
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയാണ് മൃദുല മുരളി. വളരെ ചെറുപ്പത്തില്‍ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായെത്തിയ 'റെഡ് ചില്ലീസി'ലൂടെ അഭിനയരംഗത്തേക്ക് കടന്ന മൃദുല 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു.
താരം വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൃദുലയുടെ വിവാഹനിശ്ചയത്തിന്‍റെ ചിത്രം പങ്കുവെച്ച് ഗായികയും അടുത്ത സുഹൃത്തുമായ അമൃത സുരേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയാകുകയാണ്.
മൃദുലയുടേത് പ്രണയവിവാഹമാണെന്ന് സൂചന നല്‍കുകയാണ് അമൃത തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. 'ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍...എന്‍റെ അടുത്ത സുഹൃത്ത് മൃദുല മുരളിയും അവളുടെ പ്രണയവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഓര്‍മ്മകള്‍ സ്കൂള്‍ മുതല്‍ തുടങ്ങുകയല്ലേ. 14 വര്‍ഷമായിരിക്കുന്നു മൃദൂ...നിന്‍റെ ഈ ചിരി വളരെയധികം സന്തോഷം തരുന്നു. ദൈവത്തിന്‍റെ അനുഗഹം എല്ലായ്പ്പോഴും നിനക്കൊപ്പമുണ്ടാകട്ടെ, ലവ് യു' അമൃത ഫേസ്ബുക്കില്‍ കുറിച്ചു.
അമൃതയ്‌ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ചിത്രത്തിലുണ്ട്. സിനിമാ മേഖലയില്‍ നിന്ന് തന്നെയുള്ള നിഥിന്‍ മാലിനി വിജയ് ആണ് മൃദുലയുടെ വരന്‍.