
കുട്ടിക്കാല ചിത്രങ്ങൾ കാണാൻ എല്ലാവർക്കും എന്നും ഒരു കൗതുകമാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ. അത്തരത്തിൽ പ്രിയ താരങ്ങളുടെ ഒട്ടനവധി ഫോട്ടോകൾ ആരാധകർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാല ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ ദിവസം കണ്ടൊരു സ്വപ്നം പറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മി ഫോട്ടോ പങ്കുവച്ചത്.
"മണി 1.30..ട്ടേ എന്നൊരു അടി കിട്ടിയപോലെ ഞെട്ടി ഉണർന്നു. ഒരു സ്വപ്നമായിരുന്നു. നല്ല ചൂരൽ കൊണ്ടുള്ള വല്യമ്മയുടെ അടികൊണ്ടിട്ട് ഞെട്ടി ഉണർന്നതാണ്.. കണ്ണ് നിറഞ്ഞിരുന്നു. പിന്നെ ഉറക്കം വന്നില്ല. വല്ലാതെ നെഞ്ച് മിടിക്കുന്നു. പതിവില്ലാത്തപോലെ ഒരു സങ്കടം. എന്റെ ബാല്യത്തെ ഓർത്തുപോയി. എന്തേ ഇപ്പൊ പെട്ടെന്ന് ഇങ്ങനെയൊരു സ്വപ്നം? സങ്കടം??", എന്നായിരുന്നു ഫോട്ടോയ്ക്കൊപ്പം ഭാഗ്യലക്ഷ്മി കുറിച്ചത്.
ബ്ലാക് ആന്റ് വൈറ്റിലെ ഫോട്ടോയാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. "കാണാൻ നല്ല ഭംഗി. ഈ ഫോട്ടോയുടെ ഉള്ളിൽ ഉണ്ട് കഥകൾ. സങ്കടം വന്നു നിറയുന്ന കഥകൾ. സ്വരഭേദങ്ങൾ ഒരു പ്രാവശ്യം കൂടി വായിക്കാൻ പറ്റുന്നില്ല മനസ്സിൽ ഒരു വേദന വരും. ഇത്ര വേദന ചേച്ചി അനുഭവിച്ചു. അമ്മയുടെ കൂടെ നിന്ന് സന്തോഷിക്കൃണ്ട. കുട്ടിക്കാലം. ഇത്രയും വേദന. അനുഭവിച്ചകുട്ടിക്കാലം. വിഷമിക്കണ്ട ഈ അനുഭവങ്ങൾ. ഇവിടെ വരെഎത്തിച്ചില്ലേ. ദൈവം അതിൽ സന്തോഷം തോന്നുന്നു", എന്നാണ് ഒരാൾ കമന്റ് ചെയ്തത്. "അതൊരു സ്വപ്നം മാത്രം എന്ന് കരുതിയാല്‍ മതി. വെറുതെ വിഷമിക്കേണ്ട", എന്നും ഭാഗ്യലക്ഷ്മിയോടായി പലരും പറയുന്നുണ്ട്.
മലയാള സിനിമയിലെ പ്രശസ്തയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ നാനൂറിലേറെ മലയാള സിനിമകളിലായി നിരവധി സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ശോഭന, രേവതി, ഖുശ്ബു, ഭാനുപ്രിയ, മീന തുടങ്ങി മലയാളത്തിലും മറ്റ് ഭാഷകളിലേയും നിരവധി താരങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡബ്ബിങ്ങിന് പുറമെ അഭിനേത്രിയായും ഭാഗ്യലക്ഷ്മി വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്.