
താരങ്ങളോട് ഏറെ പ്രീയമുള്ള ആരാധകരുടെ വീഡിയോകൾ കാണുന്നത് ഏറെ രസകരമാണ്. പ്രത്യേകിച്ച് കുഞ്ഞ് ആരാധകരുടേത്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. മലയാളത്തിന്റെ മോഹൻലാലിന്റെ കുട്ടി ആരാധകനാണ് വീഡിയോയിലെ താരം.
മോഹൻലാൽ ഫാൻസ് പേജിലാണ് മോഹൻലാൽ ആരാധകന്‍റെ വീഡിയോ വന്നത്. എമ്പുരാന്റെ ടീസർ ടിവിയിൽ കാണുകയാണ് ഈ കൊച്ചു മിടുക്കന്‍. ടീസറിൽ മോഹൻലാലിനെ കണ്ടതും 'ലാലേട്ടൻ വന്നു' എന്ന് പറഞ്ഞ് കുഞ്ഞി കൈകളടിച്ച് തുള്ളിച്ചാടുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാം. 'ലാലേട്ടനോടുള്ള ഇഷ്ടത്തിന് പ്രായപരിധി ഇല്ല', എന്ന് കുറിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ ടീസർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ലൈക്ക പ്രൊഡക്ഷൻസ് സഹ നിർമാതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള നിർമാണ ചിത്രം കൂടിയാണ് എമ്പുരാൻ.
തുടരും എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ജനുവരി 30ന് തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചെങ്കിലും ഇത് മാറ്റിയെന്നാണ് വിവരം. കണ്ണപ്പയാണ് നടന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ഈ തെലുങ്ക് ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കണ്ണപ്പ ഏപ്രിലിൽ തിയറ്ററുകളിൽ എത്തും. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..