
മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടേത്. അച്ഛന്റെ പാത പിന്തുടർന്ന് മക്കളായ ഗോകുലും മാധവും സിനിമയിൽ എത്തിക്കഴിഞ്ഞു. ഗോകുലിനെ അപേക്ഷിച്ച് മാധവ് സോഷ്യൽ മീഡിയയിൽ സജീവമായൊരാളാണ്. മോശം കമന്റുകൾക്കും ട്രോളുകൾക്കും കുറിക്ക് കൊള്ളുന്ന മറുപടി നൽകാറുണ്ട്. പ്രസ് മീറ്റിൽ വരുമ്പോഴുള്ള മാധവിന്റെ മറുപടികളും ബോൾഡ് ആയിട്ടുള്ള ആറ്റിറ്റ്യൂഡും ഏറെ ശ്രദ്ധേയമാണ്.
നിലിവിൽ സുരേഷ് ഗോപിക്ക് ഒപ്പം ആദ്യമായി സ്ക്രീൻ പങ്കിട്ട സിനിമയാണ് മാധവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഇതിനിടെ തന്റെ ഒരു പോസ്റ്റിന് വന്ന കമന്റും അതിന് മാധവ് സുരേഷ് നൽകിയ മറുപടിയും ഏറെ ശ്രദ്ധനേടുകയാണ്. "ഫാമിലി ഫുള്‍ ഇതന്നെ. ആ മൂത്ത ചെക്കന്‍ ആണെന്ന് ചോന്നു തമ്മില്‍ ഭേദം", എന്നായിരുന്നു കമന്റ്. ഇതിൽ ശ്രദ്ധയിൽപ്പെട്ട മാധവിന്റെ മറുപടിയും പിന്നാലെ എത്തി. "അച്ഛനും ചേട്ടനും വലിയ കുഴപ്പമില്ല. ഞാന്‍ കുറച്ചു പ്രശ്നമാ ബ്രോ", എന്നായിരുന്നു മാധവിന്റെ മറുപടി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായുകയും ചെയ്തിരുന്നു.
അതേസമയം, സുരേഷ് ഗോപിയും മാധവും ഒന്നിക്കുന്ന ജെഎസ്കെ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ജാനിക എന്ന പേര് മാറ്റണം എന്നാണ് ആവശ്യം. ജാനകി എന്നത് ഹൈന്ദവ ദൈവത്തിന്റെ പേരാണെന്നും ഇത് മാറ്റണമെന്നും സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. ജൂൺ 27ന് റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് സെൻസർ ബോർഡിന്റെ ഈ നീക്കം. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെയിൽ ജാനകി എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് അനുപമ പരമേശ്വരൻ ആണ്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്.