
ഇതെന്തൊരു കാത്തിരിപ്പാണല്ലേ. ഏഷ്യ കപ്പ് ആരംഭിക്കും മുൻപ് ടീമിലുണ്ടാകുമോയെന്നായിരുന്നു ആകാംഷ. ടീമിലെടുത്തപ്പോള്‍ ഏത് പൊസിഷനായിരിക്കും എന്നതായിരുന്നു ചോദ്യം. എല്ലാം ഒത്തുവന്നപ്പോള്‍ ബാറ്റ് ചെയ്യുന്നതൊന്ന് കാണാൻ എത്ര കാത്തിരിക്കണമെന്നായി. ടൂര്‍ണമെന്റില്‍ ഇന്ത്യ രണ്ട് കളികള്‍ പൂര്‍ത്തിയാക്കി ആടുത്ത ഘട്ടം ഉറപ്പിച്ചു, മലയാളി താരം സഞ്ജു സാംസണിന് ബാറ്റ് ചെയ്യുന്നത് കാണാൻ മലയാളികള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. കാത്തിരിപ്പ് ഇനിയെത്ര നീളും, ഒമാനെതിരെ സഞ്ജു ബാറ്റ് ചെയ്യുന്നത് കാണാനാകുമോ.
യുഎഇക്കെതിരെ കേവലം 58 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 4.3 ഓവറില്‍ വിജയം കണ്ടിരുന്നു. അഭിഷേക് ശര്‍മയും ശുഭ്മാൻ ഗില്ലും സൂര്യകുമാറും ചേര്‍ന്ന് അതിവേഗജയം സാധ്യമാക്കിയതോടെ ഇന്ത്യയുടെ മധ്യനിര-പിൻനിര ബാറ്റര്‍മാര്‍ക്ക് മൈതാനത്തേക്ക് എത്തേണ്ടതായി വന്നിരുന്നില്ല. പക്ഷേ, പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജു ബാറ്റ് ചെയ്യുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞിരുന്നു. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 97ല്‍ നില്‍ക്കെയായിരുന്നു ഇന്ത്യയുടെ മൂന്നാം വിക്കറ്റ് വീഴുന്നത്. അഞ്ചാമനായി സഞ്ജുവിനായി ഉറ്റുനോക്കുകയായിരുന്നു എല്ലാവരും.
സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍, സഞ്ജുവിന് പകരം അഞ്ചാം നമ്പറിലെത്തിയത് ഇടം കയ്യൻ ബാറ്ററായ ശിവം ദുബെയായിരുന്നു. മത്സരത്തിലുടനീളം ഇന്ത്യ പിന്തുടര്‍ന്ന ലെഫ്റ്റ് ഹാൻഡ് - റൈറ്റ് ഹാൻഡ് കോമ്പിനേഷൻ നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഇതോടെ, ഏഷ്യ കപ്പില്‍ സഞ്ജു ബാറ്റ് ചെയ്യുന്നത് കാണുക എന്ന മോഹം നീളുകയായിരുന്നു.
എന്നാല്‍, സൂപ്പര്‍ ഫോര്‍ ഉറപ്പിച്ച സാഹചര്യത്തില്‍ ഒമാനെതിരായ മൂന്നാം ഗ്രൂപ്പ് മത്സരത്തില്‍ സഞ്ജുവിന് അവസരം ഒരുങ്ങാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. താരത്തെ മുൻനിരയിലേക്ക് തന്നെ തിരികെ എത്തിച്ചാലും അത്ഭുതപ്പെടാനില്ല. ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ പ്രാപ്തിയുള്ള താരമാണ് സഞ്ജുവെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷും കോട്ടക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍ ഫോറിലേക്ക് കടക്കും മുൻപ് സഞ്ജുവും ഹാര്‍ദിക്കും അടക്കമുള്ള ബാറ്റര്‍മാര്‍ക്ക് ഗെയിം ടൈം ലഭിക്കേണ്ടതും നിര്‍ണായകമാണ്.
സാധ്യതകള്‍ വിദൂരമാണെങ്കിലും ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തു നിന്ന് മാറ്റി സഞ്ജുവിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യവും ആരാധകരില്‍ നിന്ന് ഉയരുന്നുണ്ട്. ശുഭ്മാൻ ഗില്‍ ഉപനായകപട്ടത്തോടെ ട്വന്റി 20 ടീമിലേക്ക് എത്തിയതാണ് ഓപ്പണിങ് സ്ഥാനത്തുനിന്ന് സഞ്ജുവിന് മാറിക്കൊടുക്കേണ്ടി വന്നതിന്റെ കാരണം. അതുകൊണ്ട് തന്നെ ഓപ്പണറല്ലാതെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന ചോദ്യം ക്രിക്കറ്റ് പണ്ഡിതര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍, ജിതേഷിന് മുകളില്‍ സഞ്ജുവിന് മുൻതൂക്കം നല്‍കാനായിരുന്നു ടീം മാനേജ്മെന്റിന്റെ തീരുമാനം.
ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഭേദപ്പെട്ട പ്രകടനമാണ് ഗില്‍ അഭിഷേക് പുറത്തെടുത്തത്. ഗില്‍ ഇന്ത്യയുടെ അഗ്രസീവ് ബ്രാൻഡ് ഓഫ് ക്രിക്കറ്റ് പൂര്‍ണമായും അഡാപ്റ്റ് ചെയ്തതായാണ് ആദ്യ മത്സരത്തില്‍ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഒൻപത് പന്തില്‍ നിന്ന് 22 റണ്‍സെടുത്തായിരുന്നു താരം പുറത്താകാതെ നിന്നത്. പാക്കിസ്ഥാനെതിരെ ഗില്‍ നിറം മങ്ങിയിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നല്‍കുക എന്ന ജോലി കൃത്യമായി നിര്‍വഹിക്കാൻ അഭിഷേകിന് സാധിച്ചു. അതുകൊണ്ട് കാര്യമായ ഒരു അഴിച്ചുപണിക്ക് ഇന്ത്യ തയാറായേക്കില്ല.
സഞ്ജുവിനൊരു സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ അത് കൂടുതലായും മൂന്നാം നമ്പറിലായിരിക്കാം. മറ്റ് സ്ഥാനങ്ങളില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലൊ ഐപിഎല്ലിലൊ കാര്യമായി തിളങ്ങിയ ചരിത്രം മലയാളി താരത്തിനൊപ്പമില്ല. ട്വന്റി 20യില്‍ ഒന്നാം നമ്പറില്‍ 14 തവണയാണ് താരം ക്രീസിലെത്തിയിട്ടുള്ളത്. 512 റണ്‍സാണ് നേട്ടം, ശരാശരി നാല്‍പ്പതിനടത്തും സ്ട്രൈക്ക് റേറ്റാകട്ടെ 180ന് മുകളിലും. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 49 ഫോറും 34 സിക്സറുമാണ് ഈ പൊസിഷനില്‍ സഞ്ജു നേടിയത്.
കേരള ക്രിക്കറ്റ് ലീഗില്‍ കളിച്ച അഞ്ച് ഇന്നിങ്സില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ ശതകവും ഉള്‍പ്പെടെ മികവ് കാട്ടിയാണ് സഞ്ജു ഏഷ്യ കപ്പിനുള്ള ടീമിനൊപ്പം ചേര്‍ന്നത്. പാതി മത്സരങ്ങളില്‍ മാത്രം ഭാഗമായിട്ടും കെസിഎല്ലില്‍ ടോപ് സ്കോറര്‍മാരില്‍ നാലാം സ്ഥാനത്തുണ്ടായിരുന്നു സഞ്ജു. ഏഷ്യ കപ്പില്‍ ലഭിക്കുന്ന അവസരങ്ങള്‍ പൂര്‍ണമായി വിനിയോജിച്ചാല്‍ മാത്രമായിരിക്കും സഞ്ജുവിന് തന്റെ സ്ഥാനം ടീമില്‍ ഉറപ്പിക്കാൻ കഴിയുക. കാരണം 2026 ട്വന്റി 20 ലോകകപ്പ് അടുക്കുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി കടുത്ത മത്സരമായിരിക്കും. സഞ്ജുവിന് പുറമെ റിഷഭ് പന്ത്, ദ്രുവ് ജൂറല്‍, ജിതേഷ് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരും രംഗത്തുണ്ട്.