
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മീന. മലയാളി അല്ലെങ്കിലും കാലങ്ങളായി ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച മീന, മോഹൻലാലിനൊപ്പം പെയറായി എത്തുന്നത് ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും ഒന്നിച്ച നിരവധി സിനിമകളും മലയാളത്തിലുണ്ട്. നിലവിൽ ദൃശ്യം 3യിലാണ് പ്രിയ താരങ്ങൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നും മീന പങ്കുവച്ചൊരു പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ് ഇപ്പോൾ.
മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ സന്തോഷം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ഒപ്പം ഫോട്ടോകളും മീന ഷെയർ ചെയ്തിട്ടുണ്ട്. "ലാലേട്ടന്റെ കോ സ്റ്റാർ എന്ന് വിളിക്കുന്നത് ഒരു ബഹുമതിയാണ്, പക്ഷേ അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന് വിളിക്കുന്നത് ഒരു ഭാഗ്യമാണ്. അദ്ദേഹത്തിൻ്റെ സമർപ്പണവും തിളക്കവും എല്ലാ വേഷങ്ങളിലും തിളങ്ങി നിൽക്കുന്നു, സൗഹൃദത്തിൻ്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ നിങ്ങളെ ഓർത്ത് അഭിമാനം. ദൃശ്യം 3 ആവേശത്തിലാണ്", എന്നായിരുന്നു മീനയുടെ വാക്കുകൾ.
മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള സിനിമയാണ് ദൃശ്യം 3. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലിനും മീനക്കും പുറമെ അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അതേസമയം, ഹൃദയപൂര്‍വ്വം എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പത്ത് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രം കഴിഞ്ഞ ദിവസം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.