'എഴുത്തിന് 'എഴുത്തുകാരിയുടെ മുറി' ആവശ്യമാണ്' : 'അച്ഛപ്പം കഥകള്‍' മോഹന്‍ലാലിന് കൈമാറി ഗായത്രി

By Web TeamFirst Published Sep 23, 2021, 9:27 AM IST
Highlights

മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗായത്രിയുടെ 'അച്ഛപ്പം കഥകള്‍' വെര്‍ച്വലായി പുസ്തക പ്രകാശനം നടത്തിയത്. 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് കഥാപാത്രത്തിലൂടെ ഗായത്രി നേടിയത് വലിയൊരു ആരാധകനിരയാണ്. മമ്മൂട്ടിയുടെ 'വണ്‍' എന്ന സിനിമയിലൂടെ ഗായത്രി സിനിമാരംഗത്തേക്കും സജീവമായിക്കഴിഞ്ഞു. ഗായത്രിയുടെ എഴുത്ത് മിക്കവാറും ആരാധകരെല്ലാംതന്നെ വായിക്കാന്‍ തുടങ്ങിയത് അധികം മുന്നേയല്ല. അച്ഛപ്പം കഥകള്‍ എന്നപേരിലായിരുന്നു താരം എഴുത്ത് പങ്കുവച്ചിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 'അച്ഛപ്പം കഥകള്‍' പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്.

മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗായത്രിയുടെ 'അച്ഛപ്പം കഥകള്‍' വെര്‍ച്വലായി പുസ്തക പ്രകാശനം നടത്തിയത്. ശേഷം മഞ്ജു വാര്യര്‍ പുസ്തകം ഏറ്റുവാങ്ങുന്നതും ഗായത്രി ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന് പുസ്‌തകം നേരിട്ട് കൊടുക്കുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗായത്രി. ചിത്രത്തോടൊപ്പം താരം പങ്കുവച്ച വരികളും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണിപ്പോള്‍. ഭൂമിയില്‍ പിറന്ന എല്ലാവര്‍ക്കും എഴുതാനുള്ള കഴിവ് ഉണ്ടാകുമെന്നും, എന്നാല്‍ അവര്‍ക്ക് അതിനുള്ള ചുറ്റുപാടിന്റെ അഭാവമാണ് എഴുത്ത് വരാതിരിക്കാനുള്ള കാരണമെന്നുമാണ് ഗായത്രി പറയുന്നത്.

അച്ഛന്റെ കഥകളും അച്ഛനോടൊപ്പമുള്ള കഥകളുമാണെന്ന് പറഞ്ഞായിരുന്നു ഗായത്രി ചെറിയ കഥകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ അച്ഛന്റെ പെട്ടന്നുണ്ടായ വിയോഗത്തോടെ ഗായത്രി എഴുത്ത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കഥകളെല്ലാം സ്വരുക്കൂട്ടി പുസ്തകരൂപത്തിലാക്കി പുറത്തിറക്കിയ ഗായത്രിക്ക് നല്ല അഭിപ്രായമാണ് കിട്ടുന്നത്. കൂടാതെ തനിക്ക് ശാന്തമായി എഴുതാന്‍ കിട്ടിയ തന്റെ 'എഴുത്തിട'ത്തെപ്പറ്റി പറയുകയാണ് ഗായത്രി. എഴുത്തിടത്തില്‍ വച്ചുതന്നെ ഏറെ പ്രിയപ്പെട്ട മോഹന്‍ലാലിന് പുസ്തകം കൈമാറന്‍ പറ്റിയതിന്റെ സന്തോഷവും ഗായത്രി മറച്ചുവെച്ചില്ല.

വിര്‍ജീനിയ വൂള്‍ഫ് എന്ന ബ്രിട്ടീഷ് എഴുത്തുകാരി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതിയ 'എഴുത്തുകാരിയുടെ മുറി' (the room of one's own-1929) എന്ന കൃതിയില്‍ 'ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കാന്‍ പണവും സ്വന്തമായി ഒരു മുറിയും വേണം' എന്ന പ്രശസ്തമായ വാചകം പറയുന്നുണ്ട്. അതുതന്നെയാണല്ലോ ഗായത്രിയും ഇവിടെ പറയുന്നതെന്നാണ് ഗായത്രിയുടെ പോസ്റ്റിന് ചില ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. 

ഗായത്രിയുടെ പോസ്റ്റ് വായിക്കാം.

''കഥയോ കവിതയോ അനുഭവമോ ഓര്‍മക്കുറിപ്പോ അങ്ങനെ എന്തും എഴുതാന്‍ ഈ ഭൂമിയില്‍ പിറന്ന എല്ലാ മനുഷ്യര്‍ക്കും സാധിക്കുമെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എന്തുകൊണ്ട് എല്ലാവരും എഴുത്തുകാരാകുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം അച്ഛപ്പം കഥകള്‍ എഴുതി പൂര്‍ത്തിയാക്കിയ ഇടത്തില്‍ വച്ചാണ് എനിക്ക് കിട്ടിയത്. എഴുതുവാന്‍ നമുക്ക് ഇടമാണു വേണ്ടത്. മനസ്സില്‍ വിരിയുന്ന വാക്കുകളെ കടലാസ്സില്‍ പകര്‍ത്തുമ്പോള്‍ ചുറ്റും ശാന്തമായിരിക്കണം. നമ്മെ ലക്കില്ലാതെ എഴുതാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജത്തിന്റെ സാന്നിധ്യമുണ്ടായിരിക്കണം. അത്തരം 'എഴുത്തിടങ്ങളില്‍' നിറഞ്ഞു നില്‍ക്കുന്ന ശാന്തത അകമേക്ക് വ്യാപിക്കും. എഴുത്തിടങ്ങളില്ലെങ്കില്‍ എഴുത്തുകാരുമില്ല. 'ഋതംഭര' എനിക്ക് അത്തരമൊരു എഴുത്തിടം കൂടിയാണ്. അച്ഛപ്പം കഥകളുടെ അവസാന വരികള്‍ ഇവിടെ ഇരുന്നാണ് എഴുതി തീര്‍ത്തത്. ഏതോ നിമിത്തം പോലെ ഋതംഭരയുടെ തന്നെ മുഖ്യരക്ഷാധികാരിയായ ലാലേട്ടനാണ് അത് പ്രകാശനം ചെയ്തത്. പക്ഷെ അത് അദ്ദേഹത്തെ നേരില്‍ കണ്ട് ആവണം എന്ന ആഗ്രഹം അന്ന് നടന്നില്ല. ഇപ്പോഴിതാ വീണ്ടും ആ ഇടത്തില്‍ വച്ച് തന്നെ അത് അദ്ദേഹത്തിന് നേരില്‍ കൊടുക്കാന്‍ കഴിഞ്ഞതും മറ്റൊരു നിമിത്തം.. അനുഗ്രഹം.''

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!