
മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. അനുശ്രീ പങ്കിടുന്ന പോസ്റ്റുകളും ശ്രദ്ധനേടാറുണ്ട്. പൊതുവേദികളിൽ പലപ്പോഴും മലയാളിത്തനിമയോടെ എത്തുന്ന അനുശ്രീയെ കാണാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ അനുശ്രീ എത്തിയൊരു ഉദ്ഘാടനത്തിൽ നടന്നൊരു സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അനുശ്രീ. ഇവിടെ ഒരു നറുക്കെടുപ്പും നടന്നു. നറുക്കെടുപ്പ് നടക്കുന്നതിനിടെ തന്റെ നമ്പറാണെന്ന് കരുതിയ ഒരു മധ്യവയസ്കൻ വേദിയിൽ വരുന്നുണ്ട്. എന്നാൽ വേദിയിൽ എത്തിയപ്പോഴേക്കും തനിക്കല്ല 10000 രൂപയുടെ സമ്മാനം കിട്ടിയതെന്ന് മനസിലായ അദ്ദേഹം വേദി വിട്ട് പോകുന്നുണ്ട്. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വീഡിയോയിൽ കാണാം. ഉദ്ഘാടനമെല്ലാം കഴിഞ്ഞ ശേഷം ആ മധ്യവയസ്കന് അനുശ്രീ പണം നൽകുന്നുമുണ്ട്. ഒപ്പം കടയുടമയും. "ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ലെ"ന്നും അനുശ്രീ പറയുന്നുണ്ട്.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുശ്രീയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. "ഒരു ചെറിയ പൂവ് കിട്ടുമെന്ന് കരുതി പ്രതീക്ഷയോടെ സ്റ്റേജിൽ കയറിവന്ന ചേട്ടന്, ഒരു പൂന്തോട്ടം തന്നെ കൊടുത്തു മനസ്സ് നിറച്ചുവിട്ട അനുശ്രീ", എന്നാണ് ഒരാളുടെ കമന്റ്. "അനുശ്രീയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ ഒരുപക്ഷേ അവരുടെ മാതാപിതാക്കളെ ഓർത്തു കാണും, മനുഷ്യനായിട്ട് കാരൃമില്ല മനുഷ്യത്വം ഉണ്ടാവണം. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല. എല്ലാവരിലും ഈ ഒരു അംശം ഉണ്ടാവണം", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍. എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹത്തിന് വഴിവച്ചിട്ടുണ്ട്.