
മലയാളികളുടെ പ്രിയങ്കരനായ നടനാണ് റഹ്മാൻ. കാലങ്ങളായുള്ള അഭിനയ ജീവിതം ഇപ്പോഴും തുടരുന്ന താരം പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത്. മകൾ റുഷ്ദയുടെ മുപ്പതാം പിറന്നാളിനോട് അനുബന്ധിച്ചുള്ള ഹൃദ്യമായ കുറിപ്പാണിത്. മകളേ ഓർത്ത് എന്നും അഭിമാനം മാത്രമാണെന്ന് പറഞ്ഞ റഹ്മാർ, മകളുടെ ഇത്രയും കാലത്ത് ജീവിത പോരാട്ടങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.
റഹ്മാന്റെ ഹൃദ്യമായ കുറിപ്പിങ്ങനെ
എന്റെ പ്രിയ മകൾക്കിന്ന് 30 വയസ് പൂർത്തിയായി. ഇത് പ്രായത്തിൻ്റെ മാത്രമല്ല, നിന്റെ ധൈര്യത്തിൻ്റെയും വളർച്ചയുടെയും പ്രതിരോധശേഷിയുടെയും മനോഹരമായ ഒരു നാഴികക്കല്ലാണ്. നീ അർഹിക്കാത്ത രീതിയിൽ ജീവിതം നിന്നെ പരീക്ഷിച്ച വർഷങ്ങളിലൂടെയാണ് നീ കടന്നു പോയത്. ഒരു പിതാവെന്ന നിലയിൽ അതെല്ലാം എനിക്ക് കാണേണ്ടി വന്നു. നിനക്കെതിരെ വന്ന കൊടുങ്കാറ്റുകളെ നിശബ്ദമായി നീ നേരിട്ടു, വേദനകൾ സഹിച്ചു. എന്നിട്ടും മുന്നോട്ട് തന്നെ പോകാൻ നീ തീരുമാനിച്ചു. അതെല്ലാം നീ എത്രത്തോളം ശക്തയാണെന്ന് എനിക്ക് കാട്ടിത്തരികയായിരുന്നു.
ജീവിതം പലപ്പോഴും നിന്നോട് ദയ കാണിച്ചിരുന്നില്ല, പക്ഷേ ആ അനുഭവങ്ങളൊന്നും നിന്റെ ഹൃദയത്തെ കഠിനമാക്കാൻ ഒരിക്കലും അനുവദിച്ചില്ല. ആരോടും വിദ്വേഷം കാണിച്ചില്ല. ഇന്ന് നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുകയാണ്. കരുണയുള്ള, ചിന്താശീലയായ, ധൈര്യം കൈവിടാത്ത അതുല്യമായൊരു വ്യക്തിത്വത്തിന് ഉടമയാണ് നീ ഇപ്പോൾ.
മുപ്പത് വയസ് എന്നത് ഒരു അവസാനമല്ല; അതൊരു ശക്തമായ തുടക്കമാണ്. നിന്നെ തിരിച്ചറിയാനും മനസിലാക്കാനുമുള്ള പുതിയ അധ്യായം. നിനക്ക് ആരോടും വിശദീകരണം നൽകേണ്ടതില്ല. നിന്റെ യാത്ര അത് നിന്റേത് മാത്രമാണ്. നീ ഇപ്പോൾ എവിടെയാണോ അവിടെയാണ് മുന്നോട്ടും ഉണ്ടാവേണ്ടത്. നീ ആഴത്തിൽ സ്നേഹിക്കപ്പെടുന്നുവെന്നും പരിപൂർണയാണെന്നും എപ്പോഴും ഓർക്കണം. കടന്നുപോയ എല്ലാ പ്രയാസകരമായ ദിവസങ്ങളെക്കാളും കരുത്തയാണ് നീ ഇപ്പോൾ. ജീവിതം നിന്നെ എവിടെ കൊണ്ടുപോയാലും എന്റെ പ്രാർത്ഥനകൾ എന്നും നിന്റെ നിഴലായി ഒപ്പമുണ്ടാകും. വരാനിരിക്കുന്ന വർഷങ്ങൾ നിനക്ക് സമാധാനവും സന്തോഷവും നൽകട്ടെ, ഏറ്റവും നല്ല നിമിഷങ്ങൾ നിനക്കായ് കാത്തിരിക്കുന്നു. ഞാൻ എന്നും നിനക്കൊപ്പം ഉണ്ടായിരിക്കും. എല്ലാ സ്നേഹത്തോടെയും അച്ഛൻ.