
വിവിധ ടെലിവിഷൻ ഷോകളിൽ ഡാൻസ് മാസ്റ്ററായി എത്തി ശ്രദ്ധനേടിയ ആളാണ് സാൻഡി മാസ്റ്റർ. ടെലിവിഷൻ ഷോകൾക്ക് പുറമെ അവാർഡ് ഫങ്ഷനുകളിലും സാൻഡിയും അദ്ദേഹത്തിന്റെ ചുവടുകളും ശ്രദ്ധേയമായി. ഒടുവിൽ തമിഴ് സിനിമയിലെ ഡാൻസ് കൊറിയോഗ്രാഫറായി വളർന്ന സാൻഡി ഇപ്പോൾ ശ്രദ്ധനേടുന്നത് അഭിനേതാവ് എന്ന നിലയിലാണ്. തമിഴ്, മലയാളം സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരെ ഞെട്ടിച്ച സാൻഡിയുടെ പ്രകടനത്തിന് കയ്യടികൾ ഏറെ ആയിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിലൂടെ ആയിരുന്നു സാൻഡിയുടെ അഭിനയ അരങ്ങേറ്റം. ചിത്രത്തിലെ സൈക്കോ വില്ലനായി നിറഞ്ഞാടിയ ഇദ്ദേഹത്തെ കണ്ട് ഇത് സാൻഡി മാസ്റ്റർ തന്നെയാണോ എന്നാണ് അത്ഭുതത്തോടെ പ്രേക്ഷകർ ചോദിച്ചത്. ഇതിന് പിന്നാലെ മലയാളത്തിന് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ലോക എന്ന ചിത്രത്തിലും സാൻഡി ഗംഭീര പ്രകടനം കാഴ്ചവച്ചു. കർക്കശക്കാരനായ പൊലീസുകാരനായെത്തിയ സാൻഡി സിനിമയ്ക്ക് ഒടുവിൽ വാമ്പയർ ആയി മാറുന്നതും അതിന് ശേഷം ബിഗ് സ്ക്രീനിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തത് മലയാളികൾ കൊണ്ടാടി. ഒപ്പം ഇതര ഭാഷക്കാരും.
ലോകയ്ക്കും ലിയോയ്ക്കും ശേഷം ഇപ്പോഴിതാ കിഷ്കിന്ദാപുരി എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സാൻഡി മാസ്റ്റർ. ഹൊറർ ത്രില്ലറായി എത്തിയ ഈ ചിത്രത്തിലെ ഏതാനും സീനുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പീക്ക് ലെവൽ പെർഫോമൻസാണിതെന്നും ഇനിയും സാൻഡിക്ക് ഇത്തരം വേഷങ്ങൾ നൽകണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അനുപമ പരമേശ്വരന്‍ നായികയായി എത്തിയ കിഷ്കിന്ദാപുരി ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. എന്തായാലും സിനിമാ അഭിനയത്തിൽ ചെറുതല്ലാത്ത മുന്നേറ്റം തന്നെ സൃഷ്ടിക്കാൻ മൂന്ന് സിനിമകളിലൂടെ സാൻഡി മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.