Latest Videos

'ഫോണില്‍ മെസേജ് വന്നപ്പോള്‍ കള്ളി വെളിച്ചത്തായി' : അനുഭവം പങ്കുവച്ച് സാജന്‍ സൂര്യ

By Web TeamFirst Published Jul 22, 2021, 3:56 PM IST
Highlights

വീട്ടിലെ ഭാര്യമാരോട് നുണ പറഞ്ഞ് കൂട്ടുകാരൊത്ത് കറങ്ങാന്‍ പോയി പിടിക്കപ്പെട്ട കഥയാണ് സാജന്‍ പങ്കുവച്ചത്. 

കാലങ്ങളായി മലയാള മിനിസ്‌ക്രീന്‍ രംഗത്ത് സജീവ സാന്നിധ്യമായ നടനാണ് സാജന്‍ സൂര്യ. 'സ്ത്രീ'യിലെ ഗോപന്‍ എന്ന നിത്യഹരിത കഥാപാത്രം മുതല്‍' ജീവിത നൗക'യിലെ പുതിയ കഥാപാത്രമായ ജയകൃഷ്ണന്‍ വരെ, ഓരോ വേഷവും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. നൂറോളം പരമ്പരകളില്‍ വേഷമിട്ട സാജന്‍ ഇപ്പോഴും നായകനായിത്തന്നെ സ്‌ക്രീനില്‍ എത്തുന്നു എന്നതാണ് ആരാധകര്‍ക്ക് സാജനോടുള്ള ഇഷ്ടക്കൂടുതലിനുള്ള തെളിവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാജന്‍ തന്റെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ മറക്കാനാകാത്തൊരു അനുഭവമാണ് താരം കഴിഞ്ഞദിവസം പങ്കുവച്ചത്.

വീട്ടിലെ ഭാര്യമാരോട് നുണ പറഞ്ഞ് കൂട്ടുകാരൊത്ത് കറങ്ങാന്‍ പോയി പിടിക്കപ്പെട്ട കഥയാണ് സാജന്‍ പങ്കുവച്ചത്. കുറച്ചുകാലം മുന്നേ സുഹൃത്തിന്റെ പെണ്ണുകാണലാണ് എന്നുപറഞ്ഞ് വീട്ടില്‍നിന്നും കറങ്ങാന്‍ പോയ സാജനെ ഭാര്യ തെളിവുസഹിതം പിടിക്കുകയായിരുന്നു. തെളിവായി കിട്ടിയതാകട്ടെ യാത്രയുടെ വരവുചിലവ് കണക്ക് സുഹൃത്ത് മെസേജായി അയച്ചതും. സ്വയരക്ഷയ്ക്കായി ഫോണ്‍ ഭാര്യമാരുടെ കയ്യില്‍ സൂക്ഷിച്ച് കൊടുക്കണമെന്നും, മെസേജിന്റെ പോപ് അപ് (നോട്ടിഫിക്കേഷന്‍ മുകളില്‍ തെളിഞ്ഞ് കാണുന്നത്) ഓഫ് ആക്കിയിടുന്നതാണ് ഉത്തമമെന്നും ഉപദേശച്ചുകൊണ്ടാണ് സാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സാജന്‍ സൂര്യയുടെ കുറിപ്പ് വായിക്കാം

'വര്‍ഷങ്ങള്‍ക്കു മുന്നേ 'നിര്‍മ്മാല്യം' എന്ന സീരിയല്‍ ചെയ്യുന്ന കാലം. ഡയറക്ടര്‍ ജി.ആര്‍ കൃഷ്ണനും ക്യാമറമാന്‍ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയില്‍ ഒരു ആദിവാസി കുടിയില്‍ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടില്‍ ഭാര്യമാരോട് മനോജിന് പെണ്ണുകാണാന്‍ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. 

യാത്രാ ചിലവ് ഷെയര്‍ ചെയ്യാന്‍ ശബരി മൊബൈലില്‍ കണക്ക് സൂക്ഷിച്ചു. അതിന്റെ ഹെഡ്ഡിംങായി 'ട്രിപ് ടു പന്ത'' (മനോജിന്റെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത). എന്നും ഇട്ടിരുന്നു. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ എന്ന് കേട്ടപ്പോഴെ ഞങ്ങളുടെ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകള്‍ വീട്ടില്‍ രസകരമായി വിളമ്പി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങള്‍ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും, കപ്പയും നാടന്‍ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകള്‍ വച്ചലക്കി. രാത്രിയായപ്പോള്‍ എല്ലാ കണക്കും നോക്കി ഓരോരുത്തര്‍ക്ക് വേണ്ടിവന്ന തുക, ബാക്കി കൊടുക്കാനുള്ളത് എന്നിവ ടൈപ്പ് ചെയ്ത് ശബരി മെസേജ് ആയിട്ട് എല്ലാവര്‍ക്കും അയച്ചു. ആ സമയത്ത് ഫോട്ടോസ് കാണിക്കാന്‍ ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കേറി. ഫോട്ടോസ് കാണുന്നതിനിടയില്‍ ട്രിപ് ടു പന്ത മെസേജ് പോപ്പ് അപ്പ് ആയിട്ട് മുകളില്‍ തെളിഞ്ഞു.

ഭാര്യമാര് തമ്മില്‍ കമ്പനിയായതുകൊണ്ട് ശബരിയുടേയും ജി.ആറിന്റേയും വീട്ടിലെ കള്ളിയും അങ്ങനെ പൊളിഞ്ഞു.
*പാഠം ഒന്ന് - ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്താല്‍ കൂടെ ഇരിക്കുക. *പാഠം രണ്ട് - ഭാര്യമാരെ തമ്മില്‍ കമ്പനിയാക്കരുത്, ഫോണ്‍ നമ്പര്‍ കൈമാറാന്‍ ഇടയുണ്ടാക്കരുത്. *പാഠം 3- പോപ് അപ് ഓഫ് ചെയ്ത് ഇടുക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!