'ട്രോളൊന്നും പുത്തരിയല്ലല്ലോ'; ആയിഷയിലെ 'കണ്ണില് കണ്ണില്' പാട്ടിനെ കുറിച്ച് മഞ്ജു വാര്യർ

By Web TeamFirst Published Jan 17, 2023, 9:40 PM IST
Highlights

പ്രഭുദേവയുടെ കൊറിയോ​ഗ്രഫിയോടെ പുറത്തിറങ്ങിയ ​ഗാനം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ സിനിമയാണ് ആയിഷ. മഞ്ജു വാര്യർ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം എന്നത് തന്നെയായിരുന്നു അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് 'കണ്ണില് കണ്ണില്' എന്ന് തുടങ്ങുന്ന ​ഗാനം. പ്രഭുദേവയുടെ കൊറിയോ​ഗ്രഫിയോടെ പുറത്തിറങ്ങിയ ഈ ​ഗാനം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ ട്രോളുകളിലും ഈ ​ഗാനം ഇടംപിടിച്ചു. ചതിക്കാത്ത ചന്തുവിലെ സലിം കുമാറിന്റെ ഉൾപ്പടെയുള്ള ഇമേജുകൾ പങ്കുവച്ചായിരുന്നു ട്രോളുകൾ. ഇപ്പോഴിതാ ഇവയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. 

ട്രോളുകൾ വിഷമം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന്, 'ട്രോളൊന്നും പുത്തരിയല്ലല്ലോ. വിഷമമൊന്നും ആയില്ല. എന്നെ ഞാൻ തന്നെയാണ് ആദ്യം ട്രോളിയത്. മറ്റുള്ളവരെ വിഷമിപ്പിക്കാത്ത രീതിയിൽ ട്രോളുകൾ തയ്യാറാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അതിനെ അതിന്റേതായി സ്പിരിറ്റിൽ മാത്രമെ ഞാൻ എടുത്തിട്ടുള്ളൂ', എന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ആയിഷയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന പ്രെസ് മീറ്റിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

അതേസമയം, ജനുവരി 20ന് ആയിഷ റിലീസിനെത്തും. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. വിഷ്ണു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ, പി.ആര്‍.ഒ.- എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

വിമർശകർക്ക് ചുട്ടമറുപടി, കുടുംബത്തോടൊപ്പം 'പഠാൻ' കണ്ട് ഷാരൂഖ് ഖാൻ- വീഡിയോ 

click me!