'അങ്ങനെ ഒരു സ്വപ്‍നം കൂടി സഫലമായി'; സന്തോഷം പങ്കുവച്ച് അമേയ മാത്യു

By Web TeamFirst Published Oct 26, 2021, 11:27 PM IST
Highlights

തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഖജുരാഹോ ഡ്രീംസി'ന്‍റെ പാക്കപ്പ് വിശേഷമാണ് അമേയ പങ്കുവച്ചിരിക്കുന്നത്

ബിഗ് സ്‌ക്രീനിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു (Ameya Mathew). ആട് 2, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന വാക്കുകള്‍ പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. 

തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഖജുരാഹോ ഡ്രീംസി'ന്‍റെ പാക്കപ്പ് വിശേഷമാണ് പുതുതായി അമേയ പങ്കുവച്ചിരിക്കുന്നത്. മറ്റൊരു സ്വപ്‌നം കൂടെ പൂര്‍ത്തിയായെന്നും  മനോഹരമായ മറ്റൊരു സിനിമയുടെകൂടി ഭാഗമാകാന്‍ പറ്റിയതില്‍ സന്തോഷമെന്നും അമേയ പറയുന്നു. ശ്രീനാഥ് ഭാസി, അതിഥി രവി, അര്‍ജുന്‍ തുടങ്ങിയവരോടൊപ്പമുള്ള ഒരു ചിത്രവും ചിത്രത്തിന്‍റെ മുഴുവന്‍ അംഗങ്ങളുമടങ്ങിയ മറ്റൊരു ചിത്രവും അമേയ പങ്കുവച്ചിട്ടുണ്ട്. ''അങ്ങനെ മറ്റൊരു ഡ്രീം കൂടി പൂര്‍ത്തിയായിരിക്കുന്നു. 'ഖജുരാഹോ ഡ്രീംസ്'. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിലും, അതിലുപരി ഒരുപാട് നല്ല സൗഹൃദങ്ങള്‍ ഈ സിനിമയിലൂടെ ലഭിച്ചതിലും ഒത്തിരി സന്തോഷമുണ്ട്.'' എന്നാണ് അമേയ കുറിച്ചത്.

നവാഗത സംവിധായകനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. അര്‍ജുന്‍ അശോകന്‍, ധ്രുവ്, അതിഥി രവി, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സഞ്ചാര പ്രിയരായ നാല് യുവാക്കളും ഒരു യുവതിയും ഖജുരാഹോയിലെ ഒരു ഗ്രാമത്തിലേക്ക് നടത്തുന്ന റോഡ് യാത്രയാണ് സിനിമയുടെ പശ്ചാത്തലം. കൊച്ചിയില്‍ നിന്ന് തുടങ്ങുന്ന യാത്ര, വയനാട്, ഹൂബ്ലി, നാസിക്, ഭോപ്പാല്‍ എന്നിവിടങ്ങളിലൂടെയാണ് ഖജുരാഹോയിലേക്കെത്തുന്നത്. മാര്‍സ് പ്രൊഡക്ഷന്‍സും ഗുഡ്‌ലൈനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

click me!