
2011 ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എതിരാളികള്‍. ക്രിസ് ഗെയില്‍ മൈതാനങ്ങളായ മൈതാനങ്ങളില്‍ ആറാട്ട് നടത്തിയ സീസണ്‍. 205 റണ്‍സ് പ്രതിരോധിക്കാൻ ഇറങ്ങുമ്പോള്‍ എം എസ് ധോണിക്ക് മുന്നിലെ പ്രധാന വെല്ലുവിളിയും വെള്ളപ്പന്തുകളെ ആകാശം മുട്ടിക്കുന്ന വിൻഡീസുകാരൻ തന്നെയായിരുന്നു. ആ ബ്രേക്ക് ത്രൂ മാത്രമാണ് ചെന്നൈക്ക് എഡ്‌ജ് നല്‍കുക.
ആല്‍ബി മോർക്കലും ബോളിഞ്ചറും നില്‍ക്കെ പവർപ്ലേയിലെ ആദ്യ ഓവർ എറിയാനുള്ള നിയോഗം ധോണി എല്‍പ്പിച്ചത് പതിവ് പോലെ ആ യങ് സെൻസേഷനെയായിരുന്നു, രവിചന്ദ്രൻ അശ്വിൻ. ചെപ്പോക്കിലെ മഞ്ഞപുതഞ്ഞ ഇരിപ്പിടങ്ങള്‍ അന്ന് കണ്ടത് ഗെയിലിനെതിരെ അശ്വിന്റെ ഒരു ക്ലാസിക്ക് സെറ്റ് അപ്പും. ഗെയില്‍ വരവേറ്റ ആദ്യ പന്തില്‍ തന്നെ ടേണ്‍, ലീവ്. രണ്ടാം പന്ത് ഗെയിലിനെക്കൊണ്ട് കളിപ്പിക്കാനുള്ള ശ്രമം.
ഫ്ലൈറ്റും ടേണും ഉള്‍ക്കൊണ്ട ആ പന്ത് ഗെയിലിനെ ചെറുതായൊന്ന് അസ്വസ്ഥനാക്കി. മൂന്നാം പന്തില്‍ ആല്‍പ്പം വേഗത വർധിപ്പിച്ചു അശ്വിൻ. പക്ഷേ, അത് മനസിലാക്കാൻ വൈകിയ ഗെയില്‍ കട്ട് ഷോട്ടിന് ശ്രമിക്കുകയാണ്. ബാറ്റിലുരസിയ പന്ത് വിക്കറ്റിന് പിന്നില്‍ ധോണിയുടെ കൈകളില്‍ ഭദ്രമായി എത്തുന്നു. ഗെയില്‍ ഗോണ്‍ ഫോർ എ ഡക്ക്. പതിവില്ലാത്ത ആഘോഷവുമായി ധോണി, പറന്നിറങ്ങുന്ന പക്ഷിയേപ്പോലെ ആശ്വിനൊപ്പം.
ഇന്ത്യൻ പ്രീമിയർ ലീഗില്‍ നിന്ന് ഇതിഹാസം പടിയിറങ്ങുമ്പോള്‍ ഇങ്ങനെ എത്രയെത്ര നിമിഷങ്ങളാണ് അയാള്‍ നല്‍കിയതെന്ന് ഓര്‍ത്തുപോകുകയാണ്. 2011ലെ ക്വാളിഫയര്‍ ഒന്നിലും പവര്‍പ്ലേയില്‍ ഗെയിലിനെ വിക്കറ്റിന് മുന്നില്‍ക്കുടിക്കയത് അശ്വിൻ തന്നെയായിരുന്നു. സീസണില്‍ അന്ന് 20 വിക്കറ്റുകളായിരുന്നു വലം കയ്യൻ സ്പിന്നർ നേടിയത്, അതും 6.15 എക്കണോമിയില്‍. അങ്ങനെ എത്രയെത്ര സീസണുകള്‍. കളിച്ച 15 സീസണുകളില്‍ വിക്കറ്റ് കോളത്തില്‍ രണ്ടക്കം പ്രത്യക്ഷപ്പെടാതിരുന്നത് മൂന്ന് തവണ, അതിലൊന്നാകട്ടെ രണ്ട് കളിയില്‍ മാത്രം അവസരം ലഭിച്ച അരങ്ങേറ്റ സീസണ്‍.
അശ്വിന്റെ അരങ്ങേറ്റ മത്സരം ഒരു താരത്തെ സംബന്ധിച്ച് വളരെയധികം നിരാശ സമ്മാനിക്കുന്നതായിരുന്നു. 2009ല്‍ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അത്, കേപ് ടൗണില്‍. മുത്തയ്യ മുരളീധരൻ എന്ന ഇതിഹാസത്തിന്റെ അഭാവത്തിലായിരുന്നു അശ്വിനിലേക്ക് മഞ്ഞ ജഴ്‌സി എത്തിയത്. പക്ഷേ, ധോണിയുടെ പദ്ധതികളില്‍ അന്ന് അശ്വിനെക്കൊണ്ട് പന്തെറിയിപ്പിക്കുക എന്നതില്ലായിരുന്നു. അഞ്ച് പേസര്‍മാരെ പരീക്ഷിച്ച ധോണി, അശ്വിന്റെ പന്തുകളെ ആശ്രയിച്ചില്ല.
തനിക്ക് ലഭിച്ച രണ്ടാം അവസരത്തില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു അശ്വിൻ. പിന്നീട് മുരളീധരനായി വഴിമാറിക്കൊടുത്തു. ശേഷമുള്ള സീസണുകളില്‍ ധോണിയുടെ വജ്രായുധമായി അശ്വിൻ മാറുന്നതായിരുന്നു കണ്ടത്, പ്രത്യേകിച്ചും പവര്‍പ്ലേ ഓവറുകളില്‍. ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം പന്തുകള്‍ പവര്‍പ്ലേയിലെറിഞ്ഞ സ്പിന്നര്‍ അശ്വിനാണ്. 1252 പന്തുകളാണ് അശ്വിൻ ആദ്യ ആറ് ഓവറുകളില്‍ എറിഞ്ഞിട്ടുള്ളത്. അതായത് 208.4 ഓവര്‍.
ചെന്നൈക്ക് ഒപ്പം ഏഴ് സീസണുകള്‍, പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാൻ റോയല്‍സ്. പോയ വഴികളില്ലെല്ലാം അശ്വിൻ എന്ന ക്രിക്കറ്റര്‍ അയാളുടെ ക്രിക്കറ്റിങ് ബ്രെയിനിനെ തേച്ചു മിനുക്കുകയായിരുന്നു. ഇരുവശത്തേക്ക് പന്ത് തിരിച്ചും ലൈനിലും വേഗതയിലും വലിയ വ്യത്യാസങ്ങള്‍ വരുത്തിയും കാരം ബോളും റിവേഴ്‌സ് കാരം ബോളുമടക്കം എറിഞ്ഞ് ബാറ്റര്‍മാരെ കുഴക്കി. എന്തിന്, ഓഫ് സ്പിന്നറായിരുന്ന അശ്വിൻ ലെഗ് സ്പിൻ വരെ എറിഞ്ഞു.
അശ്വിനെന്ന ക്രിക്കറ്റര്‍ തന്റെ മികവുകൊണ്ട് മാത്രമായിരുന്നില്ല തലക്കെട്ടുകളിലെ നിരന്തര സാന്നിധ്യമായത്. സ്പിരിറ്റ് ഓഫ് ക്രിക്കറ്റിനപ്പുറം തന്റെ ശരികളിലും ക്രിക്കറ്റ് നിയമങ്ങളിലും അടിയുറച്ച് നിലകൊണ്ടുകൂടിയായിരുന്നു. അതുകൊണ്ട് വിവാദങ്ങളും ആ കരിയറിനും ചുറ്റും വട്ടമിട്ട് പറന്നിട്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് 2019ല്‍ രാജസ്ഥാൻ റോയല്‍സ് താരമായിരുന്ന ജോസ് ബട്ട്ലറിനെ മങ്കാദിങ് ചെയ്തതായിരുന്നു.
185 റണ്‍സ് പിന്തുടരവെ രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു ബട്ട്ലര്‍. അന്ന് പഞ്ചാബിന്റെ നായകൻ കൂടിയായിരുന്ന അശ്വിൻ തന്റെ അവസാന പന്തെറിയാൻ എത്തവെയാണ് പന്തെറിയും മുൻപ് ക്രീസുവിട്ടിറങ്ങിയ ബട്ട്ലറെ മങ്കാദ് ചെയ്തത്. പിന്നാലെ ഇരുവരും വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു. തേഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ ബട്ട്ലറിന് മടങ്ങേണ്ടി വന്നു, വളരെ ക്ഷുഭിതനായാണ് ബട്ട്ലറെ അന്ന് കാണപ്പെട്ടതും.
ബട്ട്ലറിന്റെ വിക്കറ്റോടെ കളി തിരിയുകയും പഞ്ചാബ് 14 റണ്‍സിന് വിജയിക്കുകയും ചെയ്തു. ക്രിക്കറ്റ് ആരാധകര്‍ അശ്വിനെ രൂക്ഷമായി വിമര്‍ശിച്ചെങ്കിലും താരം തന്റെ ശരികളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
അങ്ങനെ വിവാദങ്ങളും ഐതിഹാസികവുമായ കരിയര്‍ അശ്വിന്റെ ആഗ്രഹം പോലെ ചെന്നൈയുടെ ജഴ്സിയില്‍ തന്നെ അവസാനിച്ചിരിക്കുന്നു. പക്ഷേ, പഴയ തിളക്കത്തോടെ തന്റെ സീസണ്‍ അവസാനിപ്പിക്കാനായില്ല എന്നത് മാത്രമായിരിക്കാം അശ്വിനെ അലട്ടുന്നത്. അവസാന സീസണില്‍ 9 കളികളില്‍ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് അശ്വിന് നേടാനായത്. എക്കോണമി ഐപിഎല്‍ കരിയറിലാദ്യമായി ഒൻപതും കടന്നു. 833 റണ്‍സും 187 വിക്കറ്റുമാണ് അശ്വിന്റെ ഐപിഎല്ലിലെ നേട്ടം.