നടി പാർവതി തിരുവോത്ത് കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. ഗർഭധാരണത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ലെന്നും സുസ്മിത സെന്നാണ് തനിക്ക് പ്രചോദനമായതെന്നും പാർവതി പറഞ്ഞു.
കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. കുട്ടിക്കാലത്ത് അമ്മയാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും കുഞ്ഞിന് പേര് വരെ അന്ന് കണ്ടുപിടിച്ചിരുന്നെന്നും പറഞ്ഞ പാർവതി, ഇപ്പോൾ ഗർഭകാലത്തിലൂടെ കടന്നു പോകാൻ താല്പര്യമില്ലെന്ന് പറഞ്ഞു. അമ്മയാകാനാണ് താൻ ജനിച്ചതെന്ന് ഒരിക്കൽ തോന്നിയിരുന്നുവെന്നും എന്നാൽ ഭാഗ്യത്തിന് ആ ചിന്തയിൽ നിന്നും തിരിച്ചു വരാൻ സാധിച്ചെന്നും പാർവതി പറഞ്ഞു.
"എന്റെ കുഞ്ഞിന് ഞാനിട്ട പേര് ടാറ്റൂ ചെയ്തിട്ടുണ്ട്. ഏഴ് വയസുളളപ്പോൾ തന്നെ ദത്തെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിന് കാരണം സുസ്മിത സെൻ ആണ്. അവരുടെ അഭിമുഖം എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. അച്ഛനും അമ്മയും അന്നത് ഗൗരവമായി എടുത്തിരുന്നില്ല. എന്നാലിന്ന് ടാറ്റൂ ചെയ്തൊക്കെ കണ്ടപ്പോഴാണ് എന്റേത് സീരിയസ് ആയ തീരുമാനമാണെന്ന് അവർക്ക് മനസിലായത്", എന്ന് പാർവതി തിരുവോത്ത് പറയുന്നു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.
"ഒരുപക്ഷേ അമ്മയാകാൻ ഒരിക്കൽ ഞാൻ തയ്യാറായേക്കാം. പക്ഷേ ഇപ്പോൾ ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആളായി ഞാൻ എന്നെ കാണുന്നില്ല. ഞാൻ അണ്ഡം ശീരീകരിച്ചിട്ടില്ല. എന്റെ ശരീരത്തെ അതിലൂടെ കൊണ്ട് പോകാൻ ആഗ്രഹിക്കുന്നുമില്ല. എല്ലാവർക്കും അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. എന്റെ തീരുമാനങ്ങൾ പലതവണ മാറിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ അമ്മയാകണം എന്ന് മാത്രമായിരുന്നു ഞാൻ ആഗ്രഹിച്ചത്. ആ ചിന്തിയിൽ നിന്നും മാറാൻ സാധിച്ചതിന് ദൈവത്തിന് നന്ദി. ആ ചിന്തയുടെ ഒരംശം പോലും ഇന്നെനിക്കില്ല. പക്ഷേ കുഞ്ഞിനെ പരിപാലിക്കാനുള്ള, ലാളിക്കാനുള്ള സെൻസുണ്ട്. എന്റെ നായയിൽ നിന്നാണ് അതെനിക്ക് കിട്ടിയത്. ഭാവിയിൽ ഒരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ അതെന്റെ പങ്കാളിയുടെയും അംശങ്ങൾ വേണമെന്ന് തോന്നുന്ന നിമിഷത്തിൽ മാത്രമായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയെന്നാൽ അവരെ തീയിലേക്ക് എറിയുന്നത് പോലെയാണ്. അതിന് വേണ്ടി കൂടുതൽ കുട്ടികളെ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല", എന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.



