അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ 'കള്ളൻ' എന്ന് വിളിച്ചു; വിവാദമായി, മാപ്പ് പറഞ്ഞ് ബോളിവുഡ് നടി

Published : Jun 20, 2025, 01:44 PM ISTUpdated : Jun 20, 2025, 01:48 PM IST
 Suchitra Krishnamoorthi

Synopsis

അഹമ്മദാബാദ് വിമാനാപകടത്തിലെ രക്ഷപ്പെട്ടയാളെക്കുറിച്ച് സുചിത്ര കൃഷ്ണമൂർത്തി നടത്തിയ പരാമർശം വിവാദമായി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ട സുചിത്ര പിന്നീട് മാപ്പ് പറഞ്ഞു.

മുംബൈ: ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി അഹമ്മദാബാദ് വിമാനാപകടത്തിലെ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാറിനെ 'കള്ളൻ' എന്ന് വിളിച്ചത് വിവാദമായി. പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് നടി രംഗത്ത് എത്തി. എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തെക്കുറിച്ച് സുചിത്ര സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സോഷ്യല്‍ മീഡിയയില്‍ സുചിത്രയ്ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്.

സുചിത്ര തന്‍റെ എക്സ് അക്കൗണ്ടിൽ, വിശ്വാസ് രമേശ് വിമാന യാത്രക്കാരനല്ലെന്നും അപകടത്തെക്കുറിച്ച് വ്യാജ വാദങ്ങൾ ഉന്നയിക്കുകയാണെന്നും ആരോപിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ, ഈ ആരോപണം വ്യാപകമായ വിമർശനത്തിന് ഇടയാക്കി. പലരും സുചിത്രയുടെ പ്രസ്താവന അബദ്ധവും അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാളോടുള്ള അനാദരവുമാണെന്ന് ചൂണ്ടിക്കാട്ടി. വിവാദം കത്തിപ്പടർന്നതോടെ, സുചിത്ര തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തു.

"എന്റെ പോസ്റ്റ് തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഞാൻ അത് ഡിലീറ്റ് ചെയ്തു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു" സുചിത്ര പിന്നീട് എക്സില്‍ പങ്കുവച്ച മാപ്പ് അപേക്ഷയില്‍ പറഞ്ഞു.

ഈ സംഭവം, സോഷ്യൽ മീഡിയയിൽ വസ്തുതകൾ പരിശോധിക്കാതെ വിവരങ്ങൾ പങ്കുവെക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. 1990-കളിൽ ഷാരൂഖ് ഖാനോടൊപ്പം 'കഭി ഹാൻ കഭി നാ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുചിത്ര തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

അതേ സമയം അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിന്‍റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.

ജൂണ്‍ 12നാണ് രാജ്യത്തെ നടുക്കിയ ആകാശദുരന്തം സംഭവിച്ചത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. തദ്ദേശവാസികളും മരണപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത