
സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള ഇന്റസ്ട്രിയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്തിയ നടിയാണ് ഗ്രേസ് ആന്റണി. തന്മയത്വത്തോടെയുള്ള ഗ്രേസിന്റെ അഭിനയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. മമ്മൂട്ടി അടക്കമുള്ളവർക്കൊപ്പം അഭിനയിച്ച ഗ്രേസ് പങ്കുവച്ചൊരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ബോഡി ട്രാൻസ്ഫോർമേഷൻ പോസ്റ്റാണിത്. 80 കിലോയിൽ നിന്നും 65 കിലോയിലേക്കുള്ള യാത്രയെ കുറിച്ചാണ ഗ്രേസ് ആന്റണി പറയുന്നത്.
"8 മാസം. 15 കിലോ. വഴിയിൽ എവിടെയോ നഷ്ടപ്പെട്ടുവെന്ന് കരുതിയ എന്റെ ഒരു പതിപ്പ്. 80 കിലോ മുതൽ 65 കിലോ വരെയുള്ള ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. നിശബ്ദമായ യുദ്ധങ്ങളായിരുന്നു അത്. കരഞ്ഞ ദിവസങ്ങൾ, ഞാൻ എന്നെത്തന്നെ സംശയിച്ച ദിവസങ്ങൾ, എനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോന്ന് എന്നെതന്നെ ചോദ്യം ചെയ്ത ദിവസങ്ങൾ. ഈ പോരാട്ടത്തിനും ചെറിയ വിജയത്തിനും ഇടയിൽ തന്നെ എന്റെ ഉള്ളിലെ ശക്തി ഞാൻ കണ്ടെത്തി. ആത്മവിശ്വാസം തകരുമ്പോഴും തളരാൻ കൂട്ടാക്കാത്ത പെൺകുട്ടിയെ ഞാൻ കണ്ടെത്തി", എന്ന് ഗ്രേസ് ആന്റണി പറയുന്നു.
"എൻ്റെ പരിശീലകൻ അലി ഷിഫാസ്, എന്നെ നയിച്ചതിന് ഒരുപാട് നന്ദി. നിങ്ങളൊരു അത്ഭുതമാണ്. തിരിച്ചടിച്ചതിനും ഒഴികഴിവുകൾക്ക് പകരം അച്ചടക്കം തിരഞ്ഞെടുത്തതിനും വീണ്ടും വിശ്വസിച്ചതിനും എന്നോട് തന്നെ നന്ദി. ഈ ട്രാൻസ്ഫോർമേഷൻ ഈ ഫോട്ടോയെക്കാൾ ഉപരിയാണ്. ഭേദപ്പെടാൻ സമയമെടുക്കും, പുരോഗതി കുഴഞ്ഞുമറിഞ്ഞതാണ്. എത്ര ചെറുതാണെങ്കിലും ഓരോ ചുവടും മുന്നോട്ട് തന്നെ വയ്ക്കണമെന്നതിന്റെ ഓർമപെടുത്തലാണ്. നിങ്ങൾ പരിശ്രമിക്കുകയാണെങ്കിൽ, അത് തുടരുക. ഒരു ദിവസം, നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ, ഓരോ കണ്ണുനീരും ഓരോ സംശയവും എല്ലാ പ്രയത്നവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കും", എന്നും മനംനിറഞ്ഞ് ഗ്രേസ് കൂട്ടിച്ചേർത്തു.