
ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ആളാണ് ഹണി റോസ്. പിന്നീട് ചെറുതും വലുതുമായ സിനിമകൾ ചെയ്ത് മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ ഹണിയുടേതായി വരാനിരിക്കുന്നത് റേച്ചൽ എന്ന ചിത്രമാണ്. കരിയറിൽ ഇതുവരെ ചെയ്യാത്ത ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് ഹണി ചിത്രത്തിൽ എത്തുന്നത്. ചിത്രം ഡിസംബർ 12ന് തിയറ്ററുകളിൽ എത്തും. തതവസരത്തിൽ വിവാഹത്തെ കുറിച്ച് ഹണി റോസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"ജീവിതത്തിൽ പ്രണയമൊക്കെ ഉണ്ടായിട്ടുള്ള ആളാണ് ഞാൻ. ചെറിയ പ്രായത്തിൽ പ്രണയത്തെ പറ്റിയോ വിവാഹ ജീവിതത്തെ പറ്റിയോ ചിന്തിക്കുന്ന കാര്യമല്ല റിയാലിറ്റിയിൽ നടക്കുന്നതെന്ന ബോധ്യം എപ്പോഴും എനിക്കുണ്ട്. അതുകൊണ്ട് ഇന്ന ആള് വേണം എന്നൊക്കെയുള്ളത് ഭയങ്കര അബദ്ധമായ ചിന്തിയാണെന്നൊക്കെ എനിക്കറിയാം. കാരണം അങ്ങനത്തെ ഒരാളില്ല. നമുക്ക് കിട്ടുന്നയാൾ അത്യാവശ്യം കുഴപ്പമില്ലാത്ത, നമ്മളുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക് എന്ന് മാത്രമെ പറയാനുള്ളൂ", എന്നാണ് ഹണി റോസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്.
പ്രണയവും നൊമ്പരവും പകയും സംഘർഷവും എല്ലാം ചേർന്നൊരു സിനിമയാണ് റേച്ചൽ എന്നാണ് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായത്. ആനന്ദിനി ബാലയാണ് സംവിധാനം. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. റോഷൻ, ബാബുരാജ്, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.