
മുഖവുരയുടെ ആവശ്യമില്ലാത്ത പരമ്പരയാണ് സാന്ത്വനം. മലയാളികള്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. പരമ്പരയിലെ അഭിനേതാക്കള്‍ തമ്മിലുള്ള മനോഹരമായ ബന്ധം പരമ്പരയ്ക്ക് ഉള്ളിലും പുറത്തും ഒരുപോലെതന്നെയാണ്. അതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയയില്‍ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് കിട്ടാറുള്ളത്. താരങ്ങള്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്. പരമ്പരയില്‍ കണ്ണനായെത്തുന്ന അച്ചുസുഗന്ധ് കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ലൊക്കേഷനില്‍ നിന്നുമുള്ള രസകരമായ വീഡിയോ പങ്കുവച്ചത്. ഓണത്തിന് ആരാധകര്‍ക്ക് ആശംസ പറഞ്ഞുള്ള വീഡിയോ ഷൂട്ടാണ് സാന്ത്വനം ലൊക്കേഷനില്‍ നടക്കുന്നത്. ആശംസ പറയാന്‍ ശ്രമിക്കുന്നത് പരമ്പരയിലെ കണ്ണനും, വീഡിയോ ഷൂട്ട് ചെയ്യാന്‍ നടക്കുന്നത് പരമ്പരയിലെ ശിവനുമാണ്. വീഡിയോ കുറച്ച് വെറൈറ്റിയായി എടുക്കാമെന്നാണ് ശിവന്‍ കരുതുന്നത്. പക്ഷെ, ശിവന്റെ വെറൈറ്റി കണ്ണന് ഇഷ്ടപ്പെടുന്നുമില്ല. പരമ്പരയില്‍ അഞ്ജലിയായെത്തുന്ന ഗോപികയുടെ ഫോണ്‍ കൊണ്ടാണ് രണ്ടാളും ഷൂട്ട് നടത്തുന്നത്. അതുകൊണ്ടുതന്നെ, ക്യാമറയുടെ പിന്നില്‍നിന്നും ഇടയ്ക്കിടെ അഞ്ജലിയുടെ ഒച്ചയും കേള്‍ക്കാം. ഒന്ന് വേഗമാകട്ടെ, എനിക്ക് ഫോണ്‍ വേണം എന്നെല്ലാമാണ് അഞ്ജലി പറയുന്നത്.
അച്ചു സുഗന്ധ് പങ്കുവച്ച വീഡിയോ ഇതിനോടകംതന്നെ നാലര ലക്ഷത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. പരമ്പരയില്‍ തെറ്റിദ്ധാരണയുടെ പേരില്‍ ശിവനും അഞ്ജലിയും അകന്നിരിക്കുകയാണ്. ശിവാഞ്ജലി വീണ്ടും ഒന്നിക്കാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എത്രയുംവേഗം പരമ്പരയിലെ വഴക്കെല്ലാം തീര്‍ത്ത് ശിവാഞ്ജലിയെ ഒരുമിച്ച് കണ്ടാല്‍ മതിയെന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona