
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന " ഖലീഫ"യുടെ ഗ്ലിമ്പ്സ് പുറത്തുവന്നത് പൃഥ്വിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ്. "ദ ബ്ലഡ് ലൈൻ" എന്ന ടാഗിൽ എത്തിയ ഗ്ലിംപ്സ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആമിർ അലി എന്ന നായക കഥാപാത്രത്തിനുള്ള ഇൻട്രൊഡക്ഷൻ ആണ്. ഇന്ദ്രൻസിൻ്റെ കഥാപാത്രം നൽകുന്ന നരേഷനിലൂടെ ആണ് ആമിറിനെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് സംവിധായകൻ പ്ലേസ് ചെയ്യുന്നത്. ആമിറിൻ്റെ ബ്ലഡ് ലൈൻ, കുടുംബ പാരമ്പര്യം വിവരിക്കുക വഴി ആമിർ ആരാകും എന്ന സൂചന നൽകുന്നു രണ്ടു മിനിറ്റ് 51 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ. ഇന്ദ്രൻസിൻ്റെ കഥാപാത്രം ആമിറിന് വേണ്ടപ്പെട്ടയാരോ ആണെന്നതും തീർച്ചയാണ്.
‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’
റുളർ എന്നോ പിൻഗാമിയെന്നോ ആണ് ഖലീഫയ്ക്ക് അർഥം. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. അതുകൊണ്ട് തന്നെ ഒരു പ്രതികാര കഥയാണ് ഖലീഫ എന്ന് വ്യക്തം. പൈതൃകം വീണ്ടെടുക്കുകയോ വംശപരമ്പരയുടെ പതനത്തിന് പ്രതികാരം ചെയ്യുകയോ പോലുള്ള ദൗത്യത്തിലുമാകാം അതുകൊണ്ട് തന്നെ ആമിർ.
ലണ്ടനിലാണ് ഗ്ലിംപ്സ് തുടങ്ങുന്നത്. മിഡിൽ ഈസ്റ്റിൽ പ്രവർത്തിക്കുന്ന ലണ്ടൺ, നേപ്പാൾ, കേരളം എന്നിവിടങ്ങളിൽ നെറ്റ്വർക്ക് ഉള്ള മൾട്ടി മില്യൺ ഡോളർ ഗോൾഡ് സ്മഗ്ലിങ് റാക്കറ്റിനെക്കുറിച്ച് പൊലീസും കസ്റ്റംസും അലേർട്ട് ചെയ്തിരിക്കുന്നു എന്ന വാർത്ത നരേഷനാണ് ആദ്യം. തുടർന്ന് കസ്റ്റംസ് ഓഫീസർക്ക് മുന്നിലിരിക്കുന്ന ഇന്ദ്രൻസിൻ്റെ ഹംസ എന്ന കഥാപാത്രത്തിലേയ്ക്ക് സ്വിച്ച് ചെയ്യുകയാണ്. ഇനി ഈ ഇന്ത്യാ മഹാരാജ്യത്തെവിടെ അമീർ കാലുകുത്തിയാലും പിടിച്ച് അകത്തിടാം എന്നും കോഫെപോസ ആമിറിനുമേൽ ചുമത്തിയിരിക്കുന്നു എന്നും അവിടെ വ്യക്തമാകുന്നു.
അവിടെനിന്ന് ഹംസയിലൂടെ നരേഷൻ തുടങ്ങുകയാണ്. 1970, 80കളിൽ സജീവമായിരുന്ന കുപ്രസിദ്ധ ഇന്ത്യൻ സ്മഗ്ലർ സുക്കുർ നരേൻ ബാക്കിയ, അറുപതുകൾ മുതൽ സജീവമായിരുന്ന ഹാജി മസ്താൻ, വരദരാജൻ മുദലിയാർ എന്നീ പേരുകൾക്കൊപ്പമാണ് ആമിർ അലിയുടെ മുത്തച്ഛൻ എന്ന് പരിചയപ്പെടുത്തുന്ന ഫിക്ഷണൽ കഥാപാത്രം മാമ്പറയ്ക്കൽ അഹമ്മദ് അലിയെ ചേർത്തുവയ്ക്കുന്നത്. ഇവർ നാലുപേരെ കൊണ്ടും ബുദ്ധിമുട്ടിലായ ഇന്ദിരാ ഗാന്ധി കോഫെപോസ ആക്ട് കൊണ്ടുവരുന്നുവെന്നും ഹംസ വിശദീകരിക്കുന്നു.
ഇനി എന്താണ് കോഫെപോസ ആക്ട് എന്ന് നോക്കിയാൽ, 1974ൽ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ഇന്ദിരാഗാന്ധി സർക്കാർ ആണ് കോഫെപോസ കൊണ്ടുവന്നത്. കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്റ്റ് ആണ് കോഫെപോസ. സ്വർണ്ണം വഴിയും കറൻസി വഴിയുമുള്ള കള്ളക്കടത്ത് തടയുകയാണ് ലക്ഷ്യം. അന്നു വന്ന പല നിയമങ്ങളും റദ്ദാക്കപ്പെട്ടെങ്കിലും കോഫെപോസ നിലനിർത്തുകയായിരുന്നു. ഇന്ത്യയിലുള്ളവരെ മാത്രമല്ല വിദേശത്തുള്ളവരെയും ഈ ആക്റ്റ് വഴി കരുതൽ തടങ്കലിൽ വയ്ക്കാം.
ഈ കൊഫേപോസമേൽ അരമണിക്കൂർ പോലും അഹമ്മദ് അലിയെ ജയിലിടാൻ ആയില്ലെന്നും ആ അഹമ്മദ് അലിയുടെ പേരക്കുട്ടിയാണ് ആമിർ, അവനെ പൂട്ടാൻ ഒന്ന് ശ്രമിച്ചു നോക്ക് എന്നുമുള്ള പഞ്ച് ഇൻട്രൊഡക്ഷൻ ആണ് ഹാജി ആമിറിന് അനൽകുന്നത്. ഒരു പ്രതികാര കഥയാണ് ഖലീഫ എന്ന് ടാഗ് ലൈൻ വ്യക്തമാക്കുമ്പോൾ ആമിറിൻ്റെ ഇൻട്രോ സോങ്ങിലെ വരികളും ഇത് സൂചിപ്പിക്കുന്നുണ്ട്. നൊട്ടോറിയസ്, ഉന്നതരുടെ ശത്രു, ഒരിക്കലും പിന്മാറാത്ത യോദ്ധാവ്, ലയൺ തുടങ്ങിയ വിശേഷണങ്ങൾ ആണ് വരികളിൽ. കൂടാതെ ഒരു ഷോട്ടിൽ വേണ്ടപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടെന്ന് തോന്നും വിധത്തിൽ അലിയെ കാണാം.
ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് പടമാണ് ഖലീഫ എന്നാണ് വീഡിയോ നൽകുന്ന സൂചന. ഗംഭീര ചേസ്- ആക്ഷൻ രംഗങ്ങളാണ് വീഡിയോയുടെ പ്രധാന ആകർഷണം. സംവിധായകൻ വൈശാഖിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സ്റ്റൈലിഷ് ആയ ആക്ഷൻ സീക്വൻസുകൾ ഇവിടെയുമുണ്ട്. മാർക്കോ പോലുള്ള വയലൻ്റ് സിനിമകൾ അടുത്തിടെ കണ്ട പ്രേക്ഷകർ ഗ്ലിംപ്സ് കണ്ട ശേഷം ഖലീഫയിൽ ബ്ലഡ് ഷെഡ് പ്രതീക്ഷിച്ചാൽ തെറ്റുപറയാനാകില്ല. ജോമോൻ ടി ജോണിൻ്റെ ഫ്രെയിമുകൾക്കൊപ്പം ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതമാണ് ആമിറിന് പീക്ക് സിനിമാറ്റിക് ഇൻട്രൊഡക്ഷൻ നൽകുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ലണ്ടൻ, ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ ചിത്രീകരിച്ച് ബിഗ് ബജറ്റിലാണ് ഖലീഫ ഒരുങ്ങുന്നത്. 2026 ഓണം റിലീസാകും ചിത്രമെന്നാണ് വിവരം.