
മകൾക്ക് സെക്സ് ടോയ് സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുവെന്ന തന്റെ പരാമർശത്തെ കടുത്ത വിമർശനം നേരിട്ടുവെന്ന് രാം കപൂറിന്റെ ഭാര്യയും ടെലിവിഷൻ നടിയുമായ ഗൗതമി കപൂർ. ഗൗതമിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായിരുന്നു. പലരും വിമർശനവുമായെത്തി. ചിലർ അനുകൂലിച്ചും രംഗത്തെത്തി. നെഗറ്റീവ് അഭിപ്രായങ്ങൾ തന്നെ വിഷാദത്തിലാക്കുകയും വൈകാരികമായി തളർത്തുകയും ചെയ്തുവെന്ന് ഗൗതമി വെളിപ്പെടുത്തി. ന്യൂസ് 18 ഷോഷയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗൗതമി കപൂർ ഇക്കാര്യം പറഞ്ഞത്. നാലര മാസം മുമ്പത്തെ പോഡ്കാസ്റ്റിൽ താൻ പറഞ്ഞ കാര്യമായിരുന്നു അത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം, എനിക്ക് പോലും അറിയാത്ത കാരണങ്ങളാൽ ഞാൻ വലിയ വിവാദത്തിലേക്ക് എത്തപ്പെട്ടു. ഞാൻ പൊതുവൽക്കരിച്ച അഭിപ്രായം പറഞ്ഞിട്ടില്ല. എല്ലാ അമ്മമാരും അങ്ങനെ ചെയ്യണമെന്നും പറഞ്ഞിട്ടില്ല. ഒരു പ്രത്യേക ദിവസം ഞാൻ നടത്തിയ ഒരു സംഭാഷണമായിരുന്നു അത്. എന്റെ മകളെക്കുറിച്ച് ഞാൻ എന്തെങ്കിലും പറഞ്ഞെങ്കിൽ അവളുമായുള്ള എന്റെ ബന്ധത്തിന്റെ പുറത്തായിരുന്നുവെന്നും അവർ പറഞ്ഞു.
സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് അത് യോജിക്കുന്നില്ലെങ്കിൽ, എനിക്ക് കുഴപ്പമില്ല. ഞാൻ അവരോട് എന്നോട് യോജിക്കാനോ വിയോജിക്കാനോ പറയുന്നില്ല. ഞാൻ വസ്തുതയായിട്ടാണ് പറഞ്ഞത്. റാമിനും എനിക്കും ഞങ്ങളുടെ കുട്ടികളുമായി വളരെ തുറന്ന ബന്ധമുണ്ട്. ചിലർ അതിനോട് യോജിച്ചേക്കാം, ചിലർ അതിനെ പുച്ഛത്തോടെ വീക്ഷിച്ചേക്കാം. അത് അവരുടെ അഭിപ്രായമാണ്. അത് എന്നെ ബാധിക്കില്ല. എനിക്ക് എന്റെ അഭിപ്രായത്തിന് അവകാശമുള്ളതുപോലെ അവർക്ക് അവരുടെ അഭിപ്രായത്തിന് അവകാശമുണ്ടെന്നും എന്തിനാണ് എന്റെ കുട്ടികളെ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്നും നടി ചോദിച്ചു.
ഓൺലൈനിൽ വന്ന അധിക്ഷേപങ്ങളും ട്രോളുകളും മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു. പ്രസ്താവന വൈറലായതിന് ശേഷം എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഒരു സ്ത്രീക്കെതിരെ ഇത്തരം കാര്യങ്ങൾ എഴുതുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഏകദേശം ഒരു മാസത്തേക്ക് ഞാൻ ഇൻസ്റ്റാഗ്രാമിൽ നിന്ന് വിട്ടുനിന്നുവെന്നും നടി പറഞ്ഞു.