
ബിസിസിഐ നമൻ അവാര്‍ഡ്‌സില്‍ വൈഭവ് സൂര്യവംശിക്ക് മുന്നില്‍ ഹര്‍ഷ ബോഗ്‌ലെ മൂന്ന് ഓപ്ഷനുകള്‍ വെക്കുകയാണ്. ഒന്ന്, ഒരു ഓവറില്‍ ആറ് സിക്‌സര്‍. രണ്ട്, ക്രിസ് ഗെയിലിന്റെ 175 റണ്‍സെന്ന വ്യക്തിഗത സ്കോര്‍ മറികടക്കുക. മൂന്ന്, ഐപിഎല്ലിലെ വേഗതയേറിയ സെഞ്ചുറി.
തന്റെ ബാറ്റിങ് ശൈലിപോലെ തന്നെ വലിയ ആലോചനകള്‍ക്കൊന്നും വൈഭവ് തയാറായില്ല. ഗ്യാലറികളിലേക്ക് പാഞ്ഞെത്തുന്ന പന്തുകള്‍ പോലെ പൊടുന്നനെ മറുപടി, ക്രിസ് ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കണം.
യൂണിവേഴ്സ് ബോസിന്റെ പകരം വെക്കാനില്ലാത്ത ആ ഇന്നിങ്സ്. പന്തെടുത്തവരെല്ലാം കരിബീയൻ കരുത്ത് അറിഞ്ഞ ദിവസം. 66 പന്തില്‍ 175 റണ്‍സ്, 154 റണ്‍സും ബൗണ്ടറിയില്‍ നിന്ന് മാത്രം. ഇത് പഴങ്കതയാക്കാൻ ടി20 ക്രിക്കറ്റിന്റെ ഐതിഹാസികത ചാര്‍ത്തിയവര്‍ക്ക് ആര്‍ക്കും കഴിഞ്ഞിട്ടില്ല, ഒടുവില്‍ അടുത്തെത്തിയത് അഭിഷേക് ശര്‍മയാണ്, അതും ബ്രണ്ടൻ മക്കല്ലത്തിന് താഴെ.
സൂര്യവംശിക്ക് സാധിക്കുമോയെന്ന സംശയത്തില്‍ നിന്ന് നിന്ന്, സൂര്യവംശിക്ക് അതിന് കഴിയുമെന്ന് പറയേണ്ടതായി വരും. കാരണം, 2025 ഐപിഎല്‍ മുതലുള്ള കാലയളവില്‍ മൈതാനത്ത് ആ പയ്യൻ പുറത്തെടുക്കുന്ന അത്ഭുതപ്രകടനങ്ങള്‍ തന്നെ. ഏറ്റവും ഒടുവില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍. എന്താണ് ഫൈനലില്‍ സംഭവിച്ചതെന്ന് ഓര്‍മയില്ലെ. 2013ല്‍ ക്രിസ് ഗെയില്‍ കുറിച്ച അതേ സ്കോറിലാണ് ഇംഗ്ലണ്ടിനെതിരെ വൈഭവ് തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നത്.
80 പന്തില്‍ 175 റണ്‍സ്, 15 വീതം ഫോറും സിക്സും. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഒരു പതിനാലുകാരന്റെ സ്കോറാണിതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഇതിന് മുൻപ് വിജയ് ഹാസരെ ട്രോഫി. അരുണാചല്‍ പ്രദേശിനെതിരെ 84 പന്തില്‍ 190 റണ്‍സ്. 16 ഫോറും 15 സിക്സറുകളും, സ്ട്രൈക്ക് റേറ്റ് 226. ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തം പേരില്‍ ചേര്‍ത്തു.
വിജയ് ഹസാരെയ്ക്ക് മുൻപ് സെയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ്, കരുത്തരായ മഹാരാഷ്ട്രയ്ക്ക് എതിരെ 58 പന്തിലായിരുന്നു മൂന്നക്കം തൊട്ടത്. 61 പന്തില്‍ ഏഴ് വീതം ഫോറും സിക്സും ഉള്‍പ്പെടെ 108 റണ്‍സ്. ഏഷ്യ കപ്പ് റൈസിങ് സ്റ്റാഴ്സ് ടൂര്‍ണമെന്റിലും വിഭിന്നമായിരുന്നില്ല വൈഭവിന്റെ സമീനവും പ്രകടനവും. യുഎഇക്കെതിരെ 42 പന്തില്‍ 144 റണ്‍സ്. 11 ഫോറും 15 സിക്സും. സ്ട്രൈക്ക് റേറ്റ് 342.8. 32 പന്തിലായിരുന്നു വൈഭവ് ശതകത്തിലേക്ക് എത്തിയത്. ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ മൂന്നാം സെഞ്ചുറി.
അന്താരാഷ്ട്ര തലവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിക്കറ്റിന്റെ ലെവല്‍ ഏറിയും കുറഞ്ഞും നില്‍ക്കുന്ന ടൂര്‍ണമെന്റുകളായിരുന്നു മേല്‍പ്പറഞ്ഞവയെല്ലാം. അതുകൊണ്ട് തന്നെ വൈഭവിന്റെ വൈഭവം കണ്ട് അത്ഭുതപ്പെടുന്നവരുള്ളപ്പോഴും നെറ്റിചുളിച്ചവരുമുണ്ട്. എന്നാല്‍, ഇനി ഐപിഎല്ലിലേക്ക് തന്നെ വരാം. വൈഭവ് ലൈം ലൈറ്റിലേക്ക് എത്തിയ ആദ്യ ടൂര്‍ണമെന്റ്. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയ ഒരൊറ്റ ഇന്നിങ്സ്.
ഐപിഎല്‍ ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറി, ഗെയിലിന് തൊട്ടുപിന്നിലായി. അന്ന് വൈഭവ് നേരിട്ട ബൗളര്‍മാരുടെ പട്ടികയെടുക്കാം. റാഷിദ് ഖാൻ, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, കരിം ജന്നത്, ഇഷാന്ത് ശര്‍മ. മേല്‍പ്പറഞ്ഞ പേരുകളില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ന് കളിക്കുന്നില്ലാത്ത ഒരേയൊരു താരമെയുള്ളു, ഇഷാന്ത്. വൈഭവിന്റെ ബാറ്റില്‍ നിന്ന് സിക്സ് വഴങ്ങാത്ത ഒരു താരം പോലും ഈ പട്ടികയില്‍ ഇല്ലെന്ന് ഓര്‍ക്കണം.
ഇഷാന്തും കരിം ജന്നത്തും മൂന്ന് തവണ വീതമായിരുന്നു അതിര്‍ത്തി കടന്നത്. സുന്ദര്‍ രണ്ട് പ്രാവശ്യവും മറ്റുള്ളവരെല്ലാം ഓരോ തവണയും ഗ്യാലറി കണ്ടു. അന്ന് പ്രായം 14 പിന്നിട്ടിട്ടെയുള്ളുവെന്നും ഓര്‍ക്കേണ്ടതുണ്ട്. കളിച്ച എല്ലാ വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളിലും സെഞ്ചുറി. അതും ബൗളര്‍മാര്‍ക്ക് ഒരു ബഹുമാനവും നല്‍കാതെ. ലിസ്റ്റ് എ സ്ട്രൈക്ക് റേറ്റ് 164ഉം ടി20 200ന് മുകളിലുമാണ്.
തന്റെ കന്നി ഐപിഎല്ലില്‍ പൊലും ബൗളര്‍മാരെ നേരിടുന്നതില്‍ ഒരുവിധ ദയയും കാണിച്ചിട്ടില്ല വൈഭവ്. 2026 സീസണിന് വൈഭവ് എത്തുന്നത് പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തില്‍ക്കൂടിയാണ്. വിവിധ മൈതാനങ്ങളില്‍ ആ വൈഭവം ക്രിക്കറ്റ് ലോകം കണ്ടതുമാണല്ലോ. ഇത്തവണ രാജസ്ഥാന്റെ കുപ്പായത്തില്‍ സീസണില്‍ മുഴുവൻ വൈഭവിനെ കാണാനാകും, വീഴാൻ പോകുന്ന റെക്കോര്‍ഡുകള്‍ എന്തൊക്കെ ആയിരിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. അതില്‍ ഒന്ന് ക്രിസ് ഗെയിലിന്റേതാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു, സംഭവിച്ചാല്‍ നീലക്കുപ്പായം വൈകില്ല.