ഏഷ്യ കപ്പ് 2025: മജീഷ്യൻ കുല്‍ദീപ് യാദവ്, ഇന്ത്യയുടെ വജ്രായുധം

Published : Sep 16, 2025, 03:20 PM IST
Kuldeep Yadav

Synopsis

ഏഷ്യ കപ്പ് 2025 നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കുല്‍ദീപ് യാദവ് നായകൻ സൂര്യകുമാര്‍ യാദവിന്റെ പ്രധാന ആയുധമായി മാറുകയാണ്. ഇതിനോടകം തന്നെ രണ്ട് കളികളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ താരം നേടി

ഏഷ്യ കപ്പിലെറിഞ്ഞത് 37 പന്തുകള്‍. വഴങ്ങിയത് 25 റണ്‍സ്. നേടിയത് ഏഴ് വിക്കറ്റുകള്‍. ഡോട്ട് ബോളുകളുടെ എണ്ണം 22. ഇന്ത്യയുടെ രണ്ട് മത്സരങ്ങളിലും കളിയിലെ താരം. കുല്‍ദീപ് യാദവിനോളം അപകടകാരിയായ ഒരു സ്പിന്നര്‍ നിലവില്‍ ഇന്ത്യൻ ടീമിലുണ്ടോയെന്ന് ചോദിച്ചാല്‍, ഇല്ല എന്ന് തന്നെയായിരിക്കും ഉത്തരം. എന്തുകൊണ്ടായിരിക്കാം എതിരാളികള്‍ക്ക് ഇന്നും മനസിലാക്കാൻ കഴിയാത്ത ഇന്ത്യയുടെ ആയുധമായി കുല്‍ദീപ് യാദവ് തുടരുന്നത്, ഏഷ്യ കപ്പിലെ പ്രകടനം തന്നെ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകും.

ചൈനാമാനായിട്ടും കുല്‍ദീപ് കളത്തില്‍ അത്ര അപകടകാരി അല്ലാതിരുന്ന കാലമുണ്ടായിരുന്നു. ബാറ്റര്‍മാര്‍ എളുപ്പം കുല്‍ദീപിന്റെ ലൈനും ലെങ്തും മനസിലാക്കിയിരുന്ന സമയം. അവിടെ നിന്നാണ് പുതിയ കുല്‍ദീപിന്റെ ഉദയം സംഭവിക്കുന്നതും. 2019 ഏകദിന ലോകകപ്പില്‍ കുല്‍ദീപ് പാക്കിസ്ഥാൻ്റെ ബാബര്‍ അസമിനെ പുറത്താക്കിയ പെര്‍ഫെക്റ്റ് ഡെലിവെറി ഓര്‍ക്കുന്നില്ലെ. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ പിച്ച് ചെയ്ത പന്ത് ബാബറിന്റെ ഡിഫൻസിനെ ഭേദിച്ചുകൊണ്ട് മിഡില്‍ സ്റ്റമ്പിലാണ് അന്ന് പതിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ച ബാബറിനെയാണ് മൈതാനത്ത് കണ്ടത്.

കുല്‍ദീപിന്റെ പുതിയ വേർഷൻ

ആ മാജിക്കല്‍ ഡെലിവെറിയില്‍ നിന്ന് ഇന്നത്തെ കുല്‍ദീപിന്റെ ബൗളിങ് പരിശോധിച്ചാല്‍ പ്രകടമായ മാറ്റങ്ങള്‍ തന്നെ നിരവധിയുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് റിലീസ് പോയിന്റിലുണ്ടായ ഉയര്‍ച്ചയാണ്. ഇതിന് പുറമെ പന്തിന്റെ വേഗത വര്‍ധിപ്പിക്കാനും കുല്‍ദീപിന് കഴിഞ്ഞിട്ടുണ്ട്. ലൈനിലും ലെങ്തിലും വിട്ടുവീഴ്ച ചെയ്യാതെയാണ് പേസിലെ വേരിയേഷനുകള്‍ സംഭവിക്കുന്നത്. ബാറ്റര്‍മാരെ കുഴപ്പിക്കുന്ന, ലെങ്ത് പോലും കൃത്യമായി ജഡ്ജ് ചെയ്യാൻ സാധിക്കാത്ത നിലയിലേക്ക് എത്തിക്കുന്ന ഒരുതരം തന്ത്രം. പാക്കിസ്ഥാനെതിരെ നേടിയ ആദ്യ വിക്കറ്റുകള്‍ തന്നെയെടുക്കാം.

ഹസൻ നവാസിന് ലഭിച്ച ലെങ്ത് ബോള്‍. സ്ലോഗ് സ്വീപ്പിന് അനുയോജ്യമായ ലെങ്തിലാണ് പന്ത് പിച്ച് ചെയ്തതെന്ന് തോന്നിച്ച ഡെലിവെറി. എന്നാല്‍, പന്ത് പിച്ച് ചെയ്തതിന് ശേഷം ഹസൻ നവാസ് പ്രതീക്ഷിച്ചതിലും ബൗണ്‍സ് ഉണ്ടായി. എഡ്ജ് ചെയ്ത് പൊങ്ങിയ പന്ത് അക്സറിന്റെ കൈകളിലെത്തുകയായിരുന്നു. പിന്നാലെ എത്തിയ മുഹമ്മദ് നവാസിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പന്ത്. മണിക്കൂറില്‍ 84 കിലോ മീറ്റ‍ര്‍ വേഗതയിലെത്തിയ ഗൂഗ്ലി.

ഷോര്‍ട്ട് ഓഫ് ലെങ്തില്‍ ബാറ്റിനെ ബീറ്റ് ചെയ്യാൻ മാത്രമുള്ള ടേണായിരുന്നു പിച്ചില്‍ നിന്ന് കുല്‍ദീപ് സൃഷ്ടിച്ചത്. വേരിയേഷൻ മനസിലാക്കുന്നതില്‍ നവാസ് പരാജയപ്പെട്ടു. ഇതാണ് നിലവില്‍ വൈറ്റ് ബോളില്‍ കുല്‍ദീപ് പ്രയോഗിക്കുന്ന ശൈലി. പിച്ചില്‍ നിന്ന് ലഭിക്കുന്ന ടേണിനേക്കാള്‍ വേരിയേഷനുകളില്‍ ഫോക്കസ് ചെയ്യുന്നു. ഇതാണ് ബാറ്റര്‍മാരെ വെട്ടിലാക്കുന്നതും, പാക്കിസ്ഥാനെതിരെ എറിഞ്ഞ 24 പന്തില്‍ 15 എണ്ണവും ഡോട്ട് ബോളുകളായിരുന്നു.

യുഎഇക്കെതിരായ മത്സരമെടുക്കാം. കുല്‍ദീപ് പന്തെടുക്കുമ്പോള്‍ യുഎഇ ആറ് ഓവറില്‍ 41-2 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. പവര്‍പ്ലേ ഉപയോഗിക്കാൻ യുഎഇക്ക് സാധിച്ചിരുന്നു. എന്നാല്‍, കുല്‍ദീപിന്റെ രണ്ടാം ഓവറിലെ ആറ് പന്തുകള്‍ക്കിടയില്‍ യുഎഇ തകര്‍ന്നടിയുന്നതാണ് കണ്ടത്. മൂന്ന് വിക്കറ്റുകളാണ് ഒരു ഓവറില്‍ കുല്‍ദീപ് നേടിയത്. മൂന്നും വ്യത്യസ്ത പന്തുകള്‍. 13 പന്തില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍. ഏഷ്യ കപ്പ് ട്വന്റി 20 ചരിത്രത്തിലെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു കുല്‍ദീപ് പുറത്തെടുത്തത്.

ഏഷ്യ കപ്പ് നിർണായകം

സ്റ്റോപ്പ്, സ്റ്റാര്‍ട്ട് ശൈലിയില്‍ തുടരുന്ന കുല്‍ദീപിന്റെ കരിയറാണ് ഇതുവരെ കണ്ടതും. ഒരു ഫോര്‍മാറ്റിലും ഒരു ലോങ് റണ്‍ ലഭിക്കാത്തതുപോലെ തോന്നിക്കുന്ന കരിയര്‍. 2025 എടുത്താല്‍, അഞ്ച് മാസത്തെ ഇടവേള, പിന്നാലെ ചാമ്പ്യൻസ്ട്രോഫിയിലൂട തിരിച്ചുവരവ്, ഏഴ് വിക്കറ്റുകള്‍. ഐപിഎല്ലില്‍ 15 വിക്കറ്റുകള്‍. ടെസ്റ്റ് ടീമിലെ സുപ്രധാന ആയുധമെന്ന തലക്കെട്ടോടെ ഇംഗ്ലണ്ടിലേക്ക്. അഞ്ച് മത്സരങ്ങളിലും കളത്തിന് പുറത്ത്. കുല്‍ദീപ് യാദവ് എന്ന ചൈനാമാൻ സ്പിന്നറുടെ 2025 കയറ്റിറക്കങ്ങളുടേതാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ല. ഒരിക്കല്‍ക്കൂടി കുല്‍ദീപ് തുടങ്ങുകയാണ്, ഏഷ്യ കപ്പിലൂടെ. അത് തുടരട്ടെ.

PREV
Read more Articles on
click me!

Recommended Stories

നായക കസേരയില്ല, രോഹിത് ശർമ വിന്റേജ് മോഡിലേക്ക് മടങ്ങുമോ?
ഇതുവരെ കാണാത്ത പൃഥ്വിരാജ്| Khalifa Glimpse Reaction| Prithviraj Sukumaran