17 വര്‍ഷങ്ങള്‍, 'ഉദയനാണ് താര'ത്തിനുശേഷം ആദ്യമായി റാമോജിയില്‍; റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു

By Web TeamFirst Published Jul 22, 2021, 9:01 AM IST
Highlights

ദുല്‍ഖര്‍ നായകനായി എത്തുന്ന സല്യൂട്ടാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം. 

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന, മുകേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സിനിമയിലെ ഏതാനും ഭാ​ഗങ്ങൾ ചിത്രീകരിച്ചത് റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ്. ഇപ്പോഴിതാ വീണ്ടും റാമോജിയിൽ എത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് റോഷൻ ആൻഡ്രൂസ്. 

17 വർഷത്തിന് ശേഷമാണ് റോഷൻ ഫിലിം സിറ്റിയിൽ എത്തുന്നത്. ഉദയനാണു താരത്തിലെ ഷൂട്ടിങ്ങിനു ശേഷം ആദ്യമായാണ് അദ്ദേഹം റാമോജിയില്‍ എത്തുന്നത്. 

'എന്റെ ആദ്യ ചിത്രം ഉദയനാണുതാരം കഴിഞ്ഞു 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ റാമോജി ഫിലിം സിറ്റി സന്ദര്‍ശിച്ചു. ദൈവത്തിനു നന്ദി. ഞാന്‍ ഇപ്പോഴും ഈ ഇന്റസ്ട്രിയിലുണ്ട്. ഒരുപാട് ഓര്‍മകളും. എല്ലാ സിനിമാപ്രേമികള്‍ക്കും ആ സിനിമ ഇഷ്ടമാണെന്ന് പ്രതീക്ഷിക്കുന്നു. 17 വര്‍ഷങ്ങള്‍... ഇപ്പോള്‍ ഞാന്‍ ദുല്‍ഖറിനെ സംവിധാനം ചെയ്യുകയാണ്. സൃഷ്ടികര്‍ത്താവിനു സല്യൂട്ട്', എന്ന് റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു. സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. 

ഉദയനാണ് താരത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന 'ഉദയഭാനു' എന്ന നായക കഥാപാത്രം ഒരു സഹസംവിധായകനാണ്. ഒരിക്കൽ തന്റേതായ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. നടനാവണം എന്ന ആഗ്രഹവുമായി നടക്കുന്ന തന്റെ കുരുട്ട് ബുദ്ധിക്കാരനായ സുഹൃത്ത് 'രാജപ്പൻ' ഉദയഭാനുവിന്റെ സഹതാപം പിടിച്ചു പറ്റി കൂടെ താമസിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

അതേസമയം, ദുല്‍ഖര്‍ നായകനായി എത്തുന്ന സല്യൂട്ടാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രം. മുംബൈ പൊലീസിനു ശേഷം അദ്ദേഹം ഒരുക്കുന്ന പൊലീസ് ത്രില്ലറാണ് ഇത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!