'ഇവരൊക്കെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങനെ നിൽക്കുന്നത്'; കുറിപ്പുമായി അനീഷ് രവി

By Web TeamFirst Published Oct 27, 2021, 7:45 PM IST
Highlights

നന്മ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ടെന്ന് കാണിക്കുന്ന തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം കുറിപ്പായി പങ്കുവച്ചിരിക്കുകയാണ് താരം. 
 

ടെലിവിഷനിൽ കാലങ്ങളായി നിരവധി ഷോകളിലും പരമ്പരകളിലുമായി നിറഞ്ഞ് നിൽക്കുന്ന താരമാണ് അമീഷ് രവി(aneesh ravi). കാര്യം നിസാരം അളിയൻസ് തുടങ്ങി, നിലവിൽ നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. പാട്ടും അവതരണവും അടക്കം എല്ലാം മേഖലയിലും സജീവമാണ് താരം. എന്നാൽ വളരെ സാധാരണക്കാരനായി ജീവിക്കുന്ന താരത്തിന്റെ പുതിയൊരു സോഷ്യൽ മീഡിയ(social media) കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. നന്മ വറ്റാത്ത മനുഷ്യർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ടെന്ന് കാണിക്കുന്ന തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം കുറിപ്പായി പങ്കുവച്ചിരിക്കുകയാണ് താരം. 

കുറിപ്പ് വായിക്കാം...

"നല്ല കാഴ്ച 'ഇടയ്ക്കിടയ്ക്ക് എന്റെ കണ്ണുകൾ "പണിമുടക്കാറുണ്ട്'. കണ്ണിന് ഒരൽപ്പം വിശ്രമം വേണമെന്ന് ഡോക്ടർ., ആയിക്കോട്ടെ എന്ന് ഞാനും. .. കഴിഞ്ഞ ആറ് ദിവസമായി വീട്ടിൽ തന്നെ (ഫ്ലാറ്റിൽ ).  ഇന്നലെ വൈകുന്നേരം ഒന്ന് പുറത്തിറങ്ങാമെന്നു കരുതി .. അടുത്ത കട വരെ പോയി പാല് വാങ്ങാം... ഒരു ചെറിയ തുണി സഞ്ചിയുമെടുത്തു പുറത്തിറങ്ങി. ഗേറ്റിന് സമീപമെത്തിയപ്പോ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, സാറെ ഈ നമ്പറിലേക്കൊന്നു വിളിക്കുമോ ..? ഒരു ഫോൺ എനിക്കു നേരെ നീട്ടി ...

അപ്പോഴേയ്ക്കും മറുതലയ്ക്കൽ നിന്ന് ... കണ്ണാ നീ ..ഇതെവിടെയാണ് ...? ഒരമ്മയുടെ ശബ്ദം, എനിക്കൊന്നും മനസിലായില്ല..., സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു, സർ ഒന്ന് സംസാരിക്കുമോ ..?  ഈ ഫോൺ ഇവിടെ ഗേറ്റിന് മുന്നിൽ റോഡിൽ കിടന്നു കിട്ടിയതാ... അവർക്കു തിരികെ കൊടുക്കാൻ ഞാൻ അങ്ങോട്ട് വിളിക്കുകയായിരിന്നു. നേരെത്തെ ഈ ഫോണിൽ വിളിച്ച ആളോടും ഞാൻ പറഞ്ഞു.  ഫോൺ എന്റെ കയ്യിലുണ്ടെന്ന്. പക്ഷെ ഇത് വരെയും ആരും വന്നില്ല. സാർ ഒന്ന് സംസാരിയ്ക്കുമോ ...!

ഞാൻ ആ അമ്മയോട് കാര്യം പറഞ്ഞു. അഡ്രസ് പറഞ്ഞു കൊടുത്തു. കണ്ണന്റെ അച്ഛനോടും സംസാരിച്ചു. ഞങ്ങൾ ഉടൻ വരാം സർ, എന്റെ മോന്റെ ഫോൺ എങ്ങിനെയോ നഷ്ടപ്പെട്ടതാ ... ജോലി അന്വേഷിച്ചിറങ്ങിയതാ ... ഒരുപാടു നന്ദിയുണ്ട്. ഞങ്ങൾ ഉടൻ വരാം .... ഫോൺ സെക്യൂരിറ്റി ചേട്ടനെ തിരികെ ഏല്പിച്ചു പാലു വാങ്ങാനായി ഞാൻ നടന്നു .. അപ്പോഴേക്കും മറ്റൊരു ഫോൺ ശബ്ദംശബ്ദം കേട്ട ഭാഗത്തേയ്ക്ക് എന്റെ കണ്ണുകൾ പരതി നടന്നു ... സെക്യൂരിറ്റി ചേട്ടൻ തന്റെ പോക്കറ്റിൽ നിന്നും പൊട്ടി പൊളിഞ്ഞ തന്റെ കുഞ്ഞു ഫോൺ എടുത്തു ആരോടോ സംസാരിക്കുന്നു.

അതെ ... വിജയനാണ് ...! അപ്പോഴും മറു കയ്യിൽ തനിയ്ക്ക് കിട്ടിയ വില കൂടിയ ഫോൺ അവകാശിയ്ക്കായ് ഭദ്രമായി ചേർത്ത് പിടിച്ചു അഭിമാനത്തോടെ ആ മനുഷ്യൻ അങ്ങനെ നിൽക്കുകയാണ്..  ആ നിഷ്കളങ്കനായ മനുഷ്യനെ ഒരുപാടു സ്നേഹത്തോടെ വീണ്ടും ഞാൻ നോക്കി നിന്നു അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ...  എന്ത് പറ്റി സാർ, ഒന്നുമില്ല. ഞാൻ വിജയൻ ചേട്ടന്റെ ഒരു ഫോട്ടോ എടുത്തോട്ടെ? അദ്ദേഹം അത്ഭുതം കൂറി .. ഇവരൊക്കെ ഇവിടെ ഉള്ളത് കൊണ്ടാവും നമ്മുടെ നാട് നന്മ വറ്റാതെ ഇങ്ങിനെ നിൽക്കുന്നെ .... വിജയൻ ചേട്ടന് ഒരു സല്യൂട്ട് ..

click me!