
ചെറുപ്പം മുതൽ അച്ഛൻ നൽകിയ സ്വാതന്ത്ര്യമാണ് തനിക്ക് യാത്ര ചെയ്യാനുള്ള ധൈര്യം നൽകിയതെന്ന് നടിയും അവതാരകയും എഴുത്തുകാരിയുമായ ഗായത്രി അരുൺ. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി.
''സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോ എന്റെ സുഹൃത്തുക്കളിൽ ചിലർ, എവിടെയെങ്കിലും പോകണമെങ്കിൽ വീട്ടിൽ വിളിച്ച് കരഞ്ഞു കാലു പിടിക്കുന്നതും ചിലർ നുണ പറയുന്നതുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് അതിന്റെയൊന്നും ആവശ്യം വന്നിട്ടില്ല. എവിടേക്കെക്കെങ്കിലും പോകണമെങ്കിൽ വീട്ടിൽ വിളിച്ച് പറഞ്ഞാൽ മാത്രം മതി. അച്ഛാ, ഇന്ന് ഞാൻ ദീപ്തിയുടെ വീട്ടിൽ പോകുകയാണ്, അവിടെ അമ്പലത്തിൽ ഉത്സവമാണ് എന്നു പറഞ്ഞാൽ ഓക്കെ എന്നായിരിക്കും അച്ഛന്റെ ഉത്തരം. ഞാൻ എവിടെയായിരിക്കും എന്ന് അവർ അറിഞ്ഞിരിക്കണം എന്നേ ഉള്ളൂ'', ഗായത്രി പറഞ്ഞു.
''സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ കുറച്ചുകൂടി പ്രൊട്ടക്ടീവ് ആയി. ഏതു ലൊക്കേഷനിൽ പോയാലും അമ്മയെയും എനിക്കൊപ്പം വിടുമായിരുന്നു'', ഗായത്രി കൂട്ടിച്ചേർത്തു. അച്ഛന്റെ ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങളാണ് ആദ്യം വായിച്ചു തുടങ്ങിയതെന്നും ഗായത്രി പറഞ്ഞു.
ആരോമൽ ചേകവരും ചന്തുവും വീണ്ടും ബിഗ് സ്ക്രീനിൽ; സന്തോഷം പങ്കിട്ട് സുരേഷ് ഗോപി
സിനിമാ സീരിയൽ അഭിനയത്തോടൊപ്പം അവതരണവും പുസ്തകമെഴുത്തും വ്ലോഗിങ്ങും ബിസിനസുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുന്ന താരമാണ് ഗായത്രി അരുൺ. 'അച്ചപ്പം കഥകൾ' എന്ന ആദ്യപുസ്തകത്തിനു പിന്നാലെ ഗായത്രിയുടെ രണ്ടാമത്തെ പുസ്തകവും കഴിഞ്ഞ ദിവസം കോഴിക്കോടു വെച്ചു നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടിരുന്നു.. 'യാത്രയ്ക്കപ്പുറം' എന്നാണ് ഗായത്രിയുടെ പുതിയ പുസ്തകത്തിന്റെ പേര്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റക്കും ഗായത്രി നടത്തിയ യാത്രാ ഓർമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് 'യാത്രയ്ക്കപ്പുറം'. ഡിസി ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..