന്ന കാലത്താണ് ഋതുപ‍ർണോഘോഷ് ഇന്ത്യൻ സിനിമയുടെ മുൻനിരയിലേക്ക് പോരാടി കയറിനിന്നത്. അവരുടെ ഇരിപ്പിടവും അവർ കയറിവന്ന പാതയും ഇന്നും ശൂന്യമാണ്. ആ ഇടത്തെ നിറയ്ക്കാൻ ഇനിയൊരു  ഋതുപർണോഘോഷ് ഉണ്ടാകുമോ എന്നുമറിയില്ല. പക്ഷേ ഈ കെട്ടകാലത്തിലും ഉള്ളിലെ തീ കെടാതെ കാക്കാനും പോരാട്ടി നില്‍ക്കാനും ഭിന്നലിംഗക്കാർക്ക് ആർജ്ജവം നൽകുന്ന ജീവിതമാണ് ഋതുവിന്‍റേത്.

click me!